Latest News

തെക്കിലില്‍ വീണ്ടും അപകടം: ഹമ്പ് നിര്‍മ്മിക്കാന്‍ തീരുമാനം

കാസര്‍കോട്: അപകടം തുടര്‍ക്കഥയായ ചട്ടഞ്ചാല്‍ തെക്കില്‍ വളവില്‍ ഹമ്പ് നിര്‍മിക്കണമെന്ന പോലീസിന്റെ നിര്‍ബന്ധം ഒടുവില്‍ പൊതുമരാമത്ത് അധികൃതര്‍ അംഗീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് വന്‍ അപകടങ്ങളാണ് ഇവിടെ നടന്നത്.

നിയന്ത്രണം വിട്ട കാര്‍ കുഴിയിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് തൊട്ട് പിന്നാലെ കണ്ണൂരില്‍ നിന്നും മംഗലാപുരത്തേക്ക് ഗ്യാസ് റീഫില്ലിംഗ് കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിയുകയും ചെയ്തു. ഡ്രൈവറും സഹായിയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതേ ദിവസം തന്നെ ഒരു കാറും ഇവിടെ അപകടത്തില്‍പെട്ടിരുന്നു. സമീപത്തെ ഇലക് ട്രിക് പോസ്റ്റില്‍ ഇടിച്ച് നിന്നതിനാലാണ് കുഴിയിലേക്ക് മറിയാതിരുന്നത്. കൊടും വളവ് കഴിഞ്ഞ് വാഹനങ്ങള്‍ അമിത വേഗതയിലെത്തുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെടുകയും തൊട്ടടുത്ത വീടിനു മുന്നിലെ കുഴിയിലേക്ക് വീഴുകയാണ് ചെയ്യുന്നത്.

ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞപ്പോള്‍ ടാങ്കറില്‍ ഗ്യാസില്ലാത്തത് കൊണ്ട് മാത്രമാണ് കണ്ണൂര്‍ ചാലയിലും മംഗലാപുരം ഹാസനിലും ഉണ്ടായത് പോലുള്ള ദുരന്തം ഒഴിവായതെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടം വര്‍ധിച്ചതിനാല്‍ ഇവിടെ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരുന്നു. എന്നാല്‍ പോലീസ് കാവലുള്ളപ്പോള്‍ തന്നെ ബുധനാഴ്ച രാത്രി 11 മണിയോടെ മാങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് കിടക്കുകയായിരുന്ന ടാങ്കറിന് മുകളിലേക്ക് തന്നെ മറിഞ്ഞത്. ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു.

അപകടം വര്‍ധിച്ചതോടെ ഇവിടെ ഹമ്പ് നിര്‍മിക്കണമെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. മോഹന ചന്ദ്രന്‍ പൊതുമരാമത്ത് അധികതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേശീയ പാതയില്‍ ഹമ്പ് പാടില്ലെന്ന് നിയമമുണ്ടെന്ന് പറഞ്ഞ് ഹമ്പ് നിര്‍മിക്കാനുള്ള പോലീസിന്റെ ആവശ്യം പൊതുമരാമത്ത് അധികൃതര്‍ തള്ളുകയായിരുന്നു. എന്നാല്‍ പോലീസിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഒടുവില്‍ ഹമ്പ് നിര്‍മിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ ഇപ്പോള്‍ സന്നദ്ധമായിട്ടുണ്ട്. മനുഷ്യ ജീവന് ഭീഷണിയായിരിക്കുന്ന അപകട വളവില്‍ ഹമ്പ് നിര്‍മിച്ചില്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് അധികൃതര്‍ക്കായിരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയപ്പോഴാണ് അധികൃതര്‍ ഹമ്പ് നിര്‍മാണത്തിന് തയ്യാറായത്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.