Latest News

കണ്ണൂരിന്റെ ചരിത്രവുമായി ലൈറ്റ് ആന്‍ഡ് സൗണ്ട് ഫ്യൂഷന്‍ഷോ

MalabarFlash_KannurNews
കണ്ണൂര്‍: കണ്ണൂരിന്റെ ചരിത്രം ആദ്യമായി രണ്ടര മണിക്കൂര്‍ നീളുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഫ്യൂഷന്‍ഷോയായി അവതരിക്കുന്നു. തളാപ്പ് മിക്‌സഡ് യുപി സ്‌കൂള്‍ ശതാബ്ദിയാഘോഷ സമാപനത്തോടനുബന്ധിച്ചു 16 നാണു ചരിതസാരമെന്ന പേരിലുള്ള ഫ്യൂഷന്‍ഷോ അരങ്ങേറുക. കാനം പുഴയൊഴുകിയ ദേശം കണ്ണൂരായതിന്റെ ചരിത്രം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥയാണ്.
അറയ്ക്കലും ചിറയ്ക്കലും കോലത്തിരിയും വാണ കണ്ണൂര്‍ വീരപഴശിയുടെയും പറങ്കികളുടെയും പടയോട്ടങ്ങളുടെ സാക്ഷ്യപത്രം വേദിയില്‍ അനാവരണം ചെയ്യുന്നു. വാഗ്ഭടാനന്ദന്റെയും പയ്യന്നൂരിലെ ഉപ്പുസത്യഗ്രഹത്തിന്റെയും വീരഗാഥകള്‍ക്കൊപ്പം കുഞ്ഞാലി മരയ്ക്കാറും സാമൂതിരിയും അറയ്ക്കല്‍ക്കെട്ടും കസാനക്കോട്ടയും ആനക്കുളവും ചരിത്രത്തിന്റെ നേര്‍സാക്ഷ്യങ്ങളായി വേദിയിലെത്തുന്നു.
കണ്ണൂര്‍ നഗരസഭയുടെ 2012-13 വര്‍ഷത്തെ വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുട്ടികളും വിദഗ്ധരും ചേര്‍ന്നു തയാറാക്കിയ ചരിത്രപാഠത്തെ അധികരിച്ച് സന്തോഷ് ചടങ്ങിലാണു രംഗാവിഷ്‌കാരം നടത്തുന്നത്. ചിട്ടപ്പെടുത്തുന്നതു നയന്‍താര മഹാദേവനാണ്. തളാപ്പ് മിക്‌സഡ് യുപി സ്‌കൂളിലെയും നഗരസഭാ പരിധിയിലെ വിവിധ വിദ്യാലയങ്ങളിലെയും നാല്‍പതോളം കുട്ടികളും മുപ്പതോളം അധ്യാപകരും രക്ഷിതാക്കളും വിവിധരംഗങ്ങളിലായി ചരിതസാരത്തിന്റെ വേദിയിലെത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.