കൊച്ചി: ''80 ശതമാനം വികലാംഗനായ ബിജുവിന് ഇനി വീല്‍ചെയറില്‍ മാത്രമേ സഞ്ചരിക്കാനാവൂ''! തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ന്യൂറോ സര്‍ജന്റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ വാഹനവും ഡ്രൈവിങ്ങുമില്ലാതെ ജീവിക്കുന്നതിലും ഭേദം മരണമായിരുന്നെന്നാണ് എരുമേലി മുക്കൂട്ടുതറ പുരയിടത്തില്‍ ബിജു വര്‍ഗീസ് ചിന്തിച്ചത്. പിന്നീട് ആശുപത്രി കിടക്കയിലെ ആലോചന മുഴുവനും കാല് ഉപയോഗിക്കാതെ എങ്ങനെ വാഹനം ഓടിക്കാം എന്നതിനെക്കുറിച്ചു മാത്രമായിരുന്നു. ആത്മവിശ്വാസത്തിനൊപ്പം നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ തന്റെ സ്വപ്നം സഫലമാക്കിയപ്പോള്‍ ബിജു രൂപകല്‍പ്പന ചെയ്ത മുന്നൂറ്റമ്പതോളം വാഹനങ്ങളാണു രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൂടെ വികലാംഗരുടേതായി ഇപ്പോള്‍ ചീറിപ്പായുന്നത്.
ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍ കോണ്‍ഗ്രസ്സി(ഡി.എ.പി.സി)ന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബിജു കഴിഞ്ഞദിവസം കൊച്ചിയിലെത്തിയതും തന്റെ ഹാന്‍ഡ് ലിവര്‍ ആള്‍ട്ടോ കാറിലാണ്.
1996 മാര്‍ച്ച് രണ്ടിന് 24ാമത്തെ വയസ്സിലാണ് ജീവിതം മാറ്റിമറിച്ച ആ ദുരന്തമുണ്ടായത്. കൊട്ടാരക്കരയില്‍ ഏറ്റെടുത്തു നടത്തിയിരുന്ന വയറിങ് ജോലിക്കു ശേഷം കൂട്ടുകാരനൊപ്പം ബൈക്കില്‍ വീട്ടിലേക്കു തിരിക്കുന്നതിനിടെ കൈവരിയില്ലാത്ത പാലത്തില്‍നിന്നു താഴെ റെയില്‍വേ ട്രാക്കിലേക്കു വീണു. മരിച്ചെന്നു തന്നെയാണ് ഉറപ്പിച്ചത്. തലയില്‍ ഗുരുതരമായി പരിക്കേറ്റു. കൂടാതെ നട്ടെല്ലിനും ക്ഷതം സംഭവിച്ചു. മൂന്നാഴ്ച മെഡിക്കല്‍ കോളജിലും ഒരുമാസം സ്വകാര്യ ആശുപത്രിയിലെയും ചികില്‍സയ്ക്കു ശേഷമാണു വീട്ടിലേക്കു മടങ്ങിയത്. അപകടത്തിനു ശേഷവും ഡ്രൈവിങിനോടുള്ള അഭിനിവേശം കുറഞ്ഞില്ല.
നാഷനല്‍ ജ്യോഗ്രഫിക് ചാനലില്‍ കൈകൊണ്ടു പ്രവര്‍ത്തിപ്പിക്കാവുന്ന ലിവര്‍ ഉപയോഗിച്ച് വിമാനം നിയന്ത്രിക്കുന്നതു കണ്ടപ്പോള്‍ ആത്മവിശ്വാസമായി. ഈ പ്രവര്‍ത്തനരീതി അലുമിനിയം ഷീറ്റില്‍ വരച്ച ശേഷം വര്‍ക്ഷോപ്പില്‍ കൊണ്ടുപോയി കാറിന്റെ ബ്രേക്കും ക്ലച്ചും ആക്സിലേറ്ററും ഗിയറിന്റെ സമീപത്തേക്കു മാറ്റി സ്ഥാപിച്ചു. ആദ്യം പരാജയപ്പെട്ടെങ്കിലും പിന്നീട് ഗിയര്‍ നോബ് ഊരിമാറ്റി അവിടെ പ്രത്യേക ലിവര്‍ സിസ്റ്റം സംവിധാനിച്ച് കേബിളുകള്‍ ബ്രേക്കിലേക്കും ആക്സിലേറ്ററിലേക്കും ക്ലച്ചിലേക്കും പിടിപ്പിച്ചു. ശേഷം ഈ വണ്ടിയുമായി വീട്ടിലേക്കു തനിയെ ഓടിച്ചുവന്നപ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ബിജുവിന്.
പിന്നീട് പരസഹായമില്ലാതെ വാഹനങ്ങളില്‍ വികലാംഗര്‍ക്ക് അനുയോജ്യമായ രീതിയില്‍ സാങ്കേതികമാറ്റം വരുത്താന്‍ തുടങ്ങി. കണ്ടുപിടിത്തത്തെക്കുറിച്ചു കേട്ടറിഞ്ഞു വികലാംഗരായ നിരവധി പേരാണു വാഹനവുമായി വീട്ടിലേക്കെത്തിയത്. സംസ്ഥാനത്തിനു പുറമെ അഹ്മദാബാദ്, പൂനെ, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ നിരത്തുകളിലും ബിജു രൂപകല്‍പ്പന ചെയ്ത വാഹനങ്ങള്‍ ഇപ്പോള്‍ കുതിച്ചുപായുന്നു. മൂന്നു ദേശീയ അവാര്‍ഡുകളാണു ബിജുവിന്റെ കണ്ടുപിടിത്തത്തിന് അംഗീകാരമായി ലഭിച്ചത്. 2007ല്‍ നാഷനല്‍ ഇന്നൊവേഷന് ഫൗണ്ടേഷന് പുരസ്കാരം, 2011ല്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റിസ് ആന്റ് എംപവര്‍മെന്റ് അവാര്‍ഡ്, 2012ല്‍ സി.എന്‍.എന്‍- ഐ.ബി.എന്‍ ചാനലിന്റെ ഇന്ത്യ പോസിറ്റീവ് അവാര്‍ഡ് എന്നിവയാണു ബിജുവിനു ലഭിച്ചത്. 2007ല്‍ ഡല്‍ഹിയില്‍ വച്ചു പുരസ്കാരദാനവേളയില് സ്റ്റേജില്‍നിന്നു രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാം സദസ്സിലേക്ക് ഇറങ്ങിവന്നു തോളില്‍ത്തട്ടി അഭിനന്ദിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ അനുഭവമെന്നു ബിജു ഓര്‍ക്കുന്നു.
ഇപ്പോള്‍ വീടിനടുത്തു തന്നെ ചെറിയ വര്‍ക്ഷോപ്പ് നടത്തുന്നുണ്ട്. 13 പ്രധാന കാര്‍നിര്‍മാതാക്കളുടെ 55ഓളം വാഹനങ്ങളില്‍ സാങ്കേതികമാറ്റം വരുത്താന്‍ ലൈസന്‍സുള്ള വ്യക്തിയാണ് ഇപ്പോള്‍ ബിജു. ഓട്ടോമേറ്റീവ് റിസേര്‍ച്ച് അസോസിയേഷന്റെ അംഗീകാരം ലഭിച്ചതോടെ ബിജുവിന്റെ സാങ്കേതികത ഇന്നു രാജ്യം മുഴുവനും അംഗീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍-സേലം റൂട്ടില്‍ തന്റെ വാഹനം 165 മൈല്‍ സ്പീഡില്‍ പറത്തിയത് വീഡിയോയില്‍ പകര്‍ത്തി അധികൃതരെ കാണിക്കാനുള്ള തയ്യാറെടുപ്പിലാണു ബിജു. ബയോ ടെക്നോളജിസ്റ്റായ ഭാര്യ ജൂബിക്കും മകന് ജോര്‍ജ് ജോസഫിനുമൊപ്പമാണു ബിജുവിന്റെ താമസം.
(തേജസ്)
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
ഉദുമ[www.malabarflash.com]: തൃക്കണ്ണാട് – കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സാര്‍വ്വജനിക മഹാശനീശ്വര ഹോമം 12 നു ശന...
No comments:
Post a Comment