Latest News

കോഴിക്കോട് വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; 21 പാസ്‌പോര്‍ട്ട് പിടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തില്‍ സി.ബി.ഐ വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ 21 പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും കണക്കില്‍പ്പെടാത്ത പണവും പിടിച്ചെടുത്തു.
രാവിലെ കൊച്ചിയില്‍നിന്നെത്തിയ പത്തംഗ സി.ബി.ഐ സംഘമാണ് പരിശോധന നടത്തിയത്. 21 യാത്രക്കാരുടെ പരാതികള്‍ കസ്റ്റംസ് വിഭാഗവുമായി ബന്ധപ്പെട്ട് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ഗള്‍ഫില്‍നിന്നെത്തിയ കണ്ണൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയാണ് അടിയന്തര റെയ്ഡിന് കാരണമായത്.
ഗള്‍ഫില്‍നിന്നെത്തിയ തന്റെ സാധനങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെക്കുകയും വലിയ തുക നികുതി അടയ്ക്കുകയോ കൈക്കൂലി നല്‍കുകയോ ചെയ്താലല്ലാതെ വിട്ടുനല്‍കില്ലെന്ന് പറഞ്ഞതായുമാണ് പരാതി.
കോഴിക്കോട് കസ്റ്റംസ് കമ്മീഷണര്‍ക്കും കൊച്ചിയിലെ സി.ബി.ഐ വിഭാഗത്തിനും ഇവര്‍ പരാതി നല്‍കി. ഇതിനെത്തുടര്‍ന്നാണ് സി.ബി.ഐയുടെ കൊച്ചി വിഭാഗം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. രാവിലെ ആറുമണിക്ക് ആരംഭിച്ച പരിശോധന രാത്രി വൈകുംവരെ തുടര്‍ന്നു.
കസ്റ്റംസ് ഹാളിനകത്തെ ഐ.ടി.ഡി.സി ഡ്യൂട്ടിഫ്രീ ഷോപ്പില്‍നിന്ന് മദ്യം വാങ്ങാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന 21 പാസ്‌പോര്‍ട്ടുകള്‍ സംഘം പിടിച്ചെടുത്തു. ഇവയില്‍ പലതും രേഖകള്‍ ഹാജരാക്കി നികുതി അടയ്ക്കുമ്പോള്‍ വിട്ടുനല്‍കാനായി തടഞ്ഞുവെച്ചവയായിരുന്നു.
ഇതോടൊപ്പം കണക്കില്‍ കാണിക്കാതെ ഉദ്യോഗസ്ഥര്‍ സൂക്ഷിച്ച 4600 രൂപയും കണ്ടെടുത്തു. 2006 ഡിസംബറില്‍ സമാനരീതിയില്‍ സി.ബി.ഐ നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ തിരിമറികള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റുകയുംചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.