Latest News

കണ്ണൂരില്‍ വന്‍ അനധികൃത പടക്കനിര്‍മാണശാല

കണ്ണൂര്‍: നഗരത്തിനു സമീപം പ്രവര്‍ത്തിച്ചുവരുന്ന വന്‍ അനധികൃത പടക്കനിര്‍മാണ ശാല പോലീസ് കണ്ടെത്തി. ബംഗാള്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തു. വളപട്ടണം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ അഴീക്കോട് അരയാക്കണ്ടി പാറയിലെ മാവൂര്‍ നിവാസില്‍ ബാബു എന്ന വിദേശമലയാളിയുടെ വീടു കേന്ദ്രീകരിച്ചാണ് പടക്കനിര്‍മാണശാല പ്രവര്‍ത്തിച്ചിരുന്നത്.
ബാബുവിന്റെ ബന്ധുവായ 17 കാരനും ബംഗാള്‍ സ്വദേശിയുമടക്കം മൂന്നു പേരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമയുടെ ബന്ധുവായ അജയരാജ് (18), അഴീക്കോട് പന്നേന്‍പാറയിലെ വീണാ വിഹാറില്‍ അനില്‍കുമാര്‍ (39), കോല്‍ക്കൊത്ത സ്വദേശിയ അക്തര്‍ (20) എന്നിവരാണ് അറസ്റ്റിലായത്. വീടിന്റെ അടുക്കളവരാന്തയിലും സമീപം നിര്‍മിച്ച മറ്റൊരു കെട്ടിടത്തിലുമായിരുന്നു പടക്ക നിര്‍മാണവും സ്‌ഫോടകവസ്തു സംഭരണവും നടത്തിയിരുന്നത്. രഹസ്യവിവരത്തെത്തുടര്‍ന്നു വളപട്ടണം പോലീസ് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെ നടത്തിയ റെയ്ഡിലാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കനിര്‍മാണശാല കണ്ടെത്തിയത്. ജനങ്ങള്‍ക്കു സംശയം തോന്നാതിരിക്കാന്‍ വീടിനു ചുറ്റും കൂറ്റന്‍ മതില്‍ കെട്ടിയിരുന്നു.
50 കിലോഗ്രാം പൊട്ടാസ്യം സള്‍ഫേറ്റ്, 70 കിലോ വെടിമരുന്ന്, 20 കിലോ അലുമിനിയം പൗഡര്‍, 62 കിലോ സള്‍ഫര്‍, 70 കിലോ ക്ലോറേറ്റ്, 20 കിലോ ചാര്‍ക്കോള്‍ തുടങ്ങി 45 ഇനം അസംസ്‌കൃതവസ്തുക്കള്‍, 75 വലിയ അമിട്ടുകള്‍, 100 ഇടത്തരം അമിട്ടുകള്‍, 400 ചെറിയ അമിട്ടുകള്‍, 30 മീറ്റര്‍ ഓലപ്പടക്കം, 70 ഗുണ്ട് എന്നിവയും പിടികൂടിയവയില്‍ ഉള്‍പ്പെടും. പിടിച്ചെടുത്തവയില്‍ ആറര കിലോ വരെ ഭാരമുള്ള അത്യുഗ്ര സ്‌ഫോടനശേഷിയുള്ള അമിട്ടുകളും കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രാത്സവങ്ങള്‍ക്കും മറ്റുമായാണ് ഇവ നിര്‍മിക്കുന്നതെന്നാണു പിടിയിലായവര്‍ പോലീസിനോടു പറഞ്ഞത്. പോലീസ് പരിശോധനയ്ക്കായി എത്തുമ്പോള്‍ മൂന്നുപേരും പടക്കനിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. വളപട്ടണം അഡീഷണല്‍ എസ്‌ഐ ടി.വി ഭാസ്‌കരന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.