Latest News

തലശേരി നഗരസഭാ ബജറ്റ്: ചര്‍ച്ചയില്‍ 'നായ' പ്രയോഗം

തലശേരി: നഗരസഭാ കൗണ്‍സിലില്‍ നടന്ന ബജറ്റ് ചര്‍ച്ചയ്ക്കിടയിലെ 'നായ' പ്രയോഗം ബഹളത്തിനും വാക്കേറ്റത്തിനും ഇടയാക്കി. കോണ്‍ഗ്രസിലെ സി.ടി. സജിത്ത് സംസാരിക്കുന്നതിനിടെയാണ് നായ പ്രയോഗം കടന്നുവന്നത്.
നഗരത്തിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ചു സജിത്ത് ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണക്ഷത്തെ ചിലര്‍ ബഹളമുണ്ടാക്കി. മതിലിനു മുകളിലിരുന്ന് നായ കുരയ്ക്കുന്നതു പോലെ ചെയ്യരുതെന്നു സജിത്ത് ഇതേക്കുറിച്ചു പറഞ്ഞതാണ് ബഹളത്തിനിടയാക്കിയത്.
പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും സജിത്തിന്റെ രക്ഷയ്ക്കായി പ്രതിപക്ഷവും രംഗത്തിറങ്ങിയതോടെ ബഹളം മുറുകി. നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ ഏറെനേരത്തെ പരിശ്രമഫലമായാണ് ഇരുവിഭാഗത്തെയും നിയന്ത്രിച്ചു നിര്‍ത്തിയത്. ബഹുമാനപ്പെട്ട കൗണ്‍സിലര്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ കൗണ്‍സിലില്‍ ഉപയോഗിക്കരുതെന്നു പറഞ്ഞായിരുന്നു ഭരണപക്ഷ ബഹളം. താന്‍ നടത്തിയ പരാമര്‍ശം മനഃപൂര്‍വമെല്ലെന്നും പ്രയോഗം പിന്‍വലിക്കുന്നതായും സജിത്ത് പറഞ്ഞതോടെയാണ് ബഹളം ശമിച്ചത്.
നഗരസഭയിലെ 80 ശതമാനം ഉദ്യോഗസ്ഥരും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നായിരുന്നു സജിത്തിന്റെ മറ്റൊരു ആരോപണം. കാടടച്ചു വെടിവയ്ക്കുന്നതിനു പകരം അഴിമതിക്കാരുടെ പേരുകള്‍ സഭയില്‍ പറയണമെന്നു ഭരണപക്ഷം വെല്ലുവിളിച്ചു. പേരുവിവരങ്ങള്‍ സ്വകാര്യം പറയാമെന്നായിരുന്നു മറുപടി. തലശേരി നഗരസഭയില്‍പെട്ട കോടിയേരി പ്രദേശത്ത് എട്ടുശതമാനം നികുതി ഈടാക്കുമ്പോള്‍ നഗരസഭയുടെ മറ്റു ഭാഗങ്ങളില്‍ 43 ശതമാനം വരെ നികുതി ഈടാക്കുന്നുണെ്ടന്നും ഒരേ നഗരസഭയില്‍ രണ്ടുതരം പൗരന്മാരെയാണ് ഇതിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്നും സജിത്ത് ചൂണ്ടിക്കാട്ടി.
പഴയ ബസ്സ്റ്റാന്‍ഡില്‍ മൂത്രപ്പുര നിര്‍മിച്ചിട്ട് അതുപോലും നടത്താന്‍ കഴിയാത്ത ഭരണാധികാരികളാണ് ഇവിടെയുള്ളത്. വൈസ് ചെയര്‍മാന്‍ വിതരണം ചെയ്ത ബജറ്റ് പ്രസംഗത്തിന്റെ കോപ്പിയില്‍ അദ്ദേഹത്തിന്റെ പേരു പോലുമില്ലായിരുന്നു. ഇതുപോലെ നാഥനില്ലാത്ത അവസ്ഥയാണ് നഗരസഭയും നേരിടുന്നത്. ഒ.വി. റോഡ് വീതി കൂട്ടല്‍, എ.വി.കെ നായര്‍ റോഡ് വികസനം, കണ്ടിക്കല്ലിലെ ടൗണ്‍ഷിപ്പ്, മഞ്ഞോടിയിലെ ഷോപ്പിംഗ് കോംപ്ലക്‌സ്, ജൂബിലി ഷോപ്പിംഗ് കോംപ്ലക്‌സിലെ എ ബ്ലോക്ക് നിര്‍മാണം തുടങ്ങി വര്‍ഷങ്ങളായി പ്രഖ്യാപിക്കുന്ന ഒരു പദ്ധതി പോലും ഇതുവരെ യാഥാര്‍ഥ്യമായിട്ടില്ല. ജനങ്ങളെ വഞ്ചിക്കുന്ന ബജറ്റാണ് ഇവിടെ അവതരിപ്പിച്ചത്. കേരളത്തിലെ ആദ്യത്തെ നഗരസഭയായ തലശേരിയില്‍ പുതുതായി ഇടവഴിപോലും നിര്‍മിക്കാന്‍ സാധിക്കാത്തവരാണ് ഭരണം നടത്തുന്നത്. കേന്ദ്രസംസ്ഥാന ഫണ്ടുകള്‍ വിനിയോഗിക്കുകയും രണ്ടു സംവിധാനങ്ങളെയും കുറ്റപ്പെടുത്തുകയുമാണ് ഇവിടെയുള്ളവര്‍ ചെയ്യുന്നത്. ഇത്തരത്തിലുള്ള നഗരസഭ ഇഹലോകത്തും പരലോകത്തും ഉണ്ടാവില്ലെന്നും സജിത് കുറ്റപ്പെടുത്തി.
തുടര്‍ന്നും ചര്‍ച്ചയ്ക്കിടെ പലതവണ ബഹളം അരങ്ങേറി. പിന്നീട് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം പരിശോധിക്കാമെന്ന ഉറപ്പില്‍ ബജറ്റ് പാസാക്കി. അഡ്വ. എം.വി. മുഹമ്മദ് സലിം, വി.എം. സുകുമാരന്‍, ടി. രാഘവന്‍, ടി.പി. ഷാനവാസ്, സി.കെ. രമേശ്, പി.പി. ഖാലിദ്, അഡ്വ. കെ.എ. ലത്തീഫ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടു­ത്തു.
(Deepika)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.