Latest News

അനാശാസ്യം: സൗദിയില്‍ മലയാളിക്കു വധശിക്ഷ; നാട്ടുകാര്‍ മന്ത്രി അഹമ്മദിനെ കണ്ടു

ജിദ്ദ: സൗദിയില്‍ അനാശാസ്യത്തിനു പിടിയിലായി വധശിക്ഷക്കു വിധിക്കപ്പെട്ട പാലക്കാട് പട്ടാമ്പി സ്വദേശിയുടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിനെ കണ്ടു. വിഷയം പഠിച്ചു വേണ്ടതു ചെയ്യാന്‍ അദ്ദേഹം കോണ്‍സല്‍ ജനറല്‍ ഫൈസ് അഹ്മദ് കിദ്വായിയോടും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
ജിദ്ദ ശാര സിത്തീനിലെ ഫ്ളാറ്റില്‍ വെച്ച് ഇന്തോനേഷ്യന്‍ യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ മതകാര്യവിഭാഗം മുത്വവ്വയുടെ പിടിയിലായ മൂന്നു പേരിലൊരാളായ പട്ടാമ്പിയിലെ സൈതലവിക്കാണ് ജിദ്ദ പബ്ളിക് കോടതി വധശിക്ഷ വിധിച്ചത്. കേസില്‍ പിടിയിലായ മലപ്പുറം തിരൂരങ്ങാടി സ്വദേശി, പാക് പൗരന്‍ ജാവിദ് അഖ്തര്‍, ഇന്തോനേഷ്യന്‍ യുവതി എന്നിവര്‍ക്ക് തടവും അടിയും കോടതി വിധിച്ചു. തിരൂരങ്ങാടി സ്വദേശിയുടെ പ്രേരണക്കു വഴങ്ങി ജിദ്ദയിലെ ഫ്ളാറ്റിലെത്തിയ യുവാക്കളെയും യുവതിയെയും അനാശാസ്യത്തിനിടെ സാക്ഷിസഹിതം പിടികൂടുകയായിരുന്നു. കുറ്റകൃത്യത്തിലേര്‍പ്പെട്ട വിവാഹിതനായതിനാലാണ് പട്ടാമ്പി സ്വദേശിക്ക് വധശിക്ഷ വിധിച്ചതെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
എന്നാല്‍ തനിക്ക് തടവുശിക്ഷ വിധിച്ചതായി സൈതലവി അറിയിച്ചതിനെ തുടര്‍ന്ന് ജിദ്ദയിലുണ്ടായിരുന്ന അനുജന്‍ കഴിഞ്ഞ മാസം അവധിക്കു നാട്ടില്‍ പോയിരുന്നു.
അതിനിടെയാണ് രണ്ടാഴ്ച മുമ്പ് വധശിക്ഷാ വിധിയുടെ പകര്‍പ്പ് പ്രതിക്ക് കോടതി കൈമാറിയത്. വിധിപ്പകര്‍പ്പ് പ്രതി കൈപ്പറ്റി മുപ്പതു നാളിനകം ശിക്ഷ നടപ്പാക്കണമെന്നാണ് കോടതി ചട്ടം.
നാട്ടിലെ ദരിദ്രകുടുംബാംഗവും പതിനൊന്നും എട്ടും വയസ്സു പ്രായമുള്ള മക്കളുടെ പിതാവുമായ യുവാവിനെ ശിക്ഷയില്‍ നിന്നൊഴിവാക്കി കിട്ടാന്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ മന്ത്രിയെ സമീപിച്ചത്. പൊതുവെ ശാന്തനും ജിദ്ദയില്‍ ചുമടിറക്കല്‍ ജോലിയടക്കം ചെയ്തിരുന്നയാളുമായിരുന്ന യുവാവ് പെണ്‍വാണിഭക്കാരുടെ കൈകളില്‍ അബദ്ധവശാല്‍ പെട്ടുപോയതാണെന്ന് അവര്‍ പറയുന്നു.
വ്യഭിചാരത്തിനു കര്‍ശനമായ ശിക്ഷാവിധിയാണ് സൗദിയിലുള്ളതെന്നിരിക്കെ യുവാവിന് ഈ ഗതി വന്നുപെട്ടതില്‍ സഹതപിക്കുകയാണെല്ലാവരും. നാട്ടില്‍ നിന്നു രാഷ്ട്രീയ, ഭരണനേതൃത്വത്തിന്‍െറ ഇടപെടലും സമ്മര്‍ദവുമുണ്ടായാല്‍ വല്ല ഇളവും ലഭിക്കുമോ എന്ന് ഉറ്റുനോക്കുകയാണവര്‍.
(Mdhyamam)



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.