വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. വിവിധ കോഴ്‌സുകള്‍ക്ക് വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കുക, സിന്‍ഡിക്കേറ്റിന്റെ വിദ്യാര്‍ഥിവിരുദ്ധ നിലപാട് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്.എഫ്.ഐ. മാര്‍ച്ച് നടത്തിയത്. ധര്‍മ്മശാലയില്‍നിന്ന് തുടങ്ങിയ മാര്‍ച്ച് സര്‍വകലാശാല പ്രധാന കവാടത്തിനുമുന്നില്‍ പോലീസ് തടഞ്ഞു. വിദ്യാര്‍ഥികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനാല്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. നേതാക്കള്‍ ഇടപെട്ട് ഇവരെ ശാന്തരാക്കി. തുടര്‍ന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനപ്രസംഗം കഴിഞ്ഞ് ജയരാജന്‍ മടങ്ങിയ ഉടനെ വിദ്യാര്‍ഥികള്‍ വീണ്ടും തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസ് ഇത് തടഞ്ഞതോടെ കല്ലേറ് തുടങ്ങി. പ്രധാന കവാടത്തിലെ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. പോലീസ് ഇവരെ വിരട്ടിയോടിച്ചു.
ഓടിപ്പോയ വിദ്യാര്‍ഥികള്‍ തിരിച്ചെത്തി വീണ്ടും കല്ലെറിഞ്ഞു. പോലീസ് വീണ്ടും വിദ്യാര്‍ഥികളെ വിരട്ടിയോടിച്ചു. കണ്ണീര്‍വാതകവും പ്രയോഗിച്ചു. ഓടിപ്പോയ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ഗസ്റ്റ് ഹൗസിന്റെ പിന്നിലെത്തി കല്ലെറിഞ്ഞു. കല്ലേറില്‍ ഗസ്റ്റ് ഹൗസിന്റെ അഞ്ചും കായികവിദ്യാഭ്യാസ വകുപ്പിന്റെ രണ്ടും ചില്ലുകള്‍ തകര്‍ന്നു. സെമിനാര്‍ ഹാളിന്റെ പിന്‍ഭാഗത്തുകൂടി പോയി പരീക്ഷാവിഭാഗം സ്റ്റോറിന്റെ ചില്ലുകളും എറിഞ്ഞുതകര്‍ത്തു. സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളറുടെ ഇന്‍ഡിക്ക കാറിന്റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ തകര്‍ക്കുകയും ബോണറ്റ് ഇടിച്ച് ചളുക്കുകയും ചെയ്തു. 15-ഓളം ഗാര്‍ഡന്‍ ലൈറ്റുകളും തകര്‍ത്തു.
ഇതിനിടെ ഓടിപ്പോയ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ. നേതാക്കള്‍ തിരികെ വിളിച്ചുകൊണ്ടുവന്നതോടെ പോലീസിനുനേരെ വീണ്ടും വ്യാപകമായി കല്ലേറ് തുടങ്ങി. കാമ്പസിലെ പൂന്തോട്ടത്തിന്റെ മതില്‍ ഇളക്കി ഇഷ്ടിക എടുത്തും സമരക്കാര്‍ പോലീസിനുനേരെ എറിഞ്ഞു. സര്‍വകലാശാലാ കവാടത്തിലേക്കുള്ള റോഡ് കല്ലും തെങ്ങിന്‍ തടിയും മറ്റുമിട്ട് തടസ്സപ്പെടുത്തുകയും ചെയ്തു. കല്ലേറില്‍ പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നെറ്റിയില്‍ കല്ലേറുകൊണ്ട് രക്തം വാര്‍ന്നൊഴുകിയ ഡിവൈ.എസ്.പി.യെ ഏറെ പ്രയാസപ്പെട്ട് റോഡിലെ തടസ്സങ്ങള്‍ നീക്കിയാണ് പോലീസ് ആസ്പത്രിയിലെത്തിച്ചത്. ഇതോടെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി സമരക്കാരെ പിരിച്ചുവിട്ടു.
കല്ലേറില്‍ ഡിവൈ.എസ്.പി.യുടെ നെറ്റിക്കാണ് പരിക്ക്. ഏഴ് തുന്നലിടേണ്ടിവന്നു. ഡിവൈ. എസ്.പി.ക്കുപുറമെ വളപട്ടണം സി.ഐ. ബാലകൃഷ്ണന്‍ നായര്‍, കണ്ണൂര്‍ സിറ്റി സി.ഐ. ടി.കെ.രത്‌നകുമാര്‍, ഗ്രേഡ് എസ്.ഐ.മാരായ സെബാസ്റ്റ്യന്‍, രാജന്‍, സി.പി.ഒ.മാരായ നിതേഷ്, രതീഷ്, പ്രകാശന്‍, വിജേഷ്, കെ.എ.പി. ഹവില്‍ദാര്‍ സജീവന്‍, സി.പി.ഒ. പവിത്രന്‍ തുടങ്ങിയവരെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകരും വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. എസ്.എഫ്.ഐ. സംസ്ഥാന ജോ. സെക്രട്ടറി എം.ഷാജര്‍ ഉള്‍പ്പെടെയുള്ളവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്.
ഉദ്ഘാടനച്ചടങ്ങില്‍ എസ്.എഫ്.ഐ. കാസര്‍കോട് ജില്ലാ പ്രസിഡന്റ് പി.പി.സിബിന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോ. സെക്രട്ടറി എം.ഷാജര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സരിന്‍ ശശി സ്വാഗതം പറഞ്ഞു. അക്രമം നടക്കുന്നതിനിടെ പോലീസും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം നടന്നു. പോലീസ് നിര്‍ദേശപ്രകാരം പി.വി.സി.യുടെ ഓഫീസിലേക്കുള്ള ഗ്രില്‍സ് പൂട്ടിയിരുന്നു. ഇതേച്ചൊല്ലിയായിരുന്നു തര്‍ക്കം. ഇവിടെ കൂട്ടംകൂടിനിന്ന ജീവനക്കാര്‍ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി. കാമ്പസിലെ പോസ്റ്റോഫീസിനുമുന്നില്‍വെച്ചും എംപ്ലോയീസ് യൂണിയന്‍കാരും പോലീസും തമ്മില്‍ വാക്കേറ്റം നടന്നു. സമരം നടക്കുമ്പോള്‍ പി.വി.സി. സ്ഥലത്തുണ്ടായിട്ടും വിദ്യാര്‍ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും പരാതിയുണ്ട്. അക്രമത്തില്‍ സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടം കുറച്ചുകാണിക്കാന്‍ നീക്കം നടക്കുന്നതായും ആക്ഷേപമുയര്‍ന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment