ചണ്ഡിഗഢ്: സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദേരയും റിയല്‍ എസ്റ്റേറ്റ് ഭീമന്‍ ഡി.എല്‍ . എഫും തമ്മിലുള്ള ഇടപാടുകളിലെ തട്ടിപ്പ പുറത്തു കൊണ്ടുവന്നതിലൂടെ സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയ മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അശോക് ഖെംകയെ വീണ്ടും സ്ഥലം മാറ്റി. ഹരിയാനാ കേഡറിലെ ഉദ്യോഗസ്ഥനായ ഖെംകയെ ആറുമാസത്തിനിടെ രണ്ടാമത്തെ തവണയാണ് സ്ഥലം മാറ്റുന്നത്. 21 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടെ 40 തവണയാണ് ഈ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നേരിടേണ്ടി വന്നത്. ഹരിയാനാ സീഡ്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടറായ 47കാരനായ അശോകിനെ ഹരിയാനാ ആര്‍കൈവ്‌സിന്റെ ചുമതല നല്‍കിയാണ് ഇത്തവണ ഒതുക്കിയത്.
ഖെംകയ്ക്ക് പകരക്കാരനായി എത്തിയ അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ അഡീഷണല്‍ ഡയറക്ടര്‍ ബി.എസ് ദുഗലും ഖെംകയുമായി തര്‍ക്കമുണ്ടായി. തനിക്ക്, സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും കസേര ഒഴിയില്ലെന്നും ഖെംക കണിശമായി പറഞ്ഞതോടെ പകരക്കാരന് ചുമതലയേല്‍ക്കാന്‍ കഴിഞ്ഞില്ല. ഹരിയാനയിലെ ഗുഡ്ഗാവ്, ഫരീദാബാദ്, മിവാത്, പാല്‍വല്‍ എന്നിവിടങ്ങളില്‍ വദേരയുടെ കമ്പനി നടത്തിയ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ തട്ടിപ്പുണ്ടെന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ കണ്‍സോളിഡേഷന്‍ ഓഫ് ലാന്റ് ഹോള്‍ഡിങ്‌സ് ആന്റ് ലാന്റ് റെക്കോര്‍ഡസ് ഡയറക്ടര്‍ ജനറലായിരിക്കെ അദ്ദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, വദേരയും ഡി.എല്‍.എഫും തമ്മിലുള്ള ഇടപാടുകള്‍ ഇദ്ദേഹം റദ്ദാക്കി.
ഇരുകക്ഷികളും നേരത്തെ നടത്തിയ ഭൂമി ഇടപാടുകള്‍ക്കെതിരെയും അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. തുടര്‍ന്ന്, ഇടപാടുകള്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ ആഴ്ചകള്‍ക്കകം നാല് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വദേരക്ക് ക്‌ളീന്‍ ചിറ്റ് നല്‍കി. ഒക്‌ടോബര്‍ എട്ടിനായിരുന്നു ഖെംകയുടെ ഉത്തരവ് പുറത്തു വന്നത്. പതിനൊന്നാം തീയതി തന്നെ ഇദ്ദേഹത്തെ ഇപ്പോഴത്തെ തസ്തികയിലേക്ക് സ്ഥലം മാറ്റി. സംഭവത്തെ തുടര്‍ന്ന് തനിക്ക് വധഭീഷണി ഉണ്ടായതായി അശോക് പരാതി നല്‍കിയിരുന്നു.
വിവാദ സ്ഥലമിടപാടുകള്‍ റദ്ദാക്കിയ ഖെംകയുടെ നടപടിയുടെ നിയമസാധുത അന്വേഷിക്കുന്നതിന് ഹരിയാനാ സര്‍ക്കാര്‍ ചില ഐ.എ.എസ്.ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിരുന്നു. ഖെംകയുടെ നടപടി ചട്ട വിരുദ്ധമാണെന്ന് കണ്ടെത്തിയ സമിതി ഭൂമി ഇടപാടുകള്‍ റദ്ദാക്കേണ്ടതിള്‍െന്ന് ശുപാര്‍ശ ചെയ്തു. എന്നാല്‍ തന്നോട് വിശദീകരണം പോലും ചോദിക്കാതെയാണ് തിടുക്കപ്പെട്ട് ഇത്തരമൊരു റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതെന്ന് ഖെംക തുറന്നടിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എന്ന നിലക്ക് താനെടുത്ത നടപടി റദ്ദാക്കാന്‍ ഹൈക്കോടതിക്കല്ലാതെ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വദേരയുമായി ബന്ധപ്പെട്ട റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് പുറത്തു കൊണ്ടു വന്ന ഉടനെയാണ് ഹരിയാനാ സീഡ്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷനിലേക്ക് അശോകിനെ സ്ഥലം മാറ്റിയത്. ഇവിടെ ആറുമാസം തികയ്ക്കും മുമ്പാണ് അപ്രധാന തസ്തികയിലേക്ക് പുതിയ സ്ഥലം മാറ്റം. 2005 മുതല്‍ ഹരിയാനയിലെ വിവിധ സ്ഥലങ്ങളിലായി 170 ഏക്കര്‍ ഭൂമിയാണ് വദേരയുടെ കമ്പനി വാങ്ങിക്കൂട്ടിയത്
Keywords: illegal land deals, Haryana illegal land deals, Robert Vadra land deal, Ashok Khemka transfer, political scandals, Land Consolidation and Land Records, Ashok Khemka, Vadra-DLF land issue


No comments:
Post a Comment