Latest News

ഉപമുഖ്യമന്ത്രി പദം: തീരുമാനമായില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും പല തലങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വ്യക്തമാക്കിയ കണ്‍വീനര്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു.

യുഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പി.പി തങ്കച്ചന്‍. ഘടകകക്ഷി നേതാക്കളെ വിശ്വാസത്തിലെടുത്ത് അവരുമായി ആലോചിച്ച് മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ. മുഖ്യമന്ത്രിയും ചെന്നിത്തലുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായ ശേഷം ഘടകകക്ഷി നേതാക്കളുമായും ഹൈക്കമാന്‍ഡുമായും ആലോചിച്ചതിനുശേഷമേ തീരുമാനമെടുക്കൂവെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പദവി ഭരണഘടനയില്‍ ഇല്ല. അതുകൊണ്ടുതന്നെ ഘടകകക്ഷികളുമായി ഇക്കാര്യം ആലോചിക്കേണ്ടതുണ്ടെന്നും പി.പി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.

ഇതുമായി ബന്ധപ്പെട്ട് മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുസ്‌ലീം ലീഗിനെ അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും ഇക്കാര്യത്തിലെ ആശങ്ക ലീഗ് പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചതായും പി.പി തങ്കച്ചന്‍ സമ്മതിച്ചു. എന്നാല്‍ യോഗത്തില്‍ ഇക്കാര്യം കൂടുതല്‍ ചര്‍ച്ചയിലേക്ക് നീങ്ങിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണ് വിശദീകരണം നല്‍കിയത്. അത് ഘടകകക്ഷികള്‍ അംഗീകരിച്ചാതായും അദ്ദേഹം പറഞ്ഞു. ഒരിക്കലും ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാതെ കാര്യങ്ങള്‍ തീരുമാനിക്കില്ലെന്നും മാധ്യമവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു.

വിഷയത്തില്‍ ഒരു സംഘം മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നതായും യുഡിഎഫ് കണ്‍വീനര്‍ കുറ്റപ്പെടുത്തി. രമേശിന്റെ സത്യപ്രതിജ്ഞാ തീയതി പോലും ചില പത്രങ്ങള്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. രണ്ടു കക്ഷികളെ മാത്രം ബാധിക്കുന്ന കാര്യമാണെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയും പൊതുവേ ബാധിക്കുന്ന കാര്യമാണെങ്കില്‍ എല്ലാ നേതാക്കളുമായും ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെന്നതുമാണ് യുഡിഎഫിന്റെ രീതിയെന്നും കണ്‍വീനര്‍ വിശദീകരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.