Latest News

റസിയാ ബീവിയും ചെല്ലമ്മ അന്തര്‍ജനവും തനിച്ചല്ല


ആലപ്പുഴ: റസിയാ ബീവിയും 13 വര്‍ഷങ്ങള്‍ക്കു മുമ്പ് അവര്‍ റെയില്‍വേ ട്രാക്കില്‍നിന്നു കൈപിടിച്ചുയര്‍ത്തിയ ചെല്ലമ്മ അന്തര്‍ജനവും ഇപ്പോള്‍ തനിച്ചല്ല. കേരളവും കടന്ന് രാജ്യത്തിന്റെയാകെ പിന്തുണ നേടുകയാണ് ഇവര്‍ തമ്മിലുള്ള അസാധാരണവും തീവ്രവുമായ ബന്ധത്തിന്റെ കഥ.
ബാബു തിരുവല്ലയ്ക്കു മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നേടിക്കൊടുത്ത തനിച്ചല്ല ഞാന്‍ എന്ന സിനിമയ്ക്കു പ്രചോദനമായ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളാണ് ഇരുവരും. തനിച്ചല്ല ഞാന്‍ എന്ന സിനിമ ഒരു സംഭവകഥയുടെ ചലച്ചിത്രാനുഭവമാണ്.
അമ്പലപ്പുഴയില്‍നിന്നുള്ള ഈ ജീവിതകഥ മതത്തിന്റെ വേലിക്കെട്ടുകള്‍ തകര്‍ത്ത സ്‌നേഹത്തിന്റെ കണ്ണിചേരലാണ്. കുടുംബത്തില്‍നിന്നു പുറത്താക്കപ്പെട്ട് റെയില്‍വേ ട്രാക്കില്‍ ജീവിതം അവസാനിപ്പിക്കാനായി എത്തിയപ്പോഴായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. മരണത്തെ മുന്നില്‍ക്കണ്ട ചെല്ലമ്മയെ റസിയ സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. സ്വന്തം ഉമ്മയെപ്പോലെ കഴിഞ്ഞ 13 വര്‍ഷങ്ങളായി റസിയ സംരക്ഷിക്കുന്നു.
ഇരുവരുടെയും കഥയറിഞ്ഞ ബാബു തിരുവല്ല തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ കഥാതന്തുവായി ഈ ആത്മബന്ധം പുനരാവിഷ്‌കരിക്കുകയായിരുന്നു. റസിയയായി കല്‍പ്പനയും അന്തര്‍ജനമായി കെ.പി.എ.സി ലളിതയുമാണ് വേഷമിട്ടത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ തിരക്കഥ ഒരുക്കിയതും സംവിധായകനാണ്.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന സിനിമയുടെ നിര്‍മാതാവായാണ് ബാബു മലയാളസിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സിനിമയെ താന്‍ ഒരിക്കലും ബിസിനസായി കണ്ടിട്ടില്ലെന്ന് ബാബു തിരുവല്ല പറയുന്നു. സിനിമയിടെ മൂല്യമാണു പ്രധാനം. അതുകൊണ്ട് സമൂഹത്തിന് എന്തു ഗുണമാണു ലഭിക്കുന്നതെന്നാണ് നാം ചര്‍ച്ച ചെയ്യേണ്ടത്.
വിദേശത്ത് സമ്പത്തിന്റെ പിന്നാലെ പോവുന്ന മക്കള്‍ക്ക് ബാധ്യതയായി മാറിയ രക്ഷിതാക്കളുടെ കഥയാണ് ഈ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചത്. രാജ്യത്തിന്റെ വളര്‍ച്ചയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന സാമുദായിക പ്രശ്‌നങ്ങളെയാണ് തനിച്ചല്ല ഞാന്‍ എന്ന സിനിമയിലൂടെ പറയാന്‍ ശ്രമിച്ചതെന്നു സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലെ ജൂറികള്‍ക്കു കാണാന്‍ കഴിയാതിരുന്ന ചലച്ചിത്രമൂല്യം ദേശീയജൂറികള്‍ക്ക് കണെ്ടത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ദേശീയ അവാര്‍ഡ് ലഭിച്ച ചലച്ചിത്രം ജനങ്ങളിലേക്ക് എത്തിക്കലാണ് അടുത്തലക്ഷ്യം. അതിനായി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നു ശ്രമങ്ങള്‍ ഉണ്ടാവണം. അടുത്തമാസം ചിത്രം പുറത്തിറക്കാനാണു ശ്രമിക്കുന്നത്.
തങ്ങളുടെ ജീവിതം വിഷയമാക്കിയ സിനിമ കാണാന്‍ അവസരം ലഭിച്ചതായി റസിയ പറഞ്ഞു. മതാപിതാക്കളെ ഒഴിവാക്കുന്നവര്‍ക്ക് ഈ സിനിമ മാനസാന്തരമുണ്ടാക്കുമെന്നും അവര്‍ പറയുന്നു.
(കടപ്പാട്: തേ­ജസ്)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.