Latest News

മഅദനി മാതാപിതാക്കളെ സന്ദര്‍ശിച്ചു; പ്രാര്‍ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

ശാസ്താംകോട്ട: ഇടക്കാല ജാമ്യം ലഭിച്ച പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനി വന്‍ സുരക്ഷയ്ക്കു നടുവില്‍ മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് അന്‍വാര്‍ശ്ശേരിയില്‍ എത്തിയത്.
രാവിലെ 10.30 ന് എത്തുമെന്നറിയിച്ചിരുന്നെങ്കിലും ആരോഗ്യനില വഷളായതിനാല്‍ യാത്ര വൈകി. 11.30 ഓടെ രോഗബാധിതരായ പിതാവ് അബ്ദുല്‍സമദ് മാസ്റ്ററും മാതാവ് അസുമാബീവിയും മകനെ കാണാന്‍ അന്‍വാര്‍ശ്ശേരിയില്‍ എത്തി. മെഡിക്കല്‍സംഘത്തോടൊപ്പമാണ് മഅദനി എത്തിയത്.
പി.ഡി.പി നേതാക്കളായ പൂന്തുറ സിറാജ്, വര്‍ക്കല രാജ്, മൈലക്കാട് ഷാ എന്നിവര്‍ മഅ്ദനിയോടൊപ്പമുണ്ടായിരുന്നു. അന്‍വാര്‍ശ്ശേരിയിലെ സ്വന്തം മുറിയില്‍ മാതാപിതാക്കളും അടുത്ത ബന്ധുക്കളുമായി അദ്ദേഹം സംസാരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളും മതപണ്ഡിതന്‍മാരും മഅദനിയുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് ജുമാമസ്ജിദില്‍ ളുഹര്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കിയ മഅദനി 2.30 വരെ അവിടെ തുടര്‍ന്നു.
പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയ മഅദനിയുടെ കണ്ഠം നിരവധി തവണ ഇടറി. ചില അവസരങ്ങളില്‍ നിയന്ത്രണംവിട്ടു കരയുകയും ചെയ്തു. താന്‍ കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കൂ. ഞാന്‍ നിരപരാധിയാണ്.
രാജ്യദ്രോഹത്തിന്റെ മുദ്ര ചാര്‍ത്തുകയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയുമാണ്. പിറന്ന മണ്ണിനെ സ്‌നേഹിക്കുന്നവരാണു ഞങ്ങള്‍. നീതിക്കുവേണടി മരിക്കാനും തയ്യാറാണ്- പ്രാര്‍ഥനയില്‍ മഅദനി പറഞ്ഞു.
നമസ്‌കാരത്തിനുശേഷം അവിടെ കൂടിയിരുന്നവരുമായി സൗഹൃദം പങ്കുവച്ചു. ഇതിനിടെ മാതാപിതാക്കളോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചു.
3.40 ഓടെ അസീസിയ മെഡിക്കല്‍ കോളജിലേക്കു യാത്രയായി. മഅദനി ചൊവ്വാഴ്ച അസീസിയ ആശുപത്രിയില്‍ തുടരും. ബുധനാഴ്ചയായിരിക്കും ബാംഗ്ലൂരിലേക്കു തിരിച്ചുപോവുകയെന്നു പി.ഡി.പി നേതൃത്വം വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.