Latest News

പൂര്‍ണ്ണ ഗര്‍ഭിണിയെ ജില്ലാശുപത്രിയില്‍ നിന്നും വനിതാ ഡോക്ടര്‍ ഇറക്കിവിട്ടതായി പരാതി

കാഞ്ഞങ്ങാട്: വയറുവേദന കൊണ്ട് പുളഞ്ഞ് ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പൂര്‍ണ്ണ ഗര്‍ഭണിയെ വനിതാ ഡോക്ടര്‍ ഇറക്കിവിട്ടതായി പരാതി. ഇരിയ കാഞ്ഞിരടുക്കത്തെ കൂലി തൊഴിലാളിയായ രവിയുടെ ഭാര്യ യശോദയെ (35) യാണ് തിങ്കളാഴ്ച രാവിലെ ജില്ലാശുപത്രിയി ല്‍ നിന്നുംചികിത്സ നല്‍കാതെ ഗൈനക്കോളജിസ്റ്റ് ഡോ. വി ലീല ഇറക്കിവിട്ടുവെന്നാണ് പരാതി. 

ഡോക്ടറുടെ വീട്ടില്‍ പോകുന്നതിന് പകരം നേരിട്ട് യശോദയെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുവന്നതാണ് ഡോക്ടറെ ചൊടിപ്പിച്ചതെന്ന് രവിയും യശോദയും പറയുന്നു. വീട്ടിലേക്ക് വരാതെ എന്തിനാണ് ഇങ്ങോട്ട് വന്നതെന്നും ഇവിടെ ചികിത്സയൊന്നുമില്ലെന്നും വേഗം സ്ഥലം വിട്ടോയെന്നും പറഞ്ഞ് ഡോക്ടര്‍ യശോദയോടും ഭര്‍ത്താവ് രവിയോടും കയര്‍ക്കുകയായിരുന്നുവത്രെ.

ഇതേ തുടര്‍ന്ന് രവിക്ക് യശോദയെയും കൊണ്ട് ജില്ലാശുപത്രിയില്‍ നിന്ന് ഇറങ്ങേണ്ടിവന്നു. യശോദ ഗര്‍ഭണിയായതു മുതല്‍ ജില്ലാശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ ലീലയുടെ കീഴിലാണ് ചികിത്സ നടത്തിവന്നിരുന്നത്. ഇക്കാലയളവിലെത്രയും യശോദയെ ഡോക്ടറുടെ വീട്ടില്‍ കൊണ്ടുവന്ന് പരിശോധന നടത്തുകയായിരുന്നു. 150 രൂപ വീതമാണ് നിര്‍ദ്ധനകുടുംബാംഗമായ യശോദയില്‍ നിന്നും ഡോക്ടര്‍ ഓരോതവണയും ഫീസ് വാങ്ങിയിരുന്നതെന്ന് ഇരുവരും പറയുന്നു. 

തിങ്കളാഴ്ച രാവിലെ യശോദയ്ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറുടെ വീട്ടിലേക്ക് പോകാന്‍ സാവകാശം ലഭിച്ചിരുന്നില്ല. യശോദയെയും കൊണ്ട് രവി നേരെ ജില്ലാശുപത്രിയിലേക്ക് വരികയായിരുന്നു. 200 രൂപ ഓട്ടോയാത്രാ വാടക നല്‍കിയാണ് യശോദയെ രവി ജില്ലാശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ തന്നെ ഗര്‍ഭിണിയെന്ന പരിഗണന പോലും നല്‍കാതെ യശോദയെ ഡോക്ടര്‍ ആട്ടിയിറക്കിയത് ആശുപത്രിയിലെ മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും അമ്പരപ്പിച്ചു. 

അതേസമയം സംഭവം ഡോ. ലീല നിഷേധിച്ചു. പരാതിയെ കുറിച്ച് ഡോക്ടര്‍ ലീലയോട് സംസാരിച്ചുവെന്നും സംഭവം പൂര്‍ണ്ണമായും അവര്‍ നിഷേധിക്കുകയായിരുന്നുവെന്നും ജില്ലാശുപത്രി സൂപ്രണ്ട് ഡോ ഷീജ പറഞ്ഞു. സംഭവ ത്തെ കുറിച്ച് അന്വേഷിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.