Latest News

കടല്‍ക്കൊലക്കേസ് എന്‍.ഐ.എയ്ക്ക് കൈമാറി

National, NIA, Italian Marines,
ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് (എന്‍ഐഎ) കൈമാറി. ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. കേസിന്റെ അന്വേഷണവും പ്രോസിക്യൂഷന്‍ ചുമതലയുമാണ് കൈമാറിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. കേസ് കൈമാറിയ കാര്യം നാളെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.

 കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണമെന്ന് നേരത്തെ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക കോടതി രൂപീകരിച്ച് ഡല്‍ഹി ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട്. കേസ് എന്‍ഐഎയെ ഏല്‍പിച്ചതോടെ ഇതിനായി പ്രത്യേക കോടതി രൂപീകരിക്കേണ്ട കാര്യമില്ലെന്നും എന്‍ഐഎ കോടതിയില്‍ കേസ് വിചാരണ ചെയ്യാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുമെന്നാണ് വിവരം. 

കേസ് ഏറ്റെടുത്തതോടെ തുടക്കം മുതലുള്ള സംഭവങ്ങള്‍ അന്വേഷിച്ച് എന്‍ഐഎ വീണ്ടും കുറ്റപത്രം നല്‍കും. കൊല്ലം തീരത്തുവെച്ച് രണ്ടു മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചു കൊന്ന കേസ് അന്വേഷിക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന സുപ്രീം കോടതിയുടെ ഉത്തരവാണു മറ്റൊരു അന്വേഷണ ഏജന്‍സി അനിവാര്യമാക്കിയത്. കോടതിയില്‍ വിചാരണ തുടങ്ങുമ്പോള്‍ പ്രോസിക്യൂഷന്‍ ഭാഗത്തു ഹാജരാകാന്‍ കേസ് ഇതുവരെ അന്വേഷിച്ച കേരളാ പോലീസിനു സുപ്രീംകോടതി വിധി തടസമാകും. ഈ സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഒരു ഏജന്‍സിയെ അന്വേഷണം ഏല്പിക്കുന്നത്. 

തീവ്രവാദവും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുകയാണു ദേശീയ അന്വേഷണ ഏജന്‍സിയുടെ പ്രാഥമിക ദൌത്യം. എന്നാല്‍ മറ്റൊരു വിദേശ രാജ്യവുമായി ബന്ധപ്പെട്ട നിയമ, നയതന്ത്ര പ്രശ്‌നങ്ങള്‍ ഉള്‍പ്പെട്ടതും ഇന്ത്യയിലും ഇറ്റലിയിലും വലിയ വിവാദമാവുകയും ചെയ്ത കേസായതിനാല്‍ കടല്‍ക്കൊലയുടെ അന്വേഷണത്തിന് എന്‍ഐഎ ആകാമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ ഉറപ്പാക്കുകയാണു ലക്ഷ്യമെന്ന് ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Keywords: National, NIA, Italian Marines, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.