Latest News

സൗദി ആശുപത്രിയില്‍ മലയാളി രണ്ടുമാസമായി അബോധാവസ്ഥയില്‍

Radakrishnan-Malabarflash
റിയാദ്: ജീവിതമാര്‍ഗം തേടി സൗദിയിലേക്ക് പറന്ന മലയാളി വിമാനമിറങ്ങിയതിന്‍െറ പിറ്റേദിവസം ആശുപത്രിയിലായി. രക്തസമര്‍ദ്ദം ഉയര്‍ന്ന് കുഴഞ്ഞുവീണ കൊല്ലം കൊട്ടാരക്കര വെട്ടിക്കവല മുകുളവിള വീട്ടില്‍ ജി. രാധാകൃഷ്ണനാണ് റിയാദ് ശുമൈസി കിങ് സുഊദ് ആശുപത്രിയില്‍ രണ്ട് മാസമായി അബോധാവസ്ഥയില്‍ കഴിയുന്നത്. നാട്ടില്‍ കൊണ്ടുപോകാന്‍ മലയാളി സാമൂഹിക പ്രവര്‍ത്തകര്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്തില്‍ ഒപ്പം പോകാന്‍ നഴ്സിന്‍െറ സഹായം തേടുകയാണ്.
ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തിന്‍െറ പ്രാരാബ്ദത്തിന് പരിഹാരം കാണാന്‍ വീടും അഞ്ച് സെന്‍റ് സ്ഥലവും പണയപ്പെടുത്തി ഒന്നേകാല്‍ ലക്ഷം രൂപ ചെലവഴിച്ച് തരപ്പെടുത്തിയ വിസയിലാണ് റിയാദിലെത്തിയത്. രക്തസമര്‍ദ്ദം അനിയന്ത്രിതമായി കൂടുകയായിരുന്നു. രണ്ടാഴ്ചയോളം ഡോക്ടര്‍മാര്‍ പരിശ്രമിച്ചിട്ടും രക്തസമര്‍ദ്ദം കുറയ്ക്കാനായില്ല. ഒടുവില്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. ജോലിയില്‍ ചേരുന്നതിന് മുമ്പുതന്നെ അസുഖബാധിതനായതിനാല്‍ സഹായങ്ങളൊന്നും ചെയ്യാന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്പോണ്‍സര്‍. ബന്ധുക്കളോ നാട്ടുകാരോ ആയിട്ടുള്ള ആരും സഹായിക്കാനില്ലാത്ത പശ്ചാത്തലത്തില്‍ നവോദയ റിയാദ് പ്രവര്‍ത്തകര്‍ സഹായിക്കാന്‍ രംഗത്തെത്തുകയായിരുന്നു. നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയെ സമീപിക്കുകയും യാത്രാചെലവ് വഹിക്കാമെന്ന് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
ഓക്സിജന്‍ സിലിണ്ടറും അനുബന്ധ സൗകര്യങ്ങളും ഒരുക്കി സ്ട്രെച്ചറില്‍ പൂര്‍ണ സജ്ജീകരണത്തോടെ വേണം വിമാനത്തില്‍ കൊണ്ടുപോകാനാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. അതിനുവേണ്ടി വരുന്ന ചെലവുകള്‍ക്കുള്ള സഹായം സുമനസുകളില്‍നിന്ന് സമാഹരിക്കാനുള്ള ശ്രമത്തിലാണ് നവോദയ ജീവകാരുണ്യ വിഭാഗം. തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെ പരിചരണം നല്‍കി ഒപ്പം പോകാനാണ് നഴ്സിന്‍െറ സഹായം വേണ്ടത്. വരും ദിവസങ്ങളില്‍ തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാന്‍ തയാറെടുക്കുന്ന നഴ്സുമാരുണ്ടെങ്കില്‍ നവോദയ ജീവകാരുണ്യ കമ്മിറ്റി കണ്‍വീനര്‍ ബാബുജി (0503433781), ചെയര്‍മാന്‍ ഫിറോസ് (0503111315) എന്നിവരെ ബന്ധപ്പെടണമെന്ന് നവോദയ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു. നാട്ടില്‍ പോയ ശേഷമുള്ള തുടര്‍ചികിത്സക്കുള്ള സഹായവും തേടുകയാണ് കുടുംബം.
(Madhyamam)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.