Latest News

കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അപചയം: ചെന്നിത്തല


കണ്ണൂര്‍: കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ കെ പി സി സി പ്രസിഡന്റ്‌ രമേശ്‌ചെന്നിത്തല. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ്‌ പ്രത്യശാസ്‌ത്രവുമായാണ്‌ സി പി എം ഇപ്പോഴും മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജില്ലാകോണ്‍ഗ്രസ്‌ കമ്മറ്റിക്ക്‌ വേണ്ടി പുതുതായി നിര്‍മിക്കുന്ന ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു ചെന്നിത്തല. 

ലോകത്ത്‌ എല്ലായിടത്തും മതിയാക്കിയ പ്രത്യശാസ്‌ത്രമാണ്‌ സി പി എം ഇവിടെ തുടരുന്നത്‌. അതുമാറ്റണമെന്നാണ്‌ നേരത്തെ രാഹുല്‍ഗാന്ധിയും ആവശ്യപ്പെട്ടിട്ടുള്ളത്‌. ഡി വൈ എഫ്‌ ഐയില്‍ നിന്നും സി പി എമ്മില്‍ നിന്നും വന്‍കൊഴിഞ്ഞുപോക്കാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇതാണ്‌ കഴിഞ്ഞ ഡി വൈ എഫ്‌ ഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിഫലിച്ചതെന്നും ചെന്നിത്തല പറഞ്ഞു. 

ഇടതുപക്ഷ സംഘടനകളില്‍ സി പി എമ്മും ഘടകകക്ഷികളും പരസ്‌പരം പോരടിക്കുകയാണ്‌. വിശ്വാസ്യത നഷ്‌ടപ്പെട്ട സി പി എമ്മിന്‌ ജനങ്ങള്‍ക്കിടയില്‍ ഇനി എങ്ങിനെ വിശ്വാസ്യത ഉണ്ടാക്കാന്‍ കഴിയുമെന്നും ചെന്നിത്തല ചോദിച്ചു. ജില്ലയിലും സംസ്ഥാനത്തും കോണ്‍ഗ്രസ്‌ ശക്തമാണ്‌. ഇതിന്റെ തെളിവാണ്‌ കേരളയാത്രയില്‍ ലഭിച്ച നിവേദനങ്ങള്‍. യാത്രയില്‍ ലഭിച്ച നിവേദനങ്ങള്‍ വികസന രേഖയായി നാളെ മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കും. ചെന്നിത്തല പറഞ്ഞു. 

ജനകീയ അടിത്തറയുണ്ടാക്കുന്ന ശക്തമായ പ്രവര്‍ത്തനങ്ങളുമായി കോണ്‍ഗ്രസ്‌ മുന്നോട്ടുപോകുമെന്നും ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ കെ പി സി സി ആലോചിക്കുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത്‌ ഇതിനകം ആറ്‌ ഡി സി സി ഓഫീസുകള്‍ പുനര്‍നിര്‍മിച്ചുകഴിഞ്ഞു. ഏഴാമത്തേതിന്റെ ശിലാസ്ഥാപനമാണ്‌ കണ്ണൂരില്‍ നടന്നത്‌. 

2014ലെ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിന്റെ ക്രമീകരണങ്ങള്‍ പുതിയകെട്ടിടത്തിലിരുന്ന്‌ ചെയ്യാന്‍ സാധിക്കുമെന്നാണ്‌ തന്റെ പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. സി പി എം ജില്ലാസിക്രട്ടറി പി ജയരാജനെ അറസ്റ്റ്‌ ചെയ്‌തതുമായി ബന്ധപ്പെട്ട്‌ 148 കോണ്‍ഗ്രസ്‌ ഓഫീസുകള്‍ക്ക്‌ നേരെയാണ്‌ അക്രമമുണ്ടായത്‌. ഇതിന്റെ അറ്റകുറ്റപ്പണികള്‍ക്കായി കെ പി സി സിയുടെ വക പത്ത്‌ലക്ഷം രൂപയുടെ ചെക്ക്‌ ചടങ്ങില്‍ വെച്ച്‌ ചെന്നിത്തല ഡി സി സി പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ കൈമാറി.

ചടങ്ങില്‍ കെ സുധാകരന്‍ എം പി അധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ കെ സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. മന്ത്രി കെ സി ജോസഫ്‌, എം എല്‍ എമാരായ അഡ്വ. സണ്ണിജോസഫ്‌, എ പി അബ്‌ദുള്ളക്കുട്ടി, നേതാക്കളായ പി രാമകൃഷ്‌ണന്‍, വി എ നാരായണന്‍, കെ വെളുത്തമ്പു, സുമാബാലകൃഷ്‌ണന്‍, സജീവ്‌ ജോസഫ്‌, എ സുബ്രഹ്മണ്യന്‍, പി പി ലക്ഷ്‌മണന്‍, പി എം സുരേഷ്‌ബാബു, കെ സി കടമ്പൂരാന്‍, പ്രൊഫ. എ ഡി മുസ്‌തഫ, സജീവ്‌ മാറോളി, വി എന്‍ എരിപുരം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.