Latest News

കണ്ണന്‍ മാസ്റ്റര്‍ക്ക് ഗുരുപൂജ പുരസ്‌കാരം

ഉദിനൂര്‍ : കലാരംഗത്ത് ആറു പതിറ്റാണ്ട് പിന്നിടുന്ന ഉദിനൂരിലെ കണ്ണന്‍ മാസ്റ്റര്‍ക്ക് സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം. നാടകരംഗത്തുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ചാംതരത്തില്‍ പഠിക്കുമ്പോഴാണ് നാടകരംഗത്ത് അരങ്ങേറിയത്. നാരദ വേഷത്തിലാണ് ഏറെ ശ്രദ്ധനേടിയത്.
കല്യാശ്ശേരി ജയഭാരത, കണ്ണൂര്‍ അശ്വതി കലാകേന്ദ്രം, എരിപുരം ഗീതാ നാട്യനിലയം, ശ്രീകണ്ഠപുരം കാവ്യ തുടങ്ങിയവയില്‍ കണ്ണന്‍ മാസ്റ്റര്‍ നിറസാന്നിധ്യമായിരുന്നു. നിരവധി സംഗീതനാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും മെയ്ക്കപ് മാനായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. വെല്ലുവിളി, നാടുവാഴികള്‍, വിചാരണ, മീനമാസത്തിലെ സൂര്യന്‍, ദൈവത്തിന്റെ വികൃതികള്‍, വടക്കുംനാഥന്‍, പഴശ്ശിരാജ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കുഞ്ഞിക്കൂനന്‍, മാനസപുത്രി, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിലെ മികവിന് കാര്‍ഷിക സര്‍വകലാശാലയും നാളികേര വികസന ബോര്‍ഡും ഇദ്ദേഹത്തെ ആദരിച്ചിരുന്നു. സംസ്ഥാന അധ്യാപക സാഹിത്യ സമിതിയുടെ അഭിനയത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു. സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഉദിനൂര്‍ സെന്‍ട്രല്‍ എ.യു.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ചിത്രകലാധ്യാപകനായിരുന്നു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ. ഫൈസല്‍, കെ.കുഞ്ഞമ്പു, കെ.വി.ജതീന്ദ്രന്‍, പി.രവീന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.