Latest News

കാലാവധി തീരുംമുമ്പ് സര്‍ക്കാര്‍ നീതി നടപ്പാക്കിക്കാണിക്കണം: ഇ.ടി

ന്യൂഡല്‍ഹി: സംവരണവും പ്രത്യേക വികസന പദ്ധതികളും ഫലപ്രദമായി നടപ്പിലാക്കാത്തിടത്തോളം കാലം രാജ്യത്തെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ലഭിക്കില്ലെന്നും യു.പി.എ ഗവണ്‍മെന്റ് അതിന്റെ ഭരണ കാലഘട്ടം പൂര്‍ത്തിയാക്കുന്ന ഈ അവസരത്തിലെങ്കിലും സാമൂഹിക നീതി നടപ്പിലാക്കിയില്ലെങ്കില്‍ വലിയൊരു ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമായി വരുംകാലം അതിനെ വിലയിരുത്തുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബഷീര്‍. കുറ്റകൃത്യങ്ങള്‍ തടയാന്‍ വേണ്ടിയുള്ള നിയമം വമ്പിച്ച തോതില്‍ ദുരുപയോഗപ്പെടുത്തുന്ന പ്രവണത അടിക്കടി വര്‍ധിച്ചുവരികയാണ്.

തീവ്രവാദ കുറ്റം ചുമത്തി നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ ജയിലുകളില്‍ പാര്‍പ്പിക്കുന്നു. ഇതിലെ മനുഷ്യാവകാശ ലംഘനം നിസ്സാരവത്കരിക്കപ്പെടുന്നു. കേരളത്തിലെ മത പണ്ഡിതനായ അബ്ദുന്നാസര്‍ മഅ്ദനിയെ 9 കൊല്ലം തമിഴ്‌നാട്ടിലെ ജയിലില്‍ തീവ്രവാദ മുദ്രകുത്തി അടച്ചു. എല്ലാ കുറ്റത്തില്‍ നിന്നും ബഹുമാനപ്പെട്ട കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കി. ഇപ്പോള്‍ വീണ്ടും അദ്ദേഹത്തെ കര്‍ണാടക ജയിലില്‍ അടച്ചിരിക്കയാണ്. മഅ്ദനിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഒരു കണ്ണിന്റെ കാഴ്ചയാവട്ടെ വളരെ കുറച്ചേ ബാക്കിയുള്ളൂ. പലവിധ രോഗങ്ങള്‍ക്കും അദ്ദേഹം വിധേയനായിരിക്കുന്നു. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനുള്ള ജാമ്യഹരജിക്ക് എന്ത് സംഭവിച്ചുവെന്ന് ഞാനിവിടെ പ്രസംഗിക്കുന്ന ഈ സമയംവരെ ഒന്നുമറിവായിട്ടില്ല. നിയമ വിരുദ്ധമായ നീക്കങ്ങള്‍ തടയാനുള്ള നിയമമാണ് യു.എ.പി.എ നിയമം. ഇല്ലാത്ത കുറ്റം ചുമത്തി ആരേയും ജയിലിലടക്കാനുള്ള ഓപ്പണ്‍ ജനറല്‍ ലൈസന്‍സല്ല അത്- ബഷീര്‍ ചൂണ്ടിക്കാട്ടി.

ലോകത്തിന് തന്നെ മാതൃകയായ ദാരിദ്ര്യ നിര്‍മ്മാര്‍ജന പരിപാടിയാണ് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയെന്ന് ഇ.ടി പറഞ്ഞു. രണ്ട് രോഗം ഇതിനെ കാര്യമായി ഗ്രഹിച്ചിരിക്കുന്നു. ഒന്ന്, അഴിമതി. രണ്ട്, ഗ്രാമീണ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തുന്ന വിധത്തിലുള്ള സുസ്ഥിരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരും ശ്രദ്ധിക്കാത്ത അവസ്ഥ. ഗൗരവതരമായി ഗവണ്‍മെന്റ് തൊഴിലുറപ്പ് പദ്ധതിയെ പുന:സംവിധാനം ചെയ്തിട്ടില്ലെങ്കില്‍ അതൊരിക്കലും ലക്ഷ്യം കാണുകയില്ല തന്നെ.

മില്ലേനിയം ഡവലപ്‌മെന്റ് ഗോള്‍ സംബന്ധിച്ച രേഖയില്‍ ഒപ്പ് വച്ച രാജ്യമാണ് ഇന്ത്യ. ശിശു സംരക്ഷണം നമ്മുടെ മൗലിക പ്രധാനമായ കാര്യമാണ്. ഇന്ത്യയില്‍ 48 ശത. കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവിന്റെ ഫലമായി ദുരിതമനുഭവിക്കുകയാണെന്ന കാര്യം നമ്മള്‍ ഓര്‍ക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് അഭിമാനിക്കുമ്പോഴും ഇത്തരം അടിസ്ഥാന ആരോഗ്യ വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബഷീര്‍ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.