നിന്നെ ഇന്ത്യടീമിലേക്ക് തെരഞ്ഞെടുത്ത ആ ദിവസം ഞങ്ങളിന്നുമോര്‍ക്കന്നു...കുടുംബത്തിലെ ആരോ ഒരാള്‍ വളര്‍ന്നുവലുതായതിന്റെ ആഹ്ലാദമായിരുന്നു മനസിലപ്പോള്‍...ടിനു യോഹന്നാനാണ് ആദ്യമായി ദേശീയടീമിലെത്തിയതെങ്കിലും ശ്രീയായിരുന്നു ഞങ്ങള്‍ക്കെല്ലാം. 2005 ~ഒക്‌ടോബര്‍ 25ന് നാഗ്പൂരില്‍ ശ്രീലങ്കക്കെതിരെ നീ അദ്യ പന്തെറിയുമ്പോള്‍ ആത്മനിര്‍വൃതിയോടെയാണ് ഞങ്ങളതിനെ നോക്കിനിന്നത്. നീ മിസ്ബാഹുല്‍ ഹഖിന്റെ ക്യാച്ചെടുത്ത് ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചപ്പോള്‍ ഞങ്ങള്‍ അനുഭവിച്ച ആ ത്രില്ലുണ്ടല്ലോ അത് നീയെന്ന മലയാളിയുടെ സാന്നിധ്യം തന്ന ആഹ്ലാദമായിരുന്നു, നീ ദക്ഷിണാഫ്രിക്കയില്‍ ആറുവിക്കറ്റ് വീഴ്ത്തിയ ആ ദിവസം ഞങ്ങള്‍ക്കും ആഘോഷത്തിന്റെതായിരുന്നു.
ശ്രീ നിന്റെ പെരുമാറ്റം ഒരിക്കലും ഞങ്ങള്‍ക്കിഷ്ടമായിരുന്നില്ല. നീ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പെടുത്തപ്പോഴും സങ്കടമായിരുന്നു(പാര്‍ട്ടിയോട് എതിര്‍പ്പുള്ളതുകൊണ്ടല്ല താരങ്ങള്‍ രാഷ്ട്രീയക്കാരുടെ ആളാവുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടായിരുന്നു അത്) പക്ഷെ, നിന്റെ കളിയും കളിയോടുള്ള സമര്‍പ്പണവും മറ്റാര്‍ക്കുമില്ലാത്ത ഒന്നാണെന്ന് ഞങ്ങള്‍ വിശ്വസിച്ചു.
അതുകൊണ്ടാണ് സച്ചിന്‍ തെണ്ടുല്‍ക്കറെ ഇഷ്ടപ്പെടുമ്പോഴും ദാദയെ കൊണ്ടുനടക്കുമ്പോഴും യൂസുഫ് പട്ടാനെ ആഘോഷിക്കുമ്പോഴും നിനക്കുവേണ്ടി ഞങ്ങള്‍ വാദിച്ചത്.
എന്തായാലും നീ ഒരു മലയാളിയായിരുന്നല്ലോ(?) എല്ലാവരും കുറ്റപ്പെടുത്തുമ്പോഴും പുറം നാട്ടുകാരായ കൂട്ടുകാരോട് ഞങ്ങള്‍ വെറുതേ പറയും അതേ മലയാളികള്‍ക്ക് ഇത്തിരി അഹങ്കാരവും ആവേശവും കൂടുതലാണ് എന്തേ ദഹിക്കുന്നില്ലെ(?)
** ** ** ** ** ** ** ** **
ശ്രീ...നീ എല്ലാം തച്ചുടച്ചു കളഞ്ഞല്ലോട...നാലു കോടി രൂപ തന്ന് സ്വന്തമാക്കിയ ടീമിനെ നാല്പത് ലക്ഷത്തിനുവേണ്ടി ഒറ്റുകൊടുക്കാന്‍ നിനക്കെങ്ങനെ കഴിഞ്ഞു(?) വ്യാഴാഴ്ചയുടെ പകല്‍ ചാനലുകള്‍ മിഴിതുറന്ന് ശ്രീ നിന്റെ അറസ്റ്റ് വാര്‍ത്തയുമായിട്ടായിരുന്നു...ചാനല്‍ വിശ്വലുകളും അരയിലെ ടവലും തെളിവായി നില്‍ക്കുമ്പോഴും കേള്‍ക്കുന്നതൊന്നും സത്യമാവരുതേയെന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സ് നിറയെ. ഇത് ധോനിയും ഹര്‍ബജനും ചേര്‍ന്ന് തട്ടിക്കൂട്ടിയ ഗൂഡാലോചനയാണെന്ന് നിന്റെ
അച്ഛന്‍ പ്രതികരിച്ചപ്പോള്‍ അതായിരിക്കും ശരിയെന്ന് വിശ്വസിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഡല്‍ഹി പോലീസ് കമ്മീഷ്ണര്‍ നിരാജ് കുമാര്‍ വാര്‍ത്താ സമ്മേളനം വിളിക്കുമ്പോള്‍ നിന്റെ നിരപരാധിത്വം കേള്‍ക്കാനായിരുന്നു മോഹിച്ചത്. പക്ഷെ എല്ലാം തകിടം മറിഞ്ഞുപോയി.
ശ്രീ...എല്ലാം എന്റെ പിഴ, എന്റെ വലിയ പിഴ എന്ന കമന്റുമായി നീ മുഖത്ത് കറുത്ത ടവലിട്ട് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ആ കാഴ്ചയുണ്ടല്ലോ...ഹൊ...രാവിലെകേട്ട വാര്‍ത്തയേക്കാള്‍ വലിയ ഷോക്കായിരുന്നു അത്....ക്രിക്കറ്റിനെ തോല്‍പ്പിക്കാം, ആരാധാകരെ മണ്ടന്മാരാക്കാം പക്ഷെ, രാഹുല്‍ ദ്രാവിഡെന്ന നിശ്കളങ്കനായ ആ നായകനെ നിനക്കെങ്ങനെ വഞ്ചിക്കാന്‍ കഴിഞ്ഞു...
നീ ദുഷ്ടനാട, നീ വല്ലാത്ത ചതിയന...ഇന്ത്യന്‍ ക്രിക്കറ്റില്‍ കോഴ ഒരു കോലാഹലമായിട്ടുണ്ട്, പല വമ്പന്മാരും കുടുങ്ങിയിട്ടുണ്ട്. പക്ഷെ അസ്ഹറും ജഡേജയും നിരപരാധികളാണെന്ന് ഇപ്പോഴും പറയപ്പെടുന്നു. ഒരു തെളിവുമില്ലാതെ ഒരുപാടുകാലത്തെ മാനസീക പീഡനത്തിനൊടുവില്‍ അവരെ വെറുതെവിട്ടു.
പക്ഷെ, നീ... എല്ലാ തെളിവുകളും നിനക്കെതിരായി...എന്തിനായിരുന്നു ശ്രീ ഇത് ചെയ്തത്...
ലോകോത്തര ബാറ്റ്‌സ്മാന്മാര്‍ക്കെതിരെ തീ തുപ്പുന്ന പന്തെറിയാന്‍ പഠിച്ച നീയെന്തെ പണത്തിന് തരാന്‍ കഴിയാത്ത പലതും ഈ ലോകത്തുണ്ടെന്ന കാര്യം പഠിക്കാതെ പോയത്...
ശ്രീ നിന്റെ വീഴ്ചയില്‍ ദു:ഖവും സഹതാപവുമുണ്ട്. പക്ഷെ, അതിനേക്കാളേറെ ആശങ്ക ഭാവിതാരങ്ങള്‍ക്കുകൂടി നിന്റെ ഈ പ്രവര്‍ത്തി ദോശം ചെയ്യുമെന്നോര്‍ക്കുമ്പോഴാണ്. അല്ലെങ്കിലും മലയാളികളെ വെറുക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ മേലാളന്മാര്‍ ഇനി സജ്ഞുവിനെയും സച്ചിന്‍ ബേബിയെയുമെല്ലാം ഏതു കണ്ണുകളോടെയായിരിക്കും നോക്കി കാണുക(!)
ശ്രീ....ഒന്നുകൂടി പറഞ്ഞോട്ടെ ഇന്ത്യന്‍ ടീമില്‍ എത്തിയ നാള്‍ മുതല്‍ നിന്റെ അഹങ്കാരം ഇത്തിരി കൂടുതലായിരുന്നു. ചാലഞ്ചേഴ്‌സ് കപ്പിലെ ഒരു കളിയില്‍ നീ ലോകം ആദരിക്കുന്ന സച്ചിനെതിരെ ഉയര്‍ന്നു ചാടി, മറ്റൊരിക്കല്‍ രാജ്യത്തിന്റെ ക്യാപ്റ്റന്‍ എം.എസ്.ധോനിക്കെതിരെ നൃത്തം ചെയ്തു.
ശ്രീ....എല്ലാ അഹങ്കാരികള്‍ക്കും ഒരു പതനമുണ്ട്...സദ്ദാം, ഗദ്ദാഫി....അങ്ങനെ അങ്ങനെ പലരും വീണുപോയ ലോകമാണിത്...
** ** ** ** ** ** ** ** **
കോഴ വാങ്ങി ടീമില്‍ നിന്ന് പുറത്തായ ദിവസം പാക്കിസ്ഥാന്റെ പതിനേഴുകാരന്‍ മുഹമ്മദ് ആമിര്‍ പറഞ്ഞ വാചകത്തില്‍ സങ്കടത്തിന്റെ കടലിരമ്പുന്നുണ്ടായിരുന്നു.
പാക്കിസ്ഥാന്റെ പച്ചത്തൊപ്പി കിട്ടിയ ആ ദിവസം എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. അന്ന് ജേഴ്‌സിപോലുമഴിക്കാതെ ആ കുപ്പായത്തെ നെഞ്ചോട് ചേര്‍ത്ത് ഞാന്‍ കിടന്നുറങ്ങി...ഇനി ആ തൊപ്പിയില്ലെന്നറിയുമ്പോള്‍ എനിക്ക് കരച്ചില്‍ വരുന്നു...
ശ്രീ...ദു:ഖഭാരത്തോടെ നീ കോടതിയില്‍ നിന്ന് പുറത്തിറങ്ങുന്നത് കണ്ടപ്പോള്‍ ആ വാചകമാണ് ഓര്‍ത്തുപോയത്...
സോറി ശ്രീ സോറി...ഇങ്ങനെ ഒരു കളിക്കാരന്‍ കേരളത്തിലുണ്ടായിട്ടില്ലെന്ന് വിശ്വസിച്ചോളാം...സോറി...




No comments:
Post a Comment