Latest News

വലിയ പള്ളി ഭാരവാഹികള്‍ ചമ്രവട്ടം ക്ഷേത്രം സന്ദര്‍ശിച്ചു

പൊന്നാനി: ചമ്രവട്ടം അയ്യപ്പ ക്ഷേത്രത്തിന് തീപിടിച്ച വാര്‍ത്തയെത്തുടര്‍ന്ന് പൊന്നാനി വലിയ ജുമാമസ്ജിദ് (ശൈഖ് സൈനുദ്ദീന്‍ മഖ്ദും പള്ളി) ഭാരവാഹികള്‍ അയ്യപ്പ ക്ഷേത്രത്തിലെത്തി. ഞായറാഴ്ച രാവിലെ പത്തിന് ക്ഷേത്രാങ്കണത്തിലെത്തിയ വലിയ പള്ളി ഭാരവാഹികളെ ക്ഷേത്രം ഭരണാധികാരികളും നാട്ടുകാരും ചേര്‍ന്ന് സ്വീകരിച്ചു.
മുന്‍ ഹജ്ജ് കമ്മറ്റി അംഗം കെ എം മുഹമ്മദ് കാസിം കോയ ഉസ്താദ്, വലിയ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി വി സെയ്തു മുഹമ്മദ് തങ്ങള്‍, മാനേജര്‍ കെ എസ് അബ്ദുല്‍ ലത്തീഫ്, ഇ കെ സിദ്ദീഖ് എന്നിവരടങ്ങുന്ന സംഘമാണ് ക്ഷേത്രത്തിലെത്തിയത്.
ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഇന്‍ ചാര്‍ജ് രാമദാസ്, ക്ഷേത്രം ഭാരവാഹികള്‍ മധുസൂദനന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഇവരെ വരവേറ്റത്. ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ കെ പി സി സി സെക്രട്ടറി വി വി പ്രകാശും സഹപ്രവര്‍ത്തകരും പള്ളി കമ്മറ്റി ഭാരവാഹികളോടൊപ്പം കൂടി. ക്ഷേത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കാനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ സഹായവും നല്‍കുമെന്ന് വലിയ ജുമാമസ്ജിദ് ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര സന്നിധിയിലെത്തി പിന്തുണനല്‍കിയ വലിയ പള്ളി ഭാരവാഹികള്‍ക്ക് ക്ഷേത്രം ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.