Latest News

സ്വത്തു തര്‍ക്കത്തെത്തുടര്‍ന്ന് അച്ഛന്റെ കുത്തേററ് മകന്‍ മരിച്ചു

കണ്ണൂര്‍: സ്വത്തു തര്‍ക്കത്തെത്തുടര്‍ന്നു പിതാവും മകനും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ മകന്‍ കുത്തേറ്റു മരിച്ചു. കുടിയാന്മലയ്ക്കടുത്ത് കൊക്കമുള്ളിലെ നമ്പുടാകത്ത് സണ്ണി (52) ആണു മരിച്ചത്.
സംഭവത്തെത്തുടര്‍ന്നു പിതാവ് പാപ്പച്ചനെ (80) കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. ഇടതുനെഞ്ചില്‍ കുത്തേറ്റു കിടപ്പുമുറിയില്‍ വീണ സണ്ണിയെ ഉടന്‍തന്നെ നാട്ടുകാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സണ്ണിയും ഭാര്യയും മൂന്നു മക്കളും മാതാപിതാക്കള്‍ക്കൊപ്പം തറവാട്ടു വീട്ടിലായിരുന്നു താമസം. സംഭവം നടക്കുമ്പോള്‍ പാപ്പച്ചന്റെ ഭാര്യ ത്രേസ്യാമ്മയും സണ്ണിയുടെ ഭാര്യയും ഒരു സഹോദരിയും വീട്ടിലുണ്ടായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് വീടിനു പിറകിലുള്ള തോട്ടിന്‍കരയില്‍നിന്നാണു പാപ്പച്ചനെ കസ്റ്റഡിയിലെടുത്തത്. മകന്‍ തന്റെ കഴുത്തില്‍ തോര്‍ത്തു മുറുക്കി അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പ്രാണരക്ഷാര്‍ഥം കത്തികൊണ്ടു കുത്തുകയായിരുന്നുവെന്നാണു പാപ്പച്ചന്‍ പോലീസില്‍ മൊഴി നല്കിയത്.
ഏറെ നാളുകളായി പിതാവും മകനും തമ്മില്‍ സ്വത്തിനെച്ചൊല്ലി കലഹം പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു. തനിക്കു ചെലവിനു തരുന്നില്ലെന്നു പറഞ്ഞു പാപ്പച്ചന്‍ സണ്ണിക്കെതിരേ കളക്ടര്‍ക്കു പരാതി നല്കിയതിനെ ത്തുടര്‍ന്നു വില്ലേജ് ഓഫീസില്‍നിന്നു ജീവനക്കാരെത്തി ശനിയാഴ്ച സണ്ണിക്കു സമന്‍സ് നല്കിയിരുന്നു. ഇതേത്തുടര്‍ന്നാ ണു വാക്കേറ്റമുണ്ടായതെന്നു പറയുന്നു.
ആലക്കോട് സിഐ പ്രദീപ് കുമാര്‍ വീട്ടിലെത്തി തെളിവെടുപ്പു നടത്തി. കൊലയ്ക്കുപയോഗിച്ച കത്തി കണ്ടെത്താനായില്ല. സണ്ണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വൈകുന്നേരം 4.30ന് കുടിയാന്മല ഫാത്തിമമാതാ പള്ളിയില്‍ സംസ്‌കരിക്കും.
ഭാര്യ: ലിസി. മക്കള്‍: നീനു, അമൃത, അലീന (മൂവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: സിസ്റ്റര്‍ ആലീസ് (സൗത്ത് ആഫ്രിക്ക), ജെസി, മിനി, സിനി, സുനിത, സാബു, ജയിംസ് (അബുദാ­ബി).


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.