Latest News

നാറാത്ത് കേസില്‍ അന്താരാഷ്ട്ര ബന്ധം-മന്ത്രി തിരുവഞ്ചൂര്‍


കാസര്‍കോട്: നാറാത്ത് ആയുധം പിടിച്ച കേസില്‍ അന്താരാഷ്ട്രബന്ധത്തിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കാസര്‍കോട് പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്രബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് കേരളാ പോലീസിന്റെ പരിമിതികള്‍ കണക്കിലെടുത്ത് കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം കൈമാറിയത്. നാറാത്ത്‌നിന്ന് ലഭിച്ച തെളിവുകളും സൂചനകളും കേന്ദ്ര ആഭ്യന്തര വകുപ്പിന് കൈമാറി. സംഘടനയെ നിരോധിക്കുന്ന കാര്യം വകുപ്പാണ് തീരുമാനിക്കേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ടി.പി.വധത്തിന്റെ പേരില്‍ സി.പി.എം. നടത്തിയെന്ന് അവകാശപ്പെടുന്ന അന്വേഷണം പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നമ്പര്‍ മാത്രമാണ്. ഒരു കൊലപാതകക്കേസ് എങ്ങനെയാണ് പാര്‍ട്ടി അന്വേഷിക്കുക? എങ്കില്‍ പാര്‍ട്ടി വിചാരണയും പാര്‍ട്ടികോടതി നടപടികളും ഉണ്ടാകുമോ? അന്വേഷണം നടത്തി എന്നു പറയുന്നവരില്‍ ആരെങ്കിലും ടി.പി.യുടെ ഭാര്യ രമയുടെ മൊഴി എടുത്തിട്ടുണ്ടോ? പൊതുജനത്തിന് കാര്യങ്ങള്‍ വ്യക്തമാണ്. കണ്ണില്‍ പൊടിയിടാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണ് പാര്‍ട്ടി അന്വേഷണം. ക്രിമിനല്‍ നടപടി സംബന്ധിച്ചല്ല, പ്രവര്‍ത്തകര്‍ക്കിടയില്‍ അച്ചടക്കലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കേണ്ടിയിരുന്നതെന്നും മന്ത്രി പറഞ്ഞു.

ടി.പി.വധക്കേസ് വിചാരണയ്ക്കിടെ മൊഴി മാറ്റിയവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യം കോടതി തീരുമാനിക്കട്ടെ. കേസില്‍ രാഷ്ട്രീയം നോക്കിയല്ല പോലീസ് സാക്ഷിപ്പട്ടികയും പ്രതിപ്പട്ടികയും തയാറാക്കിയത്. മുമ്പ് പല കേസുകളിലും വ്യാജപ്രതികളും സാക്ഷികളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ടി.പി.കേസില്‍ അത് അനുവദിക്കില്ല. സി.പി.എം. പാര്‍ട്ടി അംഗങ്ങളായുള്ള സാക്ഷികളില്‍ ചിലര്‍ ആദ്യം മജിസ്‌ട്രേറ്റിനു മുന്നില്‍ പറഞ്ഞ മൊഴി പിന്നീട് വിചാരണക്കോടതിക്കു മുമ്പാകെ തിരുത്തിയത് കോടതി നേരിട്ടു കണ്ട് ബോധ്യപ്പെട്ടതാണ്. നീതിപീഠത്തിനു മുമ്പാകെ കള്ളസാക്ഷി പറഞ്ഞവര്‍ക്കെതിരെയുള്ള ശിക്ഷ കോടതി തന്നെ തീരുമാനിക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.