Latest News

മുസ്‌ലിം യുവജനങ്ങള്‍ക്കുളള പരിശീലന കേന്ദ്രം ഉദ്ഘാടനം ചെ­യ്തു

കാസര്‍കോട് : സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുസ്ലീം യുവജനങ്ങള്‍ക്കായി ആരംഭിച്ച സൗജന്യ പരിശീലന കേന്ദ്രം ചെര്‍ക്കള ബസ്റ്റാന്റ് ടെര്‍മിനല്‍ കെട്ടിടത്തില്‍ ന്യൂനപക്ഷ ക്ഷേമ-നഗരവികസന വകുപ്പ് മന്ത്രി മഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷക്കാരെ വിദ്യാഭ്യാസ പരമായി ഉയര്‍ത്തിക്കൊണ്ട് വന്നാല്‍ മാത്രമേ ഈ വിഭാഗത്തിന്റെ വികസനം സാധ്യമാവുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും,യുവാക്കള്‍ക്കുമായി നടത്തുന്ന കോച്ചിംഗ് സെന്ററുകളില്‍ കൂടുതല്‍ പേരെ എത്തിക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളും രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ന്യൂനപക്ഷ വിഭാഗക്കാര്‍ക്കായുളള പ്രത്യേക കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുമെന്നു മന്ത്രി വ്യക്തമാക്കി. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനത്തിനായി 100 കോടി രൂപാ അനുവദിച്ചിട്ടുണ്ടെന്നും ഇതില്‍ 85 ശതമാനം തുകയം കേന്ദ്രത്തിന്റെതാണ്.് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ വായ്പയും സബ്‌സിഡിയും കോര്‍പ്പറേഷനില്‍ നിന്നും അനുവദിക്കും.ന്യൂനപക്ഷക്കാര്‍ 47 ശതമാനത്തോളം വരുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ കമ്മീഷന്‍ രൂപീകരിക്കാന്‍ നടപടികളായതായി മന്ത്രി അറിയിച്ചു. മദ്രസ അധ്യാപര്‍ക്കുളള ക്ഷേമ പദ്ധതിയില്‍ കൂടുതല്‍ പേര്‍ ചേരണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.സംസ്ഥാനത്തെ 1.30 ലക്ഷം മദ്രസ അധ്യാപകരില്‍ ഇതുവരെ പതിനായിരം പേര്‍ മാത്രമാണ് ക്ഷേമനിധി അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുളളത്.
കേന്ദ്ര സര്‍ക്കാര്‍ പുതിയ ബജറ്റില്‍ ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പും,മറ്റു ആനുകൂല്യങ്ങള്‍ക്കുമായി 3500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ശതമാനം അധികമാണെന്നും മന്ത്രി പറഞ്ഞു.വിവാഹമോചനം നടത്തിയ മുസ്ലീം സ്ത്രീകള്‍,വിധവകളായവര്‍ എന്നിവര്‍ക്ക് വീട് നിര്‍മ്മിക്കാനായി 2 ലക്ഷം രൂപ നല്‍കുന്ന പദ്ധതി നടപ്പാക്കും. ഈ പദ്ധതികള്‍ക്കായി 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
പരിശീലന കേന്ദ്രം ഉദ്ഘാടനത്തിന്റെ ഭാഗമായി ചെര്‍ക്കള ടൗണ്ടില്‍ നടന്ന പൊതു യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുളള മുഖ്യ പ്രഭാഷണം നടത്തി. മുന്‍ മന്ത്രി സി.ടി.അഹമ്മദാലി, നഗരസഭാ ചെര്‍മാന്‍ ടി.ഇ അബ്ദുളള, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായി അഡ്വ.മുംതാസ് ഷുക്കൂര്‍, മുംതാസ് സമീറ ,ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചായിന്റടി,രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ അഡ്വ.സി.കെ.ശ്രീധരന്‍, എം.സി കമറുദ്ദീന്‍, എ.അബ്ദുള്‍ റഹിമാന്‍, അസീസ് കടപ്പുറം,സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കോര്‍ട്ട് മെമ്പര്‍ എന്‍.എ അബൂബക്കര്‍,ന്യൂനപക്ഷ ക്ഷേമ സമിതി ചെയര്‍മാന്‍ മെട്രോ മുഹമ്മദ് ഹാജി,മൂസാ ബി ചെര്‍ക്കള, സി.ബി,അബ്ദുളള ഹാജി, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.പി.നസീര്‍ സ്വാഗതവും, പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ഫ്രൊ.പി.എന്‍ മഹമ്മൂരദ് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.