Latest News

എന്‍ഡോസള്‍ഫാന്‍ : ചര്‍ച്ച പരാജയപ്പെട്ടു, സമരം തുടരുമെന്ന് സമരസമിതി

തിരുവനന്തപുരം: കാസര്‍കോട്ടുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയം. ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ നിരാഹാരസമരം തുടരുമെന്നു സമരസമിതി അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതിയും ഉന്നയിച്ച ആവശ്യങ്ങളില്‍ ഒന്നിനു മാത്രമാണു യോഗത്തില്‍ പരിഹാരമായത്. 25നു ചേരുന്ന യോഗത്തില്‍ എല്ലാ ആവശ്യങ്ങളിലും സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പ്രശ്‌നപരിഹാരത്തിനെത്തിയ തങ്ങള്‍ നിരാശരാണെന്നും മുഖ്യമന്ത്രി വാക്കുപാലിച്ചില്ലെന്നും സമിതി നേതാക്കള്‍ ആരോപിച്ചു. ദുരിതബാധിതര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ നിര്‍ത്തലാക്കുമെന്ന് ഉത്തരവു പുറപ്പെടുവിപ്പിച്ചിരുന്നു. ഉത്തരവു പിന്‍വലിക്കുമെന്നു മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പുനല്‍കി. മറ്റ് ആവശ്യങ്ങളെല്ലാം 25നു കൂടുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ അടിയന്തര പരിഹാരം കാണുന്നതിനു ട്രൈബ്യൂണല്‍ രൂപീകരിക്കുക, കാസര്‍കോട്ടുള്ള എല്ലാ ദുരിതബാധിതരെയും സര്‍ക്കാരിന്റെ ആനുകൂല്യം ലഭിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുക, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശ പൂര്‍ണമായും നടപ്പാക്കുക, ദുരിതബാധിതരുടെ കടബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക, പുനരധിവാസ പദ്ധതികള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുക, ദുരിതബാധിതരായ എ.പി.എല്‍ പട്ടികയിലുള്ളവരെ ബി.പി.എല്‍ പട്ടികയിലാക്കുക, വിദ്യാഭ്യാസയോഗ്യത അനുസരിച്ച് തൊഴില്‍ നല്‍കുക, കാസര്‍കോട് ജൈവകാര്‍ഷികനയം നടപ്പാക്കുക, കാസര്‍കോട്ട്് സൂക്ഷിച്ചിട്ടുള്ള എന്‍ഡോസള്‍ഫാന്‍ അടിയന്തരമായി നശിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണു ഇരുസമിതികളും ഉന്നയിച്ചത്.
യോഗത്തില്‍ മന്ത്രിമാരായ വി എസ് ശിവകുമാര്‍, കെ പി മോഹനന്‍, എം കെ മുനീര്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി നേതാക്കളായ കെ ബി മുഹമ്മദ്കുഞ്ഞി, പി വി സുധീര്‍കുമാര്‍, വി കെ വിനയന്‍, രാധാകൃഷ്ണന്‍, കെ സജീവ്, പീഡിത ജനകീയ മുന്നണി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ഭാരവാഹികളായ സുല്‍ഫത്ത്, മുനീഫ, ശോഭന പങ്കെടുത്തു. കഴിഞ്ഞ ഒരു മാസത്തിലേറെയായി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഇരകള്‍ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല നിരാഹാര സമരം നടന്നുവരികയായിരുന്നു. 25നു നടക്കാനിരിക്കുന്ന ഔദ്യോഗിക ചര്‍ച്ചയുടെ മുന്നോടിയായാണ് വ്യാഴാഴ്ച ചര്‍ച്ച നടന്നത്.
അതേസമയം, ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ സമരപ്പന്തലില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കിയ എ മോഹന്‍കുമാര്‍ ആശുപത്രിയിലും നിരാഹാരം തുടരുകയാണ്. അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലില്‍ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. ഗ്രോ വാസു, മോയിന്‍ ബാപ്പു എന്നിവരാണ് ഇപ്പോള്‍ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്നത്‌


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.