Latest News

ഭക്ഷണം കളയുന്നതിനെതിരെ കുട്ടികള്‍

പാലക്കുന്ന്:അംബിക സ്‌കൂളിലെ ആയിരത്തിലധികം കുട്ടികള്‍ ഭക്ഷണം കളയാറില്ല. കൊണ്ടുവന്ന ആഹാരം മുഴുവന്‍ അവര്‍ കഴിക്കുന്നു. പാത്രം കണ്ണാടിപോലെയാക്കുന്നു. 'ഇല കഴുകി വിളമ്പുക; ഇല തുടച്ച് എഴുന്നേല്‍ക്കുക'. സ്‌കൂളിലെ സയന്‍സ് ക്ലബ്കുട്ടികളുടെ ഈ ശീലം അവര്‍ പ്രാവര്‍ത്തികമാക്കുന്നു. അതുമാത്രമല്ല, തൊട്ടടുത്ത ഓഡിറ്റോറിയത്തിലെ സദ്യകളില്‍ കളയുന്ന ഭക്ഷണത്തിന്റെ അളവ് അവര്‍ നിരീക്ഷിച്ച് പഠിച്ചു. കൃത്യമായ കണക്കുണ്ടാക്കി. ഭക്ഷണം കളയരുതെന്ന സന്ദേശവുമായി അവര്‍ ഓഡിറ്റോറിയത്തിലും നാട്ടിലും സ്റ്റിക്കര്‍ ഒട്ടിക്കുകയാണ്. ഒട്ടിക്കലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ സ്‌കൂളില്‍ നടക്കും.
സയന്‍സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകരായ ദിനേശ്, സതി, അമൃത എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ പ്രോജക്ട് ഉണ്ടാക്കിയത്. സത്കാരങ്ങളില്‍ കളയുന്ന ഭക്ഷണത്തെക്കുറിച്ചായിരുന്നു സര്‍വേ. വിവിധ ഓഡിറ്റോറിയങ്ങളില്‍ ചെന്ന് ആദ്യം നിരീക്ഷിച്ചത് എത്ര ഭക്ഷണം കളയുന്നുണ്ട് എന്നാണ്. പിന്നീട് സംഘമായി ഭക്ഷണശാലകള്‍ നിരീക്ഷിച്ചു. 10 മുതല്‍ 40 ശതമാനം വരെ ആഹാരം കളയുന്നുണ്ടെന്ന് അവര്‍ കണ്ടെത്തി.
സദ്യ ഒരുക്കുന്നവരുടെ അനുമതിയോടെ പട്ടിക തയ്യാറാക്കി. വിഭവങ്ങളുടെ എണ്ണത്തെക്കാള്‍ ഒരു കുട്ടി കൂടുതലുള്ള ഗ്രൂപ്പുണ്ടാക്കി. സദ്യപന്തി എഴുന്നേല്‍ക്കുന്നതിന് തൊട്ടു മുമ്പ് വിഭവങ്ങള്‍ കളയുന്നവരുടെ എണ്ണം കുട്ടികളെടുത്തു. ഒന്നും കളയാത്തവരുടെ എണ്ണവും എടുത്തു. ചുറ്റുമുള്ള ഓഡിറ്റോറിയങ്ങളിലെ സസ്യ-സസ്യേതര സദ്യകള്‍ നിരീക്ഷിച്ചു. നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ചു.
പാലക്കുന്നിലെ ഒരു ഓഡിറ്റോറിയത്തില്‍ 300പേര്‍ ഭക്ഷണം കഴിച്ചതില്‍ 30പേരാണ് ഇല/പ്ലേറ്റ് കാലിയാക്കി എഴുന്നേറ്റത്. മറ്റൊരു ഓഡിറ്റോറിയത്തില്‍ 1000പേരില്‍ 40പേരാണ് മുഴുവന്‍ ഭക്ഷണം കഴിച്ചത്. കളയുന്ന വിഭവങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അച്ചാറും സാമ്പാര്‍ കഷണങ്ങളുമാണെന്ന രസകരമായ കാര്യവും സര്‍വേയിലുണ്ട്. പപ്പടവും ഐസ്‌ക്രീമും കളയാതിരിക്കുമ്പോള്‍, ഇറച്ചിക്കറി മാലിന്യക്കുട്ടയിലേക്ക് ധാരാളമായി കളയുന്നു.
ഭക്ഷണം കളയുന്നതിന്റെ പ്രധാന കാരണം വകതിരിവില്ലാത്ത വിളമ്പലാണെന്നും കുട്ടികള്‍ കണ്ടെത്തി.
''അല്പാല്പം വിളമ്പുക, പലവട്ടം വിളമ്പുക'' എന്ന നിര്‍ദേശം അവര്‍ വെക്കുന്നു. വെള്ളിയാഴ്ച പത്തുമണിക്ക് സ്‌കൂളില്‍ നടത്തുന്ന പരിപാടി പരിസ്ഥിതിപ്രവര്‍ത്തകന്‍ വി.ഗോപിനാഥന്‍ ഉദ്ഘാടനംചെയ്യുമെന്ന് സ്‌കൂളധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ ടി.വി.കുമാരന്‍, അരവിന്ദാക്ഷന്‍, അഡ്വ. രാജേന്ദ്രകുമാര്‍, മധുകുമാര്‍, റീത്ത പദ്മരാജ്, കനകമണി, ദിനേശ്, സതി, അമൃത എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.