Latest News

ഹെല്‍മെറ്റ് പരിശോധന: ബൈക്കില്‍നിന്ന് വീണ് യുവാവിന് പരിക്കേറ്റു

കൊല്ലം: ചിന്നക്കടയില്‍ പോലീസ് നടത്തിയ ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ ബൈക്കില്‍നിന്ന് റോഡില്‍ വീണ് യുവാവിന് സാരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന അനുജനും ചെറിയ പരിക്കുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.15 ഓടെ ഹെഡ് പോസ്റ്റോഫീസിന് മുന്നിലാണ് സംഭവം. പോലീസ് ബൈക്കില്‍ നിന്ന് വലിച്ചിട്ടെന്നാണ് പരാതി.
നീണ്ടകര പള്ളിത്തോപ്പ് അലോഷ്യസിന്റെ മകന്‍ സാജ് അലോഷ്യസിനാണ് (21) പരിക്കേറ്റത്. അനുജന്‍ സിബിയെ പിന്നിലിരുത്തി ബൈക്ക് ഓടിച്ചിരുന്ന സാജ് ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍ ട്രാഫിക് പോലീസ് കൈകാണിച്ചു. ബൈക്ക് വേഗംകുറച്ച് വശത്തേക്ക് ഒതുക്കാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ ചാടിവന്ന രണ്ട് പോലീസുകാര്‍ കഴുത്തിന് കടന്നുപിടിക്കുകയായിരുന്നുവെന്ന് സാജ് പറഞ്ഞു.
ബൈക്കിന്റെ മുന്‍വശം പൊങ്ങിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞ് യുവാക്കള്‍ രണ്ടും റോഡില്‍ തെറിച്ചുവീണു. പോലീസുകാരന്റെ ബലപ്രയോഗംമൂലം കഴുത്തിലെ മാല പൊട്ടി. കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. വീഴ്ചയില്‍ ഇടതുകാലിന് പരിക്കുണ്ട്. തലയിടിച്ചതായും സാജ് പറഞ്ഞു. അനുജന്‍ സിബിയുടെ കൈമുട്ടുകള്‍ക്ക് പരിക്കേറ്റു.
സംഭവത്തെത്തുടര്‍ന്ന് ആളുകള്‍ തടിച്ചുകൂടിയതിനാല്‍ ഗതാഗത തടസ്സമുണ്ടായി. ആളുകളെ വിരട്ടിയോടിച്ചശേഷം ഈസ്റ്റ് പോലീസാണ് പരിക്കേറ്റവരെ ജില്ലാ ആസ്പത്രിയില്‍ എത്തിച്ചത്.
ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥിയായ സാജ് അടുത്തയാഴ്ച ഷാര്‍ജയ്ക്ക് പോകാനായി കൊല്ലത്ത് വസ്ത്രങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു. വസ്ത്ര പായ്ക്കറ്റുകളുമായി മടങ്ങുമ്പോഴാണ് സംഭവം.
സാജിന്റെ അച്ഛന്‍ അലോഷ്യസ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അസി. കമ്മീഷണര്‍ ബി.കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തി.
പ്രാഥമികാന്വേഷണത്തില്‍ പോലീസ് ബലപ്രയോഗം നടത്തിയതിന്റെ സൂചനകളൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പോലീസുകാരന്‍ കൈനീട്ടുന്നതും വെട്ടിച്ച് രക്ഷപ്പെട്ടുപോകുന്നതിനിടയില്‍ ബൈക്ക് മറിയുന്നതുമേ കാണാനായിട്ടുള്ളുവെന്നും പോലീസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.