Latest News

സേലത്തെ മലയാളി എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയുടെ മരണം: ഏഴു പേര്‍ കസ്റ്റഡിയില്‍

 Kerala, Kannur, Student, Custody,
തളിപ്പറമ്പ്: സേലത്ത് തളിപ്പറമ്പ് സ്വദേശിയായ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചതുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികളായ ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശികളായ ഷെബിന്‍, ഡാനിഷ്, മിഥുന്‍, വയനാട് സ്വദേശി അമല്‍, ബാലുശേരി സ്വദേശി അശ്വന്ത്, കോഴിക്കോട് സ്വദേശി ലിജോ, എറണാകുളം സ്വദേശി ഡേവിസ് എന്നിവരാണ് കസ്‌റഡിയിലായത്. ഇന്നലെ വൈകുന്നേരം 5.30 നാണ് സേലം ജ്ഞാനമണി എന്‍ജിനിയറിംഗ് കോളജിലെ ഒന്നാംവര്‍ഷ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ തളിപ്പറമ്പ് സ്വദേശി ദീപക് (20) മരിച്ചത്. 

കൂട്ടുകാരനായ എറണാകുളം സ്വദേശി ദിനീഷ് ജോസഫിന്റെ ബൈക്കിന് പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്ന ദീപക്കിനെ പിന്നാലെയെത്തിയ കാര്‍ ഇടിച്ചിടുകയായിരുന്നു. റാഗിംഗുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് ദീപക്കിന്റെ സഹപാഠികളായ വിദ്യാര്‍ഥികള്‍ ഇന്നലെ ആരോപിച്ചിരുന്നു. ദിനീഷും ദീപക്കും സഞ്ചരിച്ചിരുന്ന ബൈക്ക് പ്രതികളുടെ കാറില്‍ തട്ടിയിരുന്നു. തുടര്‍ന്ന് ബൈക്ക് നിര്‍ത്താതെ പോകുമ്പോള്‍ കാറില്‍ പിന്തുടരുകയും ബൈക്കില്‍ ഇടിപ്പിക്കുകയുമായിരുന്നുവെന്നാണ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ദിനീഷ് കോയമ്പത്തൂരില്‍ ചികിത്സയിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി രാശിപുരം പോലീസില്‍ രേഖാമൂലം പരാതി നല്‍കിയതായി ദീപക്കിന്റെ ബന്ധു മധു വിക്രാന്ത് പറഞ്ഞു.

ദീപക്കിന്റെ മരണവാര്‍ത്ത അറിഞ്ഞ് കെ. സുധാകരന്‍ എംപി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ബന്ധപ്പെട്ടിരുന്നു. മന്ത്രി സേലത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് വിവരങ്ങളാരായുകയും കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം കോളജ് അധികൃതരും പോലീസും കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ ദീപക്കിന്റെ മൃതദേഹം സൂക്ഷിച്ചിട്ടുള്ള ആശുപത്രിയില്‍ പ്രതിഷേധം നടത്തി. സേലം ഗവ. ആശുപത്രിയില്‍ രാവിലെ പോസ്റ്റുമോര്‍ട്ടം ചെയ്ത ദീപക്കിന്റെ മൃതദേഹം ഇന്നുരാത്രിയോടെ വീട്ടിലെത്തിക്കും. പത്മനാഭന്‍ഷീല ദമ്പതികളുടെ ഏക മകനാണ് ദീപക്.

Keywords: Kerala, Kannur, Student, Custody, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.