Latest News

ശ്രീലങ്കന്‍ തടവറയില്‍ 13 വര്‍ഷം; ഒടുവില്‍ ഹുസൈന്‌ നാടണഞ്ഞതിന്‍റെ ആഹ്ലാദം

കാഞ്ഞങ്ങാട്: ഏതായാലും നാട്ടിലെത്തിയല്ലോ... അതുതന്നെ ധാരാളം.. ഇനി ഉടന്‍ വീട്ടിലെത്താന്‍ സര്‍വശക്തന്‍ തുണയട്ടെ.. ഇത്രയുംപറഞ്ഞ് കണ്ണുതുടച്ച് കൊണ്ട് കാണാന്‍ പോയവരെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ശ്രീലങ്കന്‍ ജയിലില്‍ 13 വര്‍ഷം കഴിഞ്ഞ് ഒടുവില്‍ മോചിതനാകുന്നതിന്‍റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ മൌവ്വല്‍ സ്വദേശി പള്ളത്തില്‍ ഹുസൈനെ കാണാനെത്തിയ നാട്ടിലെ ബന്ധുക്കള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും വിമാനത്താവളത്തില്‍ കണ്ട വികാരപ്രകടനം വിവരിക്കുന്പോള്‍ ശബ്ദമിടറി.
ഇന്നലെ രാവിലെ ഒന്പതരയ്ക്കാണ് ഹുസൈന്‍ ഉള്‍പ്പടെയുള്ളവരെ ശ്രീലങ്കയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. സഹോദരന്‍ മഹമൂദ്, ഭാര്യ സഹോദരന്‍ അഷറഫ്, ബന്ധു മുസ്തഫ, പള്ളിക്കര മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം.പി.എം ഷാഫി, പ്രവാസി കോണ്‍ഗ്രസ് നേതാവ് ഇബ്രാഹിം പരവനടുക്കം എന്നിവരാണ് ഹുസൈന്‍റെ വരവറിഞ്ഞ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. മയക്കുമരുന്നുമായി 2000 ഫെബ്രുവരി 10നാണ് ഹുസൈനെ ജയിലിലടച്ചത്.
ഹുസൈനെ ഇന്നലെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് കൊണ്ടുപോയത്. തിരുവനന്തപുരത്ത് നിന്ന് അടുത്ത് തന്നെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മോചിതനാകുവാന്‍ കഴിയുമെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ സൂചനയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഹുസൈന്‍ തിരുവനന്തപുരത്തെത്തിയ വിവരം അറിഞ്ഞ് ഉമ്മ ഫാത്തിമയും ഭാര്യ ആമിനയും ഇതുവരെ കാണാത്ത മകന്‍ 13 കാരനായ ദില്‍ഷാദും തികഞ്ഞ ആഹ്ലാദത്തിലാണ്. ഒപ്പം മൌവ്വല്‍ ഗ്രാമവും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.