Latest News

ഫസല്‍ കൊലക്കേസ്: തുടരന്വേഷണം സിബിഐ അവസാനിപ്പിച്ചു

കൊച്ചി: ഫസല്‍ വധക്കേസിലെ തുടരന്വേഷണം അവസാനിപ്പിച്ചുകൊണ്ട് പ്രത്യേക കോടതിയില്‍ സിബിഐ ബുധനാഴ്ച റിപ്പോര്‍ട്ട് നല്‍കി. കൊലക്കേസില്‍ എട്ടുപേര്‍ക്ക് എതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്. രണ്ടുപേര്‍ കൂടി പ്രതികളാണെന്ന് സിബിഐക്ക് സംശയമുണ്ടായിരുന്നു. എന്നാല്‍ പലരേയും ചോദ്യം ചെയ്തിട്ടും അവശേഷിക്കുന്ന രണ്ട് പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണം അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ സിബിഐ പറയുന്നത്. എട്ട് പ്രതികള്‍ക്ക് എതിരായ വിചാരണ മാത്രമേ പ്രത്യേക കോടതിയില്‍ നടക്കുകയുള്ളൂ.
2006 ഒക്ടോബറിലാണ് തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ കൂറുമാറി എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് പ്രതികളുടെ വ്യക്തിവൈരാഗ്യത്തിന് കാരണം. അന്വേഷണത്തില്‍ സംസ്ഥാന പോലീസ് വീഴ്ചവരുത്തിയെന്ന ആരോപണം ഉണ്ടായതിനാലാണ് കേസ് സിബിഐക്ക് ഹൈക്കോടതി കൈമാറിയത്.
സിപിഎം പ്രാദേശിക നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി എന്നിവര്‍ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് എതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്.
കുറ്റപത്രം നല്‍കിയ അവസരത്തിലാണ് രണ്ട് പ്രതികളെ കൂടി പിടികിട്ടാനുണ്ടെന്ന് കോടതിയെ സിബിഐ അറിയിച്ചത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഒരു ബൈക്ക് കൂടി കണ്ടെത്താനുണ്ടെന്നും സിബിഐ പറഞ്ഞിരുന്നു. എന്നാല്‍ ബൈക്ക് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.