Latest News

കാസര്‍കോട്ടെ മണ്ണില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍

കോഴിക്കോട്: കാസര്‍കോട്ടെ മണ്ണില്‍ ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ വിഷാംശം ഉയര്‍ന്ന തോതില്‍ ബാക്കി കിടപ്പുണ്ടെന്ന് കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം. നടത്തിയ പരിശോധനയില്‍ വ്യക്തമായി.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന് സമര്‍പ്പിച്ച പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ ഏതെങ്കിലും രൂപത്തില്‍ വീണ്ടും ഉപയോഗിച്ചാല്‍ ഇപ്പോള്‍ മണ്ണിലുള്ള കീടനാശിനിയുടെ അംശം വിഘടിക്കാന്‍ കാലതാമസം എടുക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് നിരോധനത്തിന് ശേഷവും എന്‍ഡോസള്‍ഫാന്‍ മണ്ണില്‍ ബാക്കിയുണ്ടോ എന്നറിയാനുള്ള പരിശോധന ആരംഭിച്ചത്. കീടനാശിനിക്കമ്പനി മുന്നോട്ട് വെച്ച കണക്കുകള്‍ക്കപ്പുറം യാഥാര്‍ഥ വസ്തുത തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. മൂന്നു വര്‍ഷത്തെ പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന് തൊട്ടു മുമ്പുള്ള ഇടക്കാല റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

പെരിയ, പനത്തടി മൂളിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സി.ഡബ്ല്യു.ആര്‍.ഡി.എം. വാട്ടര്‍ ക്വാളിറ്റി വിഭാഗം മേധാവി ഡോ. പി.എസ്. ഹരികുമാറിന്റെ നേതൃത്വത്തില്‍ ശാസ്ത്രജ്ഞരുടെ സംഘം സാമ്പിളുകള്‍ ശേഖരിച്ചു.

ഉപയോഗം നിര്‍ത്തിവെച്ച സാഹചര്യത്തില്‍ എന്‍ഡോസള്‍ഫാന്‍ അംശം കുറഞ്ഞുവരുന്നുണ്ട്. പെരിയയിലെ മണ്ണില്‍ വിഷാംശം തീരെ കുറവാണെന്നാണ് പരിശോധനാഫലം. എന്നാല്‍ പനത്തടിയില്‍ നേരത്തേ ഒരു കിലോഗ്രാം മണ്ണില്‍ 5.33 മൈക്രോ ഗ്രാം എന്‍ഡോസള്‍ഫാന്‍ വിഘടിക്കാതെ ബാക്കി കിടപ്പുണ്ട്. മൂളിയാറില്‍ ഇത് 3.91 മൈക്രോഗ്രാമാണ്. ജലത്തില്‍ വിഷാംശം തീരെ കുറവാണെന്നും പുതിയ പരിശോധന പറയുന്നു.
(കടപ്പാട്: മാതൃഭൂമി)

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.