Latest News

പിസി ജോർജിന്റെ ആരോപണം അടിസ്ഥാനരഹിതം: കെ.ബി ഗണേശ് കുമാർ

കൊല്ലം: മന്ത്രി കെ.ബി.ഗണേഷ്കുമാറാണ് ഭാര്യാകാമുകന്റെ അടികൊണ്ടതെന്ന ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ആരോപണമുന്നയിച്ച ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സംസ്ഥാന സ്പോര്‍ട്സ്, വനംവകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍ പറഞ്ഞു. ഔദ്യോഗിക വസതിയില്‍ വച്ചു സംസ്ഥാനമന്ത്രിസഭയിലെ ഒരംഗത്തിന് കാമുകിയുടെ ഭര്‍ത്താവിന്റെ മര്‍ദനമേറ്റുവെന്ന പത്രവാര്‍ത്തയോടു പ്രതികരിച്ച്, മര്‍ദനമേറ്റത് ഗണേഷ്കുമാറിനാണെന്നു പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്കുമാര്‍. തന്നെ തകര്‍ക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇത്തരം ആരോപണം. നേരത്തെ പി.ജെ.ജോസഫിനെതിരെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തയാളാണ് പി.സി.ജോര്‍ജ്. അദ്ദേഹത്തിനെതിരേ മുഖ്യമന്ത്രിക്കും കേരളാ കോണ്‍ഗ്രസ് -എം ചെയര്‍മാന്‍ കെ.എം.മാണിക്കും പരാതി നല്‍കുമെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. തന്നെ കാണാനില്ലെന്നും വാര്‍ത്തകള്‍ പരക്കുന്നുണ്ട്. താന്‍ ഇപ്പോള്‍ പനിയും തൊണ്ടവേദനയും മൂലം പത്തനാപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ സുഖമില്ലാത്തതിനാലാണ് പോകാതിരുന്നത്. ഇത് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നതുമാണ്. തനിക്കെതിരെയുള്ള ഗൂഢാലോചനയില്‍ തന്റെ പിതാവിനും പങ്കുണ്ടെന്ന് ന്യായമായും സംശയിക്കുന്നുവെന്നും ഗണേഷ്കുമാര്‍ പറഞ്ഞു. കഴിഞ്ഞ പത്തു മാസമായി ഇത്തരം ആരോപണങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ് ഞാന്‍. മന്ത്രിസ്ഥാനത്ത് ഇരിക്കുന്നതിനാലാണ് ഇത്തരം ആരോപണങ്ങള്‍ വരുന്നത്. ഇങ്ങനെ തുടരാന്‍ താല്‍പര്യമില്ല. മന്ത്രിസ്ഥാനമൊഴിയാന്‍ തയാറാണെന്നു യുഡിഎഫിനേയും മുഖ്യമന്ത്രിയേയും നേരത്തെതന്നെ അറിയിച്ചിട്ടുള്ളതാണെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.