Latest News

മഅദനിക്ക് ജാമ്യം: സര്‍ക്കാര്‍ ഇടപെടണം- മുസ്‌ലിം സംയുക്ത വേദി

കൊല്ലം: അബ്ദുന്നാസിര്‍ മഅദനിക്കു തുടര്‍ ചികില്‍സ കിട്ടാനും മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും ജാമ്യം ലഭ്യമാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നു കേരള മുസ്‌ലിം സംയുക്തവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുസ്‌ലിംലീഗ്, സി.പി.എം അടക്കമുള്ള സംഘടനകള്‍ മഅ്ദനിയുടെ മോചനത്തിനു രംഗത്തുവരണമെന്നു ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.
മഅദനി-കാട്ടുനീതിക്കെതിരേ ധര്‍മസമരം എന്ന മുദ്രവാക്യം ഉയര്‍ത്തി അഞ്ചു മാസത്തെ പ്രചാരണ പരിപാടികള്‍ നടത്താന്‍ വേദി സംസ്ഥാന നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.
27ന് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലം പള്ളിമുക്കിലെ ശെയ്ഖ് അഹ്മദ് യാസീന്‍ നഗറില്‍ നടക്കും.
ഇതോടനുബന്ധിച്ചു പൊതുസമ്മേളനം, ഫോട്ടോ പ്രദര്‍ശനം, പണ്ഡിത സമ്മേളനം, സെമിനാര്‍ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്
തുടര്‍ന്നു വിവിധ ജില്ലകളിലും സമാന പരിപാടികള്‍ നടക്കും. എല്‍.ഡി.എഫ്, യു. ഡി.എഫ് മുന്നണിയിലെ വിവിധ പാര്‍ട്ടികളും പി. ഡി. പി, എസ.്ഡി. പി.ഐ, ഐ. എന്‍. എല്‍, നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ്, ബി. എസ്. പി, വെല്‍ഫെയര്‍ പാര്‍ട്ടി അടക്കമുള്ള മുഴുവന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും ധര്‍മസമരത്തില്‍ പങ്കാളികളാവും.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, സുന്നി ജംഇയ്യത്തുല്‍ ഉലമ, പോപുലര്‍ ഫ്രണ്ട്, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ, കേരള നദ്‌വത്തുല്‍ മുജാഹിദീന്‍, ജമാഅത്തെ ഇസ്‌ലാമി, ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം, സോളിഡാരിറ്റി, കേരള മുസ്‌ലിം യുവജന ഫെഡറേഷന്‍, എം. ഇ. എസ്, എം. എസ്. എസ്, ജമാഅത്ത് കൗണ്‍സില്‍, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലെ പ്രതിനിധികളെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിം സംയുക്തവേദി ഭാരവാഹികളായ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, അബ്ദുല്‍ മജീദ് അമാനി നദ്‌വി, മൈലക്കാട് ഷാ, കൊല്ലൂര്‍വിള എ എം സലാഹുദീന്‍ എന്നിവര്‍ സംബ­ന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.