Latest News

തൊഴിലാളിവര്‍ഗത്തിന്റെ പുതിയ പോരാട്ടങ്ങള്‍ക്ക് കാഹളം മുഴങ്ങുകയായി; കണ്ണൂര്‍ ചുവപ്പണിഞ്ഞു

കണ്ണൂര്‍: നെയ്ത്തുകാരുടെയും ബീഡിതെറുപ്പുകാരുടെയും അവകാശസമരങ്ങളുടെ കനലണയാത്ത കണ്ണൂരില്‍ രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെ പുതിയ പോരാട്ടങ്ങള്‍ക്ക് കാഹളം മുഴങ്ങുകയായി. ഇന്ത്യയിലെ കരുത്തുറ്റ തൊഴിലാളി പ്രസ്ഥാനമായ സിഐടിയുവിന്റെ പതിനാലാം ദേശീയ സമ്മേളനത്തിന് ബുധനാഴ്ച ചെങ്കൊടി ഉയരും. ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തില്‍നിന്നുള്ള പതാകയും കയ്യൂര്‍ സ്മൃതിമണ്ഡപത്തില്‍നിന്നുള്ള കൊടിമരവും കര്‍ഷകപ്രക്ഷോഭത്തിന്റെ ഇതിഹാസഭൂമിയായ തില്ലങ്കേരിയില്‍നിന്നുള്ള ദീപശിഖയും ബുധനാഴ്ച വൈകിട്ട് അഞ്ചോടെ എ കെ ജി സ്ക്വയറില്‍ സംഗമിക്കും. തുടര്‍ന്ന്, ബാന്‍ഡ്സംഘത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ആയിരങ്ങള്‍ അണിനിരക്കുന്ന വന്‍പ്രവാഹമായി സമ്മേളന നഗരിയിലേക്കു നീങ്ങും.

5.30ന് പൊതുസമ്മേളന വേദിയായ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലെ "സി കണ്ണന്‍ നഗറി"ല്‍ സ്വാഗതസംഘം ചെയര്‍മാന്‍ കോടിയേരി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തും. 1970ല്‍ രൂപംകൊണ്ട സിഐടിയുവിന്റെ ദേശീയ സമ്മേളനത്തിന് മൂന്നാംതവണയാണ് കേരളം ആതിഥ്യമേകുന്നത്. കണ്ണൂര്‍ ആദ്യമായും. ട്രേഡ്യൂണിയനുകളുടെ ലോക ഫെഡറേഷനില്‍(ഡബ്ല്യുഎഫ്ടിയു) അംഗത്വം ലഭിച്ച ശേഷമുള്ള ആദ്യ സമ്മേളനമാണ് ഇക്കുറി. 2010 മാര്‍ച്ച് 17 മുതല്‍ 21 വരെ ചണ്ഡീഗഢില്‍ നടന്ന പതിമൂന്നാം സമ്മേളനത്തിനുശേഷമുള്ള ദേശീയ-സാര്‍വദേശീയ രാഷ്ട്രീയ സ്ഥിതികളും തൊഴില്‍മേഖലകളുടെ സങ്കീര്‍ണ പ്രശ്നങ്ങളും ചര്‍ച്ചചെയ്യുന്ന സമ്മേളനം സംഘടനാകാര്യങ്ങള്‍ ആഴത്തില്‍ പരിശോധിക്കും. പ്രതിനിധിസമ്മേളനത്തിന് തുടക്കംകുറിച്ച് പൊലീസ് മൈതാനിയിലെ "എം കെ പന്ഥെ നഗറി"ല്‍ വ്യാഴാഴ്ച രാവിലെ 9.30ന് പ്രസിഡന്റ് എ കെ പത്മനാഭന്‍ പതാക ഉയര്‍ത്തും.

രാവിലെ ഒമ്പതിന് പയ്യാമ്പലത്തുനിന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബാലന്റെ നേതൃത്വത്തിലാണ് പതാകയെത്തിക്കുക. രാവിലെ 10ന് "ദീപാങ്കര്‍ മുഖര്‍ജി ഹാളി"ല്‍ പ്രതിനിധിസമ്മേളനം പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കളും ഡബ്ല്യുഎഫ്ടിയു, ഐഎല്‍ഒ പ്രതിനിധികളും സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. തുടര്‍ന്ന്, മൂന്നുദിവസം റിപ്പോര്‍ട്ടിന്മേലും ഏഴിന് നാലു കമീഷനായി തിരിഞ്ഞ് വിവിധ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച. എട്ടിന് കേന്ദ്ര കമ്മിറ്റി-ഭാരവാഹി തെരഞ്ഞെടുപ്പ്. എട്ടിന് വൈകിട്ട് സമാപനറാലിയില്‍ കണ്ണൂര്‍ ജില്ലയില്‍നിന്ന് രണ്ടു ലക്ഷം പേര്‍ പങ്കെടുക്കും. കേന്ദ്രീകരിച്ച പ്രകടനമില്ല. പൊതുസമ്മേളനത്തില്‍ ജോര്‍ജ് മാവ്റിക്കോസ്, എ കെ പത്മനാഭന്‍, തപന്‍ സെന്‍, കോടിയേരി ബാലകൃഷ്ണന്‍, ഡോ. ഹേമലത, ആനത്തലവട്ടം ആനന്ദന്‍, എളമരം കരീം എന്നിവര്‍ സംസാരിക്കും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.