Latest News

മരിച്ചെന്ന് കരുതിയ കരുവാരകുണ്ട് സ്വദേശിയെ കണ്ണൂരില്‍ കണ്ടെത്തി

മലപ്പുറം: ഒന്നരവര്‍ഷം മുമ്പ് കരുവാരകുണ്ടില്‍നിന്ന് കാണാതാവുകയും പിന്നീട് മരിച്ചെന്ന് കരുതുകയും ചെയ്ത ആളെ പോലീസ് കണ്ടെത്തി. കരുവാരകുണ്ട് പാന്ത്ര രാമവിലാസത്തില്‍ ബാബു എന്ന ബഷീറിനെ (42)യാണ് കണ്ണൂര്‍ ജില്ലയിലെ തില്ലങ്കേരിയില്‍നിന്നും പാണ്ടിക്കാട് സി.ഐ. എ.ജെ. ജോണ്‍സണും സംഘവും കണ്ടെത്തിയത്. 2011 ഒക്ടോബര്‍ 28നാണ് പാന്ത്ര മുക്കട്ടയിലെ കിഴക്കന്‍ ഖദീജ, ഭര്‍ത്താവും നാല് കുട്ടികളുടെ പിതാവുമായ ബഷീറിനെ കാണാനില്ലെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കരുവാരകുണ്ട് പോലീസില്‍ പരാതി നല്‍കിയത്. കാണാതാവുന്നതിന്റെ തലേദിവസം സുഹൃത്തുക്കളുമൊന്നിച്ച് ബഹളം ഉണ്ടാക്കുകയും ബഷീര്‍ തന്റെ മോട്ടോര്‍സൈക്കിള്‍ അങ്ങാടിപ്പുറത്ത് വിറ്റ് നാടുവിടുകയുമായിരുന്നെന്ന് പോലീസ് അന്വേഷണത്തില്‍ അറിഞ്ഞു.

ഇതിനിടെ ഗോവയില്‍ അജ്ഞാതമൃതദേഹം കണ്ടെത്തിയത് ബഷീറിന്‍േറതാണെന്ന സംശയത്തില്‍ കരുവാരകുണ്ട് പോലീസ് ഗോവ പോലീസുമായി ബന്ധപ്പെട്ടിരുന്നു. ഇതോടെ നാട്ടില്‍ ബഷീര്‍ മരിച്ചതായി വാര്‍ത്ത പരന്നു. ബഷീര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ വില്‍ക്കുകയും പിന്നീട് ഈ നമ്പര്‍ ഗോവയില്‍ മരിച്ചയാള്‍ ഉപയോഗിച്ചതുമാണ് പോലീസിന് സംശയത്തിന് ഇടയാക്കിയത്. ജില്ലാ പോലീസ് സൂപ്രണ്ട് കെ. സേതുരാമന്റെ നിര്‍ദേശപ്രകാരം പിന്നീട് പാണ്ടിക്കാട് സി.ഐ. അന്വേഷണം നടത്തി. സുഹൃത്തുക്കളെ ചുറ്റിയുള്ള അന്വേഷണത്തില്‍ ബഷീര്‍ കണ്ണൂര്‍ ജില്ലയിലുള്ളതായി അറിയാന്‍ കഴിഞ്ഞു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തില്ലങ്കേരിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു. കണ്ണൂരിലെ ഇരിക്കൂറില്‍നിന്ന് 2012 ജനവരിയില്‍ വിവാഹം കഴിച്ച ഇയാള്‍ മൂന്ന് മാസത്തിനുശേഷം ബന്ധം വേര്‍പെടുത്തി തില്ലങ്കേരിയില്‍നിന്നും മറ്റൊരു വിവാഹം കഴിച്ച് ഭാര്യവീട്ടില്‍ താമസിച്ചുവരികയായിരുന്നു.

മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ബഷീറിനെ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു. സാമ്പത്തിക ബാധ്യത മൂലമാണ് നാടുവിട്ടതെന്നും ബഷീര്‍ പറഞ്ഞു. അന്വേഷണ സംഘത്തില്‍ എസ്.സി.പി.ഒ. മാരായ മനോജ്, ഫാസില്‍, അംബിക എന്നിവരുമുണ്ടായിരുന്നു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.