Latest News

ഹെല്‍മറ്റ് പരിശോധനയ്ക്കിടെ അപകടം: എസ്.ഐയെ സ്ഥലം മാററി, പ്രതിഷേധം തുടരുന്നു

കോഴിക്കോട്: തിരുവണ്ണൂരില്‍ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തെത്തുടര്‍ന്ന് പന്നിയങ്കര എസ്.ഐ. അനില്‍കുമാറിനെ സ്ഥലം മാറ്റിയെങ്കിലും ജനക്കൂട്ടത്തിന്റെ പ്രതിഷേധം തണുപ്പിക്കാനായില്ല. ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചതും ഇതിനെച്ചൊല്ലി പ്രദേശത്തുണ്ടായ സംഘര്‍ഷവും മന്ത്രി ഡോ. എം.കെ. മുനീര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെടുത്തത്.
മറ്റുകാര്യങ്ങള്‍ അന്വേഷിക്കാന്‍ സിറ്റിപോലീസ് കമ്മീഷണറെ ചുമതലപ്പെടുത്തിയതായും തിരുവഞ്ചൂര്‍, മുനീറിനെ അറിയിച്ചു. അന്വേഷണത്തിനുശേഷം മറ്റുനടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചതായി മുനീര്‍ പറഞ്ഞു.
എസ്.ഐ.യെ സ്ഥലം മാറ്റിയകാര്യം രാത്രി 11.40­ഓടെ സിറ്റിപോലീസ് കമ്മീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍ സംഘര്‍ഷസ്ഥലത്ത് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.പി.യുടെ അന്വേഷണത്തിനുശേഷം സസ്‌­പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. ഇക്കാര്യം സമരക്കാരെ അറിയിച്ചെങ്കിലും സമരക്കാര്‍ വഴങ്ങി­യില്ല.
എം.എല്‍.എ. മതിലിനുമുകളില്‍ കയറി ഇക്കാര്യം വിളിച്ചുപറഞ്ഞുവെങ്കിലും പ്രതിഷേധം തണുപ്പിക്കാനായില്ല. എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തടിച്ചുകൂടിയ ജനങ്ങള്‍ അര്‍ധരാത്രിക്കുശേഷവും ബഹളം തുടര്‍ന്നു.

എസ്.ഐ.ക്കെതിരെ നടപടിയെടുക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് കെ.സി.അബുവിനെയും ആഭ്യന്തരമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായും അബു അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.