പാലക്കാട്: രാഷ്ട്രം പത്മഭൂഷണ്‍ നല്കി ആദരിച്ച ആദ്യ കഥകളികലാകാരനും കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ കുലപതിയുമായ കലാമണ്ഡലം രാമന്‍കുട്ടിനായര്‍ (87) അന്തരിച്ചു. തിങ്കളാഴ്ച വൈകുന്നേരം വെള്ളിനേഴി ഞാളാകുറുശ്ശിയിലെ 'തെങ്ങിന്‍തോട്ടത്തില്‍' വീട്ടിലായിരുന്നു അന്ത്യം. അസുഖബാധിതനായി കിടപ്പിലായിരുന്നു. ശവസംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പില്‍ നടക്കും.
അരനൂറ്റാണ്ടിലേറെക്കാലം കളിയരങ്ങിലെ പച്ച, കത്തി, വെള്ളത്താടി വേഷങ്ങളിലെ ആഹാര്യശോഭയായിരുന്നു രാമന്‍കുട്ടിനായര്‍. രാജ്യത്തിനകത്തും പുറത്തും കഥകളിയാസ്വാദകഹൃദയങ്ങളില് അദ്ദേഹം ഭാവപൂര്‍ണിമയായി. കഥകളികലാകാരന്, കളിയാശാന്, കലാമണ്ഡലം പ്രിന്‍സിപ്പല്‍ തുടങ്ങി വ്യത്യസ്തമേഖലകളില്‍ അദ്ദേഹം പാദമുദ്ര പതിപ്പിച്ചു.
പച്ചവേഷങ്ങളില്‍ 'കിര്‍മീരവധ'ത്തിലെ ധര്‍മപുത്രര്‍, 'കാലകേയവധ'ത്തിലെ അര്ജുനന്, കത്തിവേഷങ്ങളില്‍ 'ഉത്ഭവ'ത്തിലെ രാവണന്, 'ബാലിവിജയ'ത്തിലെ രാവണന്, ചെറിയ നരകാസുരന്, ശിശുപാലന്, ദുര്യോധനന്, കീചകന്, വെള്ളത്താടിയില്‍ ഹനുമാന്, കറുത്ത താടിയില്‍ 'കിരാത'ത്തിലെ കാട്ടാളന് തുടങ്ങിയ വേഷങ്ങളിലെ അവസാനവാക്കായിരുന്നു രാമന്‍കുട്ടിനായര്‍.
1925 മെയ് 25 നാണ് ജനനം. ഓപ്പത്ത് നാരായണന്‍നായരുടെയും തെങ്ങിന്‍തോട്ടത്തില്‍ കുഞ്ഞിമാളു അമ്മയുടെയും മകന്. കഥകളിയുമായി ഇഴുകിച്ചേര്‍ന്ന ബാല്യം പില്ക്കാലത്തെ മഹാനടനെ വാര്‍ത്തെടുത്തു. ചെറുപ്പത്തിലേ അച്ഛന് മരിച്ചു. അമ്മയുടെ തണലിലാണ് വളര്‍ന്നത്.
പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം ഒളപ്പമണ്ണ മനയിലെ പട്ടിക്കാംതൊടി രാവുണ്ണിമേനോന്റെ കീഴില്‍ കഥകളിയഭ്യസനം തുടങ്ങി. 13-ാം വയസ്സില്‍ കലാമണ്ഡലത്തില്‍ വിദ്യാര്‍ഥിയായി. 11 വര്‍ഷം ചൊല്ലിയാടി. കലാമണ്ഡലത്തില്‍ അധ്യാപകന്, വൈസ് പ്രിന്‍സിപ്പല്‍, പ്രിന്‍സിപ്പല്‍ തുടങ്ങിയ തസ്തികകളിലായി 50 വര്‍ഷത്തെ സേവനമനുഷ്ഠിച്ചു. 1985 ല്‍ വിരമിച്ചു. തുടര്‍ന്ന് കലാമണ്ഡലത്തില്‍ എക്സിക്യുട്ടീവ് ബോര്‍ഡംഗം, വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമായി പതിനായിരക്കണക്കിന് അരങ്ങുകളില്‍ നിറഞ്ഞുനിന്നു. മുപ്പതിലേറെ തവണ വിദേശപര്യടനം നടത്തി. കളിയരങ്ങില്‍ ഇന്നുള്ള മിക്ക പ്രശസ്തരുടെയും ഗുരുനാഥനാണ്.
2007-ലാണ് പത്മഭൂഷണ്‍ പുരസ്കാരം ഇദ്ദേഹത്തെ തേടിയെത്തുന്നത്. 2000 ല്‍ ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ പ്രഥമ കഥകളിപുരസ്കാരവും ലഭിച്ചു.
കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ് (1974), കലാമണ്ഡലം സ്പെഷല്‍ അവാര്‍ഡ് (1984), കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (1987), മധ്യപ്രദേശിലെ കാളിദാസ സമ്മാന്‍ (1994), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നര്‍ത്തകചക്രവര്‍ത്തി അവാര്‍ഡ് (2003), കലാരത്നം അവാര്‍ഡ് (2003), മുംബൈ ശ്രീ ഗുരുവായൂരപ്പന് പുരസ്കാരം (2004), കേന്ദ്ര സംഗീതനാടക അക്കാദമി രത്ന അവാര്‍ഡ് (2004) തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി.
ഭാര്യ: സരസ്വതിയമ്മ. മക്കള്‍: നാരായണന്‍കുട്ടി (ഏഷ്യാനെറ്റ്), അപ്പുക്കുട്ടന് (കടമ്പഴിപ്പുറം ഹൈസ്കൂള്‍), വിജയലക്ഷ്മി. മരുമക്കള്‍: പത്മജ (എല്‍.ഐ.സി. ഒറ്റപ്പാലം), സുധ (കുമരംപുത്തൂര്‍ സ്കൂള്‍), രാമചന്ദ്രന് (ചെന്നൈ). 'തിരനോട്ടം' എന്ന പേരില്‍ ആത്മകഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൂരി സ്വദേശി ഇംതീയാസ്(35) ആണ് മരിച്...
-
ബദിയടുക്ക : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി ബദിയടുക്കയില്‍ ആരംഭിക്കുന്ന കണ്ണിയത്ത് ഉസ്താദ് ഇസ്ലാമിക്ക് അക്കാദമിയി...
-
ഉദുമ: ജീവകാരുണ്യ വിദ്യാഭ്യാസോന്നമന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വികെയര്‍ മീത്തല്‍ മാങ്ങാട് എല്ലാം വര്‍ഷവും നടപ്പിലാക്കുന്ന 'കൈതാ...
-
പള്ളത്തൂർ : നാളേക്കൊരു തണൽ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പള്ളത്തൂർ യൂണിറ്റ് മരത്തൈ നട്ട് പരിസ്ഥിതി വാരാചാരം ആചരിച്ചു. [www.malabarfla...
No comments:
Post a Comment