Latest News

കടല്‍ക്കൊള്ളക്കാര്‍ അഞ്ചു മലയാളികളെ മോചിപ്പിച്ചു

ന്യൂഡല്‍ഹി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ ഒരു വര്‍ഷത്തിലധികമായി ബന്ദികളാക്കിയ എം.ടി റോയല്‍ ഗ്രേസ് എന്ന കപ്പലിലെ അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരെ മോചിപ്പിച്ചു.
തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ഡിപിന്‍ ഡേവിഡ്, ഇരിഞ്ഞാലക്കുട മംഗലത്ത് വീട്ടില്‍ സ്റ്റാന്‍ലി വിന്‍സന്റ് (21), ഒറ്റപ്പാലം പനമണ കൊടക്കാട്ടില്‍ കെ സി മിഥുന്‍ (24), കൊല്ലം ചടയമംഗലം മനീഷാലയത്തില്‍ മനീഷ് മോഹന്‍ (21), തിരുവനന്തപുരം മലയം അഞ്ജനാലയത്തില്‍ അര്‍ജുന്‍ എന്നിവരടക്കം 17 പേരാണു മോചിതരായത്. ഇവരെ വഹിച്ചുകൊണ്ടുള്ള കപ്പല്‍ ഒമാനിലേക്കു പോയതായി ബന്ധുക്കള്‍ പറഞ്ഞു. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രം ഒമാന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വൈകാതെ ഇവരെ നാട്ടിലെത്തിക്കും.
2012 മാര്‍ച്ച് ഒന്നിനാണു മോചനദ്രവ്യം ആവശ്യപ്പെട്ടു ദുബയ് ആസ്ഥാനമായ റോയല്‍ ഗ്രേസ് കപ്പലിലെ ജീവനക്കാരെ തട്ടിക്കൊണ്ടുപോയത്. നൈജീരിയയിലേക്കുള്ള മാര്‍ഗമധ്യേയാണ് ഒമാന്‍ തീരത്തുവച്ചു കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിയെടുത്തത്. ഏഴരക്കോടി രൂപ മോചനദ്രവ്യം വേണമെന്നും ഇന്ത്യയില്‍ തടവിലുള്ള സോമാലിയന്‍ കൊള്ളക്കാരെ മോചിപ്പിക്കണമെന്നതുമായിരുന്നു ആവശ്യം.
ജീവനക്കാരുടെ മോചനത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നേരത്തേ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. പിന്നീട് കേന്ദ്ര പ്രവാസികാര്യ വകുപ്പു നടത്തിയ ഇടപെടലില്‍ കപ്പലുടമ മോചനദ്രവ്യം നല്‍കുകയായിരുന്നു. മോചിതനായ വിവരം മകന്‍ വീട്ടിലേക്കു വിളിച്ച് അറിയിച്ചതായി ഡിപിന്റെ വീട്ടുകാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
കൊള്ളക്കാര്‍ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നതിനാല്‍ അവരില്‍നിന്നു കൈക്കലാക്കിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഒരു വര്‍ഷം ബന്ധുക്കളുമായി ബന്ധപ്പെട്ടിരുന്നതെന്നു യുവാക്കള്‍ പറഞ്ഞു. റോയല്‍ ഗ്രേസ് കപ്പലിനു പുറമെ മറ്റൊരു കപ്പലും കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയിരുന്നു. മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്ന് ഈ കപ്പലും മോചിപ്പിക്കപ്പെട്ടതായി റിപോര്‍ട്ടുണ്ട്.
മക്കളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും പ്രതിരോധമന്ത്രി എ കെ ആന്റണിയെയും വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയെയും കണ്ടിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നു മാതാപിതാക്കള്‍ ഡല്‍ഹിയില്‍ ധര്‍ണയും മറ്റും നടത്തിയിരുന്നു. എം.പിമാരായ എം ബി രാജേഷ്, കെ എന്‍ ബാലഗോപാല്‍, പി സി ചാക്കോ എന്നിവരാണ് ഇവര്‍ക്കു സഹായങ്ങള്‍ നല്‍കിയത്. എം ബി രാജേഷും കെ എന്‍ ബാലഗോപാലും വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.