Latest News

സമരം സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് ഒത്തുതീര്‍പ്പാക്കണം: പന്ന്യന്‍ രവീന്ദ്രന്‍


കാഞ്ഞങ്ങാട്: വളരെപ്രധാനപ്പെട്ട തൊഴില്‍പ്രശ്‌നങ്ങള്‍ ഉന്നയിച്ച് മണപ്പുറം ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിവരുന്ന സമരം മനുഷ്യത്വപരമായി ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം സമരത്തിന്റെ ഗതിമാറുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 

സമരത്തിന്റെ ഭാഗമായി ന്യൂജനറേഷന്‍ ബാങ്ക്‌സ് ആന്റ് ഇന്‍ഷൂറന്‍സ് എംപ്ലോയ്‌സ് യൂണിയന്‍ സംസ്ഥാനജറല്‍ സെക്രട്ടറി സി എസ് വിനോദ് നടത്തുന്ന മരണം വരെ നിരാഹാര സമരപന്തലില്‍സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. 

18 ദിവസമായി നിരാഹാര സമരം നടത്തുന്ന സി എസ് വിനോദിന്റെ ആരോഗ്യനില ഏറെ വഷളായിട്ടും മുഖ്യമന്ത്രിയും തൊഴില്‍മന്ത്രിയും തിരിഞ്ഞുനോക്കുന്നില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാനേജുമെന്റുമായി ഒത്തുകളിക്കുന്നതായും സംശയിക്കേണ്ടിയിരിക്കുന്നു. തൊഴിലാളികള്‍ക്കു സംഘടിക്കാനുള്ള അവകാശമുണ്ട്. അതു ലോകത്തെവിടെയും പണ്ടുതൊട്ടേ ഉള്ളതാണ്. അതിനെതിരെ വന്‍കിട മുതലാളിമാര്‍പോലും ചെറുത്തുനിട്ടും ഫലമുണ്ടായില്ലെന്നതാണ് എഐടിയുസിയുടെ അനുഭവ സത്യം. മണപ്പുറം മാനേജ്‌മെന്റിന് ഈ സമരത്തെ പരാജയപ്പെടുത്താമെന്നാണ് വിചാരമെങ്കില്‍ അതു വ്യാമോഹമാണ്. 

മണപ്പുറം സമരത്തെസംബന്ധിച്ച് ഇ ചന്ദ്രശേഖരന്‍ എംഎല്‍എ നേരത്തെതന്നെ മുഖ്യമന്ത്രിയേയും തൊഴില്‍മന്ത്രിയും നേരില്‍കണ്ട് പ്രശ്‌നങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. ജില്ലാകലക്ടറും ജില്ലാലേബര്‍ ഓഫിസറും ഒത്തുതീര്‍പ്പു ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നെങ്കിലും മണപ്പുറം മാനേജ്‌മെന്റ് ചര്‍ച്ചയ്ക്കുപോലും തയ്യാറല്ലെന്ന ധിക്കാരനിലപാടിലാണ്. 

സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിധേയമായാണ് ഈ ഫിനാന്‍സ് സ്ഥാപനവും നിലനില്‍ക്കുന്നതെന്നു ഓര്‍ക്കണം. അതിനാല്‍ സര്‍ക്കാരിന് ഇവ യെ നിയന്ത്രിക്കാനുള്ള അധികാരമുണ്ട്. സ്ത്രീജീവനക്കാരെ അടക്കം സ്ഥലംമാറ്റുന്നു. മൂന്നു ബസുകളില്‍ കയറിവേണം ചെറിയ ശമ്പളത്തില്‍ ജോലിപ്പറ്റുന്ന തൊഴിലാളികള്‍ക്കുപോലും സ്ഥലംമാറ്റി നിയമിച്ച സ്ഥലത്ത് എത്തിപ്പെടാന്‍. ഇതു തികച്ചും അനീതിയാണ്. സമരത്തിന് കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ എല്ലാവിധപിന്‍തുണയുണ്ടെന്നും പന്ന്യന്‍ പറഞ്ഞു. 

തൊഴിലാളി ഐക്യദാര്‍ഢ്യം ഇക്കാര്യത്തില്‍ ഉണ്ടാകുന്നുണ്ട്. ഇനിയും കൂടുതല്‍ ശക്തമാകും. പണകൊഴുപ്പിന്റെയും സ്വാധീനത്തിന്റെയും ഹുങ്കില്‍ എന്തുമാകാമെന്നാണ് തീരുമാനമെങ്കില്‍ അതിനെ കയ്യംകെട്ടിനോക്കിനില്‍ക്കാനാകില്ല. മണപ്പുറംസ്ഥാപനം പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണെന്നും അതിന്റെ മാനേജര്‍ കേരളക്കാരനാണെന്നും മാനേജര്‍ ഓര്‍ക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. 

സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സിപിഐ കാസര്‍കോട് ജില്ലാസെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗങ്ങളായ കെ വി കൃഷ്ണന്‍, ടി കൃഷ്ണന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.