Latest News

ഭൂമിതാഴല്‍ പ്രതിഭാസം: അമേരിക്കക്കാര്‍ ആശങ്കയില്‍

വാഷിങ്ടണ്‍: പൊടുന്നനെ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം അമേരിക്കക്കാരെ ആശങ്കയിലാഴ്ത്തി കൂടുതല്‍ സ്ഥലങ്ങളിലേക്കു വ്യാപിക്കുന്നു. ഫ്‌ളോറിഡയിലെ താംബയില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ഭൂമി നെടുകെ പിളര്‍ന്ന് കിടപ്പുമുറി സഹിതം ഗര്‍ത്തത്തിലേക്ക് ആണ്ടുപോയ ജെഫ് ബുഷ് എന്ന 37കാരന്‍ മരിച്ചതോടെയാണു സംഭവം യു.എസ് പോലിസ് ഗൗരവമായി എടുത്തത്.
അസാധാരണമായ ശബ്ദം കേട്ട് സഹോദരന്‍ ജെറിമി ഓടിയെത്തിയപ്പോഴേക്കും ജെഫ് കിടന്ന മുറിയുടെ സ്ഥാനത്ത് 50-60 അടി വരുന്ന ഗര്‍ത്തമാണു കണ്ടത്. ഉടന്‍ ജെഫിനെ രക്ഷിക്കാന്‍ ജെറിമി കുഴിയിലേക്കു ചാടിയെങ്കിലും സാധിച്ചില്ല. അറ്റ്‌ലാന്റ, ലോസ് ആഞ്ചലസ്, വിര്‍ജീനിയ എന്നിവിടങ്ങളിലും ഇത്തരം പ്രതിഭാസങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.
ഭൗമോപരിതലത്തിന്റെ തൊട്ടുതാഴെയുണ്ടാവുന്ന ബലക്ഷയവും ഇതുകൊണ്ട് ഉണ്ടാവുന്ന ആവൃത്തിയിലെ അന്തരവും സ്ഥലത്തെ കാലാവസ്ഥാമാറ്റങ്ങളുമാണ് ഇത്തരം പ്രതിഭാസത്തിന് ഇടയാക്കുന്നതെന്നാണു വിദഗ്ധര്‍ പറയുന്നത്.
ഫ്‌ളോറിഡയിലാണ് കൂടുതലും ഇത്തരം പ്രതിഭാസങ്ങള്‍ അനുഭവപ്പെട്ടത്. വീടിന്റെ ഉള്ളിലും നടുറോഡിടും മൈതാനിയിലും വരെ മൂന്നടി മുതല്‍ രണ്ടായിരം അടി വരെ വിസ്താരത്തില്‍ അപകടകരമായ വിധത്തിലാണ് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.
ഫ്‌ളോറിഡയുടെ ഭൗമശാസ്ത്രപരമായ കിടപ്പുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ അടിത്തറയില്‍ നിര്‍മിച്ച കെട്ടിടം പോലും ഗര്‍ത്തത്തിലേക്ക് താഴ്ന്നുപോയതാണ് അമേരിക്കക്കാരെ കൂടുതല്‍ ആശങ്കാകുലരാക്കുന്നത്. ജനനിബിഡമായ പ്രദേശങ്ങളില്‍ സംഭവിക്കാത്തതുമൂലമാണ് ആളപായം കുറഞ്ഞതെന്നാണ് അധികൃതര്‍ പറയുന്നത്.
കാലാവസ്ഥാവ്യത്യാസങ്ങള്‍, വികസനം, നിര്‍മാണങ്ങള്‍ക്കുവേണ്ടി ഭൂമിയുടെ ഘടനയെ മാറ്റിമറിക്കല്‍ എന്നിവയാണ് ഈ പ്രതിഭാസത്തിന് ഇടയാക്കുന്നതെന്നാണു റിപോര്‍ട്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.