Latest News

മാഗിഴിനിയുടെ 'സൊയ് സൊയ് ' യൂട്യൂബില്‍ സൂപ്പര്‍ ഹിറ്റ്

ചെന്നൈ: നാടന്‍പാട്ടുകാരി മാഗിഴിനി മിനിമാരന്റെ'സൊയ് സൊയ്' എന്ന തമിഴ്ഗാനം യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുന്നു. 'കുംകി' എന്ന തമിഴ്ചിത്രത്തിനു വേണ്ടി മാഗിഴിനി പാടിയ പാട്ട് ഇതിനകം യൂട്യൂബില്‍ രണ്ടു കോടിയിലേറെ ഹിറ്റുകള്‍ നേടിക്കഴിഞ്ഞു.
ചെങ്കല്‍പേട്ട് ജില്ലയില്‍ മലൈപുരം ഗ്രാമത്തില്‍ കര്‍ഷകകുടുംബാംഗമയ മാഗിഴിനിക്ക് 10ാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടിരുന്നു. നാടന്‍പാട്ടിലുള്ള താല്‍പ്പര്യമാണു മാഗിഴിനിയെ 'ബുദ്ധര്‍ കലൈ കുഴു' എന്ന നാടന്‍സംഗീതട്രൂപ്പിലെത്തിച്ചത്. തമിഴ്‌നാട്ടിലെ പ്രത്യേക കലാവിഭാഗമായ 'പറൈ മുട്ട്' നൃത്തത്തില്‍ പ്രാഗല്‍ഭ്യം തെളിയിച്ച സംഘമാണ് 'ബുദ്ധര്‍ കലൈ കുഴു'. ഇതിനു നേതൃത്വം നല്‍കുന്ന മണിമാരന്‍ പിന്നീട് മാഗിഴിനിയുടെ ജീവിതപങ്കാളിയായി. ആദ്യം പറൈമുട്ടുകാരിയായി രംഗത്തെത്തിയ മാഗിഴിനി പിന്നീടു ഗാനരംഗത്തേക്കും തിരിയുകയായിരുന്നു. സാധാരണ മരണാനന്തരചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പറൈമുട്ട് തങ്ങളൊരിക്കലും അതിനുപയോഗിക്കില്ലെന്ന് മാഗിഴിനി പറയുന്നു. ''ഇത് സാവുക്കാനപറൈ അല്ലൈ, വിടുതലൈക്കാനപറൈ''(ഈ പറൈ മുട്ട് ശവസംസ്‌കാര ചടങ്ങിനുള്ളതല്ല, മറിച്ചു വിമോചനത്തിനുള്ളതാണ്) എന്നാണ് മാഗിഴിനിയുടെ അഭിപ്രായം.
ജനനം, തിരണ്ടുകല്യാണം, വിവാഹനിശ്ചയം, വിവാഹം, മരണം എന്നിവയോടനുബന്ധിച്ചു നടത്താറുള്ള പറൈനൃത്തം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടതായും അതിന്റെ തിരിച്ചുവരവാണു 'ബുദ്ധര്‍കലൈ കുഴു' ലക്ഷ്യമിടുന്നതെന്നും മാഗിഴിനിയും മണിമാരനും വ്യക്തമാക്കി.
25 വര്‍ഷമായി കലാരംഗത്തുള്ള മാഗിഴിനി, പറൈആട്ടം എന്നതൊരു പ്രത്യേക ജാതിക്കു സംവരണം ചെയ്ത കലയാണെന്ന ചിന്ത മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ്. ദലിത്‌സാംസ്‌കാരിക ആഘോഷങ്ങളില്‍ സ്ഥിരസാന്നിധ്യമായ മാഗിഴിനിയും സംഘവും ഈയിടെ മൈലാപൂരിലും ചെന്നൈയിലും ചില ബ്രാഹ്മണകല്യാണങ്ങളിലും കലാപരിപാടി അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.
പൊതുവെ അന്തര്‍മുഖിയായ മാഗിഴിനി ഒരിക്കലും സിനിമാ രംഗത്തെത്തുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. യുവ സംഗീതസംവിധായകനായ ഡി ഇമ്മാനാണ് മാഗിഴിനിക്കു പ്രചോദനം നല്‍കിയത്. തമിഴ് മാഗസിന്‍ ആനന്ദ വികടന്‍ 2012ലെ ഏറ്റവും നല്ല ഗായികയായി മാഗിഴിനിയെ തിരഞ്ഞെടുത്തിരുന്നു. മറ്റെല്ലാ ഗായകരെയും പോലെ ഇളയരാജയുടെയും എ ആര്‍ റഹ്മാന്റെയും സംഗീതത്തില്‍ പാട്ടുപാടാനുള്ള ആഗ്രഹത്തിലാണ് മാഗിഴിനി­യും.
thejasnews

MalabarFlash

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.