Latest News

പിസി ജോർജ്ജിന്റെ ഇരട്ട നീതി

കോഴിക്കോട്: ഐസ്ക്രീമിനും സൂര്യനെല്ലിക്കും പിന്നാലെ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണം യുഡിഎഫ് മന്ത്രിസഭയെ പ്രതിസന്ധിയില്‍ ആഴ്ത്തി. സര്‍കാര്‍ ചീഫ് വിപ്പ് മന്ത്രിക്കു നേരെ പരസ്യമായി രംഗത്ത് വന്നതിനാല്‍ ആരെ തളളും, ആരെ കൊള്ളും എന്ന ആശയക്കുഴപ്പം നേരിടുകയാണ് മുന്നണി. ഏഴിന് നടക്കുന്ന യു.ഡി.എഫ് യോഗത്തില്‍ ഇതു പ്രധാന ചര്‍ച്ചയാകും.
മന്ത്രിമന്ദിരത്തില്‍ കയറി മന്ത്രിയുടെ കാമുകിയുടെ ഭര്‍ത്താവ് കയ്യംകളി നടത്തിയെന്നാണ് ഒരു പത്രം ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് . തനിക്കു ആരുടെയും തല്ലു കിട്ടിയിട്ടില്ലന്നെും സദാ സമയം പോലീസ് കാവലുള്ള മന്ത്രിയുടെ വീട്ടില്‍ കയറി തല്ലാന്‍ കഴിയുമോ എന്നും ഗണേഷ് ചോദിക്കുന്നു. വാര്‍ത്തയില്‍ പരാമര്‍ശിക്കുന്നത് ഗണേഷിനെ ആണെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് ആണ് വെളിപ്പെടുത്തിയത്. നെല്ലിയാമ്പതി പ്രശ്നത്തില്‍ തന്‍റെ അജണ്ട നടപ്പാക്കാന്‍ പറ്റാതെ പോയ ജോര്‍ജ് ഗണേഷിനെ രാജി വെപ്പിക്കുമെന്നു നേരത്തെ ഭീഷണി മുഴക്കിയതാണ്. കിട്ടിയ അവസരം ജോര്‍ജ് മുതലെടുത്തതാണെന്ന് പൊതുവില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഗണേഷിന്റെഭാര്യ ഭര്‍ത്താവിനു അടി കൊടുക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന സൂചനകള്‍ ഗണേഷിനെ പ്രതിസന്ധിയിലാക്കുന്നു. എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ എന്നാ ഭാവം മന്ത്രിയുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. പ്രശ്നത്തെ മന്ത്രി സമീപിച്ചത് ഒരു പാവത്താന്‍ മട്ടിലാണ്. വ്യാജ ആരോപണമാണെങ്കില്‍ മന്ത്രി പൊട്ടിത്തെറിക്കേണ്ടതായിരുന്നു. അത് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അന്ത്യം പിസി ജോര്‍ജിന്റെ നാവ് കൊണ്ട് തന്നെ സംഭവിക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. ജോര്‍ജിന്റെ പ്രവര്‍ത്തിയെ ദൗര്‍ഭാഗ്യകരം എന്നതിന് അപ്പുറം ആരും ഇതു വരെ വിമര്‍ശിച്ചിട്ടില്ല .നാണക്കേട് എങ്ങിനെയെങ്കിലും ഒതുക്കി തീര്‍ക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. കെ.എം മാണി അടക്കം നേതാക്കളെല്ലാം ഒഴിഞ്ഞു മാറുകയാണ്. കാമുകിയുടെ ഭര്‍ത്താവിന്‍റെ അടി കിട്ടിയതിനു മന്ത്രി രാജി വെക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടിട്ടുണ്ട്. സൂര്യനെല്ലി പ്രശ്നത്തില്‍ പി.ജെ കുര്യനെ അങ്ങയേറ്റം ന്യായീകരിച്ച ആളാണ് ജോര്‍ജ്. സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ അധിക്ഷേപങ്ങളും ചൊരിഞ്ഞു. അങ്ങിനെ ഉള്ള ജോര്‍ജ് ഗണേഷിന്റെ രാജി ആവശ്യപ്പെട്ടതില്‍ ദുരുദ്ദേശം ആരോപിക്കപ്പെടുന്നു.
പാര്‍ട്ടിയെ ഈ പ്രശ്നത്തില്‍ വലിച്ചിഴക്കരുതെന്നാണ് ബാലകൃഷ്ണപിള്ളയുടെ അഭ്യര്‍ത്ഥന. ആരോപണവുമായി പാര്‍ട്ടിക്ക് ബന്ധമില്ല, എന്നാല്‍ ലഭിച്ച വിവരങ്ങള്‍ ആവശ്യമെങ്കില്‍ പറയാമെന്ന ഭീഷണിയും പിള്ളയുടെ പാര്‍ട്ടി പുറത്തു വിട്ടിട്ടുണ്ട്. പാര്‍ട്ടിക്ക് മെരുങ്ങാത്ത ഗണേഷിനെ വഴിക്ക് കൊണ്ട് വരാനുള്ള സുവര്‍ണ അവസരമായി ഇതിനെ പിള്ള ഉപയോഗപ്പെടുത്തുമോ എന്ന് കാത്തിരുന്ന് കാണാം. വിവാഹേതര ബന്ധത്തിന്റെ പേരില്‍ മന്ത്രിമാര്‍ രാജി വെക്കാന്‍ തുടങ്ങിയാല്‍ കേരളത്തില്‍ ഒരു മന്ത്രിസഭക്കും ഭരിക്കാന്‍ കഴിയില്ലെന്നാണ് ഇതേ പറ്റി ഉപശാലാ സംസാരം. അതിനിടെ ഇടതുപക്ഷത്തേക്ക് കൂറ് മാറാന്‍ ഗണേഷ് ശ്രമിക്കുന്നതായി സൂചനകള്‍ കിട്ടിയതിനാലാണ് ജോര്‍ജ് ഇക്കാര്യം പുറത്തു വിട്ടതെന്ന് അഭ്യൂഹങ്ങളുണ്ട്.
1964 ല്‍ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കൊ നേരിട്ടതിനു സമാനമായ ആരോപണമാണ് ഗണേഷ് കുമാര്‍ ഇപ്പോള്‍ നേരിടുന്നത് . തൃശൂരില്‍ മന്ത്രി ചാക്കൊ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടപ്പോള്‍ അതില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നാണ് വാര്‍ത്ത പരന്നത് . പി ടി ചാക്കൊയുടെ രാജിയിലാണ് ഇതു കലാശിച്ചത്. അന്ന് കോണ്‍ഗ്രസ് എം.എല്‍.എ ആയിരുന്ന പ്രഹ്ളാദന്‍ ഗോപാലന്‍ ആണ് ഈ വിഷയം പരസ്യമായി ഉന്നയിച്ചത്. പി.ടി ചാക്കൊ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാലന്‍ സമരം ആരംഭിച്ചു. ചാക്കൊക്ക് രാജി അല്ലാതെ മറ്റു മാര്‍ഗം ഉണ്ടായിരുന്നില്ല.
രാഷ്ട്രീയത്തില്‍ ധാര്‍മികതക്കു വിലയുള്ള കാലമായിരുന്നു അത്. ഇന്നാകട്ടെ സ്ത്രീവിഷയം പ്രമുഖ പാര്‍ടികളെയെല്ലാം വേട്ടയാടുകയാണ്. കോണ്‍ഗ്രസില്‍ പി.ജെ കുര്യന്‍, ലീഗില്‍ കുഞ്ഞാലിക്കുട്ടി, സി.പി.എമ്മില്‍ പി.ശശി, ഗോപി കോട്ടമുറിക്കല്‍ തുടങ്ങിയവര്‍ ഇതേ ആരോപണം നേരിടുന്നവരാണ്. മന്ത്രി ഗണേഷ് കുമാറിനെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിച്ച പി.സി ജോര്‍ജും സമാനമായ ആരോപണം രുചിച്ചറിഞ്ഞിട്ടുണ്ട്. ഏഴിന് ചേരുന്ന യു.ഡി.എഫ് യോഗം ജോര്‍ജിനെതിരെ ഗണേഷ് നല്‍കിയ പരാതി ചര്‍ച്ച ചെയ്യുമെന്നാണ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ വാര്‍ത്താലേഖകരോട് പറഞ്ഞത്. എന്നാല്‍ യു.ഡി.എഫ് യോഗം ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ളതല്ല എന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇന്‍്റലിജന്‍സ് മേധാവി ടി.പി സെന്‍കുമാറിന്റെനിര്‍ദേശ പ്രകാരം മന്ത്രി ഗണേഷിനു സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട് .
കടപ്പാട്: മാധ്യമം

Malabarflash,keralanews

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.