Latest News

ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം വേണ്ട -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുസ്‌ലിം ലീഗിന് ഉപമുഖ്യമന്ത്രിസ്ഥാനം വേണ്ടെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇത്തരം വണ്ടിയും വലിയുമൊന്നും തങ്ങള്‍ക്ക് വേണ്ടെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിനുതന്നെ കഴിയും. ലീഗ് ഇടപെടേണ്ട സാഹചര്യമില്ല. സാഹചര്യം വന്നാല്‍ കോണ്‍ഗ്രസുമായും അവരുടെ ഹൈക്കമാന്റുമായും പ്രശ്‌നം ചര്‍ച്ചചെയ്യും. ഘടകകക്ഷികളുമായി ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ ലീഗിന് അരബേജാറുപോലുമില്ല. ആര്‍ക്കും വേവലാതിയും വേണ്ട. തര്‍ക്കങ്ങളെല്ലാം ആവഴിക്ക് പൊയ്‌ക്കോളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മാധ്യമങ്ങളില്‍ കാണുന്നതല്ലാതെ പുനഃസംഘടനയെപ്പറ്റി ലീഗിനോടോ മറ്റ് ഘടകകക്ഷികളോടോ ആരും ഒന്നും പറഞ്ഞിട്ടില്ല. അതാണ് അത്ഭുതം. തങ്ങളുടെ മുന്നിലെത്തിയാലേ ഇതേപ്പറ്റി അഭിപ്രായം പറയേതണ്ടതുള്ളൂ. 

ഗണേഷിന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച പ്രശ്‌നവും പാര്‍ട്ടിക്കുമുന്നില്‍ എത്തിയിട്ടില്ല. എത്തിയാല്‍ അഭിപ്രായം പറയാം. അല്ലാതെ വെറുതെ വര്‍ത്തമാനം പറഞ്ഞ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പാര്‍ട്ടിയല്ല ലീഗ്. ഇത്തരം പ്രശ്‌നങ്ങളൊക്കെ അതത് പാര്‍ട്ടിക്കുള്ളിലാണ് ചര്‍ച്ചചെയ്യേണ്ടത്.
എന്നാല്‍ ചില വിവാദങ്ങള്‍ ഉണ്ടാവുന്നത് നല്ലതിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവാദങ്ങള്‍ വന്ന് കലങ്ങിത്തെളിഞ്ഞാല്‍ നമുക്ക് കൂടുതല്‍ ഓജസും ഊര്‍ജസ്വലതയും കിട്ടും.
ഇതെല്ലാം പരിഹരിച്ചാല്‍പിന്നെ ഞങ്ങള്‍ ഒറ്റക്കെട്ടായി ഒരു മുന്നേറ്റമായിരിക്കും -അദ്ദേഹം പറഞ്ഞു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.