Latest News

സി.പി.എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റുന്നത് പിണറായിയുടെ ‘മോഡിസം’: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ദുബൈ: കേരളത്തില്‍ സി.പി.എമ്മിനെ ജനങ്ങളില്‍നിന്ന് അകറ്റുന്നത് പിണറായി വിജയന്‍െറ ‘മോഡിസ’മാണെന്ന് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്. ‘ഗുജറാത്തില്‍ നരേന്ദ്ര മോഡി ന്യൂനപക്ഷ വിഭാഗക്കാരെ കൊന്നൊടുക്കി. പിന്നീട് ഇതുസംബന്ധിച്ച കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയോ, ഇല്ലാതാക്കിയോ കേസില്‍നിന്ന് രക്ഷപ്പെടുന്നു. ഇതുതന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. സി.പി.എമ്മില്‍ തന്‍െറ നിലപാടുകളെ എതിര്‍ക്കുന്നവരെ പിണറായി വിജയന്‍ പാര്‍ട്ടിയില്‍ ഇല്ലാതാക്കുന്നു. പാര്‍ട്ടിയില്‍നിന്ന് പുറത്താകുന്നവരെ പിന്നീട് ചില സംഘങ്ങള്‍ വകവരുത്തുന്നു. സാക്ഷികളെ ഭീഷണിപ്പെടുത്തി കേസില്‍നിന്ന് പ്രതികളെ രക്ഷപ്പെടുത്തുന്നു’-അദ്ദേഹം പറഞ്ഞു.

ഗ്രാമം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മേയ് മൂന്നിന് ദുബൈയില്‍ നടത്തുന്ന ടി.പി. ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ പ്രഭാഷണം നടത്താനെത്തിയ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ഒരു മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് രൂക്ഷമായ വിമര്‍ശനങ്ങള്‍ അഴിച്ചു വിട്ടത് ആദ്യമായാണ് അപ്പുക്കുട്ടന്‍ ഗള്‍ഫ് സന്ദര്‍ശിക്കുന്നത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം വേണം. അതുപോലെ, പാര്‍ട്ടിയിലെ ന്യൂനപക്ഷത്തിനും സംരക്ഷണം ആവശ്യമാണ്. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്‍െറ ആണിക്കല്ല്. വിയോജിക്കാന്‍ പാര്‍ട്ടിയിലും അവകാശമുണ്ട്. അതിനെ അടിച്ചമര്‍ത്തുന്നത് ഫാഷിസമാണ്. ‘കമ്യൂണിസ്റ്റ് മോഡിസ’മാണ് പിണറായി നടപ്പാക്കുന്നത്.
ഇ.എം.എസിന്‍െറ പാതയില്‍നിന്ന് സി.പി.എം ഇന്ന് ഏറെ അകന്നു. ഇ.എം.എസിന്‍െറ ജീവചരിത്രം എഴുതിയ വ്യക്തിയാണ് ഞാന്‍. ഇ.എം.എസ് ഇപ്പോള്‍ വീണ്ടും ജീവിച്ചാല്‍ ചൂലെടുത്ത് എ.കെ.ജി സെന്‍ററിലേക്ക് പോകാനും അവിടെയുള്ളവരെ പുറത്താക്കാനും ജനങ്ങളോട് ആവശ്യപ്പെടുമായിരുന്നു-അപ്പുക്കുട്ടന്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ കൂറുമാറാന്‍ കാരണം സി.പി.എമ്മിന്‍െറ ഭീഷണിയാണ്. എന്നാല്‍, ഇതുസംബന്ധിച്ച ‘ദേശാഭിമാനി’ വാര്‍ത്തകള്‍ കാണുമ്പോള്‍ വളരെ സങ്കടം തോന്നുന്നു. സാക്ഷികള്‍ കൂറുമാറി എന്നല്ല വാര്‍ത്ത നല്‍കുന്നത്. പകരം, പ്രോസിക്യൂഷനെതിരെ സാക്ഷികള്‍ എന്നാണ്. ഏത് പാര്‍ട്ടി ഭരിച്ചാലും പ്രോസിക്യൂഷന്‍െറ ധര്‍മം ഒന്നാണ്. പ്രോസിക്യൂഷനെ അപഹസിക്കുകയാണ് ദേശാഭിമാനി വാര്‍ത്തയിലൂടെ ചെയ്യുന്നത്.
ടി.പി. വധക്കേസില്‍ പ്രോസിക്യൂഷന്‍െറ ഏറ്റവും വലിയ തെളിവ് എല്‍.ഡി.എഫ് ഭരണകാലത്തെ ഇന്‍റലിജന്‍സ് റിപോര്‍ട്ടുകളാണ്. ടി.പിയെ വകവരുത്താന്‍ കണ്ണൂര്‍ ഭാഗത്തെ പാര്‍ട്ടി സംഘങ്ങള്‍ ശ്രമിക്കുന്നതായും അദ്ദേഹത്തിന്‍െറ ജീവന് ഭീഷണിയുണ്ടെന്നും ഈ റിപോര്‍ട്ടുകളില്‍ പറയുന്നുണ്ട്. ടി.പിയെ ഇല്ലാതാക്കിയാല്‍ മാത്രമേ ആര്‍.എം.പി ഇല്ലാതാകുകയുള്ളൂ എന്ന പാര്‍ട്ടി നിലപാടാണ് കൊലക്ക് കാരണം. സി.പി.എമ്മില്‍നിന്ന് പുറത്താക്കിയ ശേഷം വി.ബി. ചെറിയാനെ കൊല്ലാന്‍ മൂന്നു തവണ ശ്രമിച്ചതായി ഒരു ജില്ലാ കമ്മിറ്റി അംഗം സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബദല്‍ രേഖയില്‍ ഒപ്പിട്ടതിന്‍െറ പേരില്‍ ഇ.എം.എസ് ‘ഒപ്പിയാന്മാര്‍’ എന്ന് വിളിച്ച സംഘത്തിലുണ്ടായിരുന്ന എം.വി. രാഘവന്‍ പാര്‍ട്ടിക്ക് പുറത്തായപ്പോള്‍, സംഘത്തിലുണ്ടായിരുന്ന വി.വി. ദക്ഷിണാമൂര്‍ത്തി ഇപ്പോഴും പാര്‍ട്ടിയിലുണ്ട്. ഇതേ നിലപാട് സ്വീകരിച്ച ഇ.കെ. നായനാരെയും പാര്‍ട്ടി സ്വീകരിച്ചു. സി.പി.എം പുറത്താക്കിയ ശേഷം ജീവന്‍ രക്ഷിക്കാനാണ് എം.വി. രാഘവന്‍ കോണ്‍ഗ്രസ് മുന്നണിയുടെ കൂടെ ചേര്‍ന്നത്. രാഘവനും ഗൗരിയമ്മക്കും ഇനിയൊരിക്കലും സി.പി.എമ്മിനോട് ഒത്തുപോകാന്‍ സാധിക്കില്ല. കേരളത്തില്‍ പാര്‍ട്ടിയില്‍നിന്ന് കൊഴിഞ്ഞുപോക്ക് വര്‍ധിക്കുകയും വളര്‍ച്ചാ നിരക്ക് കുറയുകയും ചെയ്തതായി 19, 20 പാര്‍ട്ടി കോണ്‍ഗ്രസിലെ സംഘടനാ റിപോര്‍ട്ടിലുണ്ട്. അംഗത്വം പെരുപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ദുരവസ്ഥയില്‍നിന്ന് സി.പി.എമ്മിനെ രക്ഷിക്കാന്‍ പാര്‍ട്ടി സ്നേഹികളും ജനങ്ങളും യോജിച്ച് മുന്നോട്ടുവരണം-അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.