Latest News

കണ്ണൂര്‍ വിമാനത്താവളം പ്രീ ക്വാളിഫിക്കേഷന് ഇരുപതിലധികം കമ്പനികള്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ അന്തിമാനുമതി ഉടന്‍ ലഭിക്കും. ഇതുമായി ബന്ധപ്പെട്ടുള്ള അവസാനവട്ടവാദം കേള്‍ക്കല്‍ കഴിഞ്ഞദിവസം നടന്നു. പാരിസ്ഥിതികാനുമതിയുടെ കാര്യത്തില്‍ മന്ത്രാലയം തടസ്സവാദങ്ങളൊന്നും ഉന്നയിച്ചിട്ടില്ല. വിമാനത്താവള നിര്‍മാണത്തിനുള്ള പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് അഞ്ചാണ്. നിര്‍മാണമേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ ഇരുപതിലധികം കമ്പനികള്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി നേടാനുള്ള ചുമതല ഭൗമശാസ്ത്ര പഠനകേന്ദ്രത്തെ (സെസ്)യാണ് കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) ഏല്പിച്ചിരുന്നത്. 'സെസ്' പാരിസ്ഥിതികാഘാതപഠനം പൂര്‍ത്തിയാക്കി നേരത്തെ റിപ്പോര്‍ട്ട് നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള പൊതുവാദം കേള്‍ക്കല്‍ സംസ്ഥാന മലിനീകരണനിയന്ത്രണ ബോര്‍ഡാണ് നടത്തിയത്. ഈ റിപ്പോര്‍ട്ടുകളെല്ലാം കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമാനുമതി നല്‍കുന്നതിന് മുന്നോടിയായുള്ള വാദം കേള്‍ക്കല്‍ കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയത്.
വിമാനത്താവള നിര്‍മാണത്തിന് ജനവരി 22നാണ് 'കിയാല്‍' പ്രീ ക്വാളിഫിക്കേഷന്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതനുസരിച്ച് ഫിബ്രവരി 14 ആയിരുന്നു ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇത് പിന്നീട് ഫിബ്രവരി 22 വരെയും മാര്‍ച്ച് അഞ്ചുവരെയും നീട്ടി. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ടെന്‍ഡര്‍ തുറക്കും. യോഗ്യത നേടിയ കമ്പനികളുടെ ചുരുക്കപ്പട്ടിക 15ന് പ്രസിദ്ധീകരിക്കും. പ്രീ ക്വാളിഫിക്കേഷനില്‍ യോഗ്യത നേടുന്നവര്‍ക്കാണ് അന്തിമ ടെന്‍ഡറില്‍ പങ്കെടുക്കാനുള്ള അര്‍ഹത. ടെന്‍ഡര്‍നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കിയാല്‍.
രാജ്യത്തെ പ്രമുഖ നിര്‍മാണക്കമ്പനികളൊക്കെ പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എല്‍ ആന്‍ഡ് ടി, ജി.വി.ആര്‍. ഇന്‍ഫ്രാ പ്രോജക്ട്‌സ്, അവന്തിക ഇന്‍ഫ്രാ റിയാല്‍റ്റി, ഗള്‍ഫാര്‍ തുടങ്ങിയവയൊക്കെ ഇതില്‍പ്പെടും.
മൂര്‍ഖന്‍പറമ്പില്‍ വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്ഥലത്തെ മണ്‍ജോലി മുതല്‍ റണ്‍വേയുടെയും ടെര്‍മിനലിന്റെയും നിര്‍മാണം വരെയുള്ള പണികള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. 700 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.