Latest News

ലുലുവിനെ അനുകൂലിച്ച് വീണ്ടും വി.എസ്

തിരുവനന്തപുരം: കേരള വികസനം അനിശ്ചിതാവസ്ഥയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സംസ്ഥാന മന്ത്രിസഭയില്‍ മരണവീട്ടിലെ ശ്മശാന മൂകതയാണ്. പാഷാണം വര്‍ക്കിയെപോലെയാണ് ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിക്കുന്നത്. ലുലുമാളിനെ വീണ്ടും അനുകൂലിച്ച വി.എസ് ചട്ടവിരുദ്ധമായല്ല മാള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. അഞ്ചു വര്‍ഷം മുന്‍പ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തവര്‍ ഇപ്പോള്‍ വിമര്‍ശനവുമായി വന്നിരിക്കുകയാണ്. പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ ഉന്നയിക്കുന്നതില്‍ തെറ്റില്ല. അത് ചര്‍ച്ച ചെയ്യണം. ലോറന്‍സ് പഠിക്കാന്‍ പറഞ്ഞ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാം.

ബോള്‍ഗാട്ടിയില്‍ നാലായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി ഉപേക്ഷിക്കാന്‍ പാടില്ലെന്നാണ് തന്റെ പക്ഷം. ബോള്‍ഗാട്ടിയില്‍ ഭൂമിക്ക് വേണ്ടി പോര്‍ട്ട് ട്രസ്റ്റ് ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ ഏറ്റവും ഉയര്‍ന്ന തുക നല്‍കിയാണ് യൂസഫലി അത് വാങ്ങിയത്. അതില്‍ ആക്ഷേപം ഉന്നയിക്കേണ്ട സാഹചര്യമില്ല. എന്നാല്‍ ആറന്മുളയിലെ സ്ഥിതി മറിച്ചാണ്. അവിടെ തൊഴില്‍ സാധ്യതയല്ല, പമ്പാനദിയുടെ തീരത്തെ കൃഷി ഭൂമി ഇല്ലാതാക്കുകയാണ്. താന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. തനിക്ക് ലഭിച്ച അപേക്ഷ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് കൈമാറുകയായിരുന്നുവെന്നും വി.എസ് വ്യക്തമാക്കി. തിരുവനന്തപുരം പ്രസ് ക്ലബിന്റെ 'മീറ്റ് ദ പ്രസില്‍' സംസാരിക്കുകയായിരുന്നു വി.എസ്.

സംസ്ഥാനത്ത് വികസന പദ്ധതികള്‍ ഒന്നും നടപ്പാകുന്നില്ല. പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം അനന്തമായി നീളുകയാണ്. സമകാലിന രാഷ്ട്രീയത്തില്‍ കേരളയാത്രയുടെ തുടക്കത്തില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞപോലെ കോണ്‍ഗ്രസ് രാഷ്ട്രീയ മാറ്റങ്ങള്‍ നടക്കുകയാണ്. വര്‍ഗീയ ശക്തികള്‍ സര്‍ക്കാരില്‍ വന്‍ സ്വാധീന ശക്തികളായി മാറി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നയം മാറ്റി. വര്‍ഷങ്ങളായി നാരായണപ്പണിക്കര്‍ പിന്തുടര്‍ന്നു വന്ന സമദൂര സിദ്ധാന്തത്തില്‍ സുകുമാരന്‍ നായര്‍ മാറ്റംവരുത്തി യുഡിഎഫിലേക്കുള്ള ശരിദൂരമാക്കി. ആ ശരിദൂരത്തെ ഉമ്മന്‍ ചാണ്ടി ശരിക്കും വിനിയോഗിച്ചുവെന്നും വി.എസ് കുറ്റപ്പെടുത്തി.

സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച സ്ഥിതിവിശേഷം മാറ്റിയെടുക്കാനാണ് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് മതനിരപേക്ഷതയ്ക്ക് ആഹ്വാനം ചെയ്തത്. ഇത് ശിഥിലമാക്കുന്ന നടപടികളാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയക്കാര്‍ മതത്തെ കൂട്ടുപിടിച്ചു. ഉമ്മന്‍ ചാണ്ടി ഇത്തരക്കാരെ തരാതരം കൈകാര്യം ചെയ്തു. പാഷാണം വര്‍ക്കിയെപോലെയാണ് ഉമ്മന്‍ ചാണ്ടി പെരുമാറുന്നത്.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും യോജിച്ച് വളര്‍ത്തിക്കൊണ്ട് വന്നവര്‍ക്കെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നു. കോണ്‍ഗ്രസ് നേതാക്കളെയും കെപിസിസി പ്രസിഡന്റിനെയും പേരെടുത്ത് പറഞ്ഞ് അവഹേളിക്കുന്നു. മറുപടി പറയാന്‍ കോണ്‍ഗ്രസ് ഭയക്കുകയാണ്. നാലു വര്‍ഷം പൂര്‍ത്തിയാക്കിയ യുപിഎ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കിടക്കുന്നു. കേസുകള്‍ അന്വേഷിക്കുന്ന സിബിഐയ്ക്ക് വിലങ്ങിടുന്നു. സിബിഐ സ്വതന്ത്രമായിരുന്നെങ്കില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഴിക്കുള്ളിലാകുമായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ നിഗമനമെന്നും വി.എസ് പറഞ്ഞു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.