Latest News

സൂര്യാഘാതം: തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ വിശ്രമം

Kerala, Sun burn, Workers,
തിരുവനന്തപുരം: സൂര്യാഘാതമുള്‍പ്പെടെ കൊടുംചൂടിന്റെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വിശ്രമം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വരള്‍ച്ചാ കെടുതികളെക്കുറിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കിടെ തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇക്കാര്യം നിയമസഭയില്‍ വ്യക്തമാക്കിയത്. ബുധനാഴ്ച മുതല്‍ നിര്‍ദേശം പ്രാബല്യത്തില്‍ വരുത്തി ഉത്തരവിറക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഉയര്‍ന്ന താപനിലയാണ് അടുത്ത ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് ആറു പേര്‍ക്ക് സൂര്യാഘാതമേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. കെട്ടിട നിര്‍മാണ മേഖലയിലും മറ്റും ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കായിരിക്കും നിര്‍ദേശം പ്രധാനമായും ബാധകമാകുക. വി.ഡി സതീശന്‍ എംഎല്‍എയാണ് ചര്‍ച്ചയ്ക്കിടെ തൊഴിലാളികളുടെ കാര്യം ഉന്നയിച്ചത്. കടുത്ത ചൂട് കണക്കിലെടുത്ത് ഇവരുടെ ജോലി സമയം പുനക്രമീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു മന്ത്രി ഷിബു ബേബി ജോണിന്റെ മറുപടി.

വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതികളില്‍ ഭൂരിഭാഗവും നടപ്പാക്കിയിട്ടില്ലെന്നും വിള നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് മുന്‍ കൃഷിമന്ത്രി കൂടിയായ മുല്ലക്കര രത്നാകരന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറ്റപ്പെടുത്തലുകള്‍ക്കുള്ള സമയമല്ല ഇതെന്നും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വരള്‍ച്ചാ കെടുതി നേരിടാന്‍ 85 കോടി രൂപയാണ് വിവിധ ജില്ലകള്‍ക്കായി നല്‍കിയതെന്നും ഏറ്റവും കൂടുതല്‍ കെടുതി അനുഭവിക്കുന്ന പാലക്കാട് ജില്ലയ്ക്ക് മാത്രം 9 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു. കുടിവെള്ള ടാങ്കറുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന വാടക കുറവായതിനാല്‍ പല മേഖലകളിലും ഇവര്‍ വെള്ളമെത്തിക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആവശ്യമുള്ള തുക കൂട്ടിക്കൊടുത്ത് കുടിവെള്ള വിതരണത്തിന് നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി.

Keywords: Kerala, Sun burn, Workers, 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.