Latest News

വയോധികയെ വധിച്ച വീട്ടുജോലിക്കാരി അറസ്റ്റില്‍

വളാഞ്ചേരി: വെണ്ടല്ലൂരില്‍ 88 കാരിയെ വധിച്ച് ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അതേവീട്ടില്‍ ജോലിക്ക് വരാറുള്ള സ്ത്രീയെ പോലീസ് അറസ്റ്റ്‌ചെയ്തു. വധിക്കപ്പെട്ട കുഞ്ഞിലക്ഷ്മിയമ്മയുടെ വെണ്ടല്ലൂരിലെ വീട്ടില്‍ മാസത്തില്‍ ഒരുദിവസവും പട്ടാമ്പിക്കടുത്ത് ചെമ്പ്ര പഴലിപ്പുറത്തെ തറവാട് വീട്ടില്‍ സ്ഥിരമായും ജോലിചെയ്യുന്ന ശാന്തകുമാരി (55) ആണ് അറസ്റ്റിലായത്.
പഴലിപ്പുറം അരങ്ങന്‍പള്ളിയാലില്‍ വാസുവിന്റെ ഭാര്യയാണ് ഇവര്‍. മാര്‍ച്ച് നാലിന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു വെണ്ടല്ലൂര്‍ 'നന്ദന'ത്തില്‍ കുഞ്ഞിലക്ഷ്മിയമ്മ കഴുത്തില്‍ വെട്ടേറ്റ് മരിച്ചത്. കുഞ്ഞിലക്ഷ്മിയമ്മയുടെ തറവാട്ടുവീടിന് മൂന്ന് വീടുകള്‍ക്കപ്പുറമാണ് ശാന്തകുമാരിയുടെ വീട്. വര്‍ഷങ്ങളായി ഇവര്‍ കുഞ്ഞിലക്ഷ്മിയമ്മയുടെ വീട്ടില്‍ ജോലിക്കാരിയാണ്.
10 വര്‍ഷമായി കുഞ്ഞിലക്ഷ്മിയമ്മ, വളാഞ്ചേരി എം.ഇ.എസ്. സെന്‍ട്രല്‍ സ്‌കൂളിലെ മോണ്ടിസോറി വിഭാഗത്തില്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന മകള്‍ സതി വേണുഗോപാലിനോടൊപ്പം വെണ്ടല്ലൂരിലാണ് താമസം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മാസത്തില്‍ ഒരു തവണയെങ്കിലും ശാന്തകുമാരി വെണ്ടല്ലൂരിലെ 'നന്ദന'ത്തില്‍ വന്ന് കുഞ്ഞിലക്ഷ്മിയമ്മയെ കാണാറുണ്ട്. വീട്ടില്‍ വന്നാല്‍ എന്തെങ്കിലും ജോലികള്‍ ചെയ്തുകൊടുക്കുക പതിവാണ്. ഭക്ഷണവും നൂറോ ഇരുന്നൂറോ രൂപയും കുഞ്ഞിലക്ഷ്മിയമ്മ കൊടുക്കുകയുംചെയ്യും.
സംഭവദിവസം ഉച്ചയ്ക്ക് ശാന്തകുമാരി വെണ്ടല്ലൂരിലെ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞിലക്ഷ്മിയമ്മ മുറിയില്‍ ഉറങ്ങിക്കിടക്കുന്നത് കണ്ടു. അടുക്കളയില്‍ചെന്ന് വാക്കത്തിയെടുത്ത് കഴുത്തിനുവെട്ടി. മരണം ഉറപ്പാക്കാന്‍ മുറിയിലുണ്ടായിരുന്ന സാരിയെടുത്ത് കഴുത്ത് മുറുക്കി. കഴുത്തില്‍ വെട്ടുകൊണ്ട് പൊട്ടിപ്പോയ രണ്ട് മാലകളും വളകളും ഊരിയെടുത്തു. വാക്കത്തി അടുക്കളയില്‍ കഴുകിവെക്കുകയും ചെയ്തു.
അടുക്കളയില്‍നിന്ന് കഞ്ഞിവെള്ളം കുടിച്ചാണ് പുറത്തിറങ്ങിയത്. കൊലയ്ക്കുശേഷം മിനിട്ടുകള്‍ക്കുള്ളില്‍ ആഭരണങ്ങളുമായി വളാഞ്ചേരിയിലെ ഗോപാല്‍ ഫാഷന്‍ ജ്വല്ലറിയിലാണ് എത്തിയത്.
സ്വര്‍ണം വില്‍ക്കണമെന്ന് പറഞ്ഞ് കടയില്‍വന്ന പ്രതിയോട് സ്വര്‍ണം ആരുടേതാണെന്ന ചോദ്യത്തിന് അമ്മയുടേതാണെന്നായിരുന്നു മറുപടി. സഹോദരന്‍ ഗള്‍ഫിലാണെന്നും അയാള്‍ ഉണ്ടാക്കിക്കൊടുത്തതാണെന്നുംകൂടി പറഞ്ഞു. പരിചയമില്ലാത്തവരില്‍നിന്ന് സ്വര്‍ണം വാങ്ങാറില്ലെന്ന് ജ്വല്ലറിയുടമ പറഞ്ഞു. പുറത്തിറങ്ങിയ ശാന്തകുമാരി മുന്‍പരിചയക്കാരനായ കുഞ്ഞിപ്പ എന്ന മുഹമ്മദ്കുട്ടി വഴി അന്യസംസ്ഥാന സ്വര്‍ണത്തൊഴിലാളിയായ ദിലീപ് സേട്ടുവിന് സ്വര്‍ണം വില്‍ക്കുകയായിരുന്നു.

കുഞ്ഞിലക്ഷ്മിയമ്മ
സ്വര്‍ണം വിറ്റുകിട്ടിയ 76,900 രൂപയില്‍നിന്ന് 20,000 രൂപ കൊപ്പം സര്‍വീസ് സഹകരണ ബാങ്കിന്റെ തിരുവേഗപ്പുറ ശാഖയില്‍ വായ്പയെടുത്തതിന്റെ കുടിശ്ശികയിലേക്കടച്ചു. 14,000 രൂപ കടം വാങ്ങിയ വ്യക്തിക്കും രണ്ടായിരവും അയ്യായിരവുമായി വേറെ ചിലര്‍ക്കും കൊടുത്തു. ബാക്കിയുള്ള 25,000 രൂപ വീട്ടിലെ തലയിണക്കവറില്‍ ഒളിപ്പിച്ചുവെച്ചു. 50 വയസ്സായ ഒരുസ്ത്രീയാണ് സ്വര്‍ണം വില്‍ക്കാന്‍ വന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തവരുടെയെല്ലാം ഫോട്ടോകള്‍ പോലീസ് എടുത്തിരുന്നു.
ഞായറാഴ്ച കുഞ്ഞിലക്ഷ്മിയമ്മയുടെ തറവാട്ടുവീട്ടില്‍ അന്വേഷണത്തിനായി പോയ പോലീസ്‌സംഘം ശാന്തകുമാരിയെയും കാമറയില്‍ പകര്‍ത്തി. ഫോട്ടോ കണ്ട ജ്വല്ലറി ഉടമ വിനോദും സേട്ടുവിന്റെ സഹായി വിശാലും ശാന്തകുമാരിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10ന് പഴലിപ്പുറത്തെ വീട്ടിലെത്തിയ പോലീസ് ശാന്തകുമാരിയെ അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകീട്ട് തിരൂര്‍കോടതിയില്‍ ഹാജരാക്കി.

വൃദ്ധയെ കൊലപ്പെടുത്തി ക­വര്‍ച്ച: സ്വര്‍ണം കണ്ടെടുത്തു, പ്രതിക്കായി തിരച്ചില്‍ തുടരുന്നു

വളാഞ്ചേരിയില്‍ വൃദ്ധയെ വെട്ടിക്കൊന്ന് കവര്‍ച്ച

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.