Latest News

ദുബൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് കണ്ണൂര്‍ സ്വദേശികള്‍ മുങ്ങിമരിച്ചു

ദുബൈ: ജുമൈറയിലെ കടല്‍തീരത്ത് അവധി ദിവസം ചെലവഴിക്കാനെത്തിയ കണ്ണൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കണ്ണാടിപ്പറമ്പ് ചിറയില്‍ വീട്ടില്‍ ജനാര്‍ദനന്‍െറ മകന്‍ സി.റിജേഷ് (31), പയ്യന്നൂര്‍ സുനില്‍ കോട്ടേജില്‍ ചന്ദ്രന്‍ ചേലേരിയുടെ മകന്‍ സി.പി. ഷിനില്‍ (25) എന്നിവരാണ് മരിച്ചത്. 

വെള്ളിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളായ അഞ്ച് പേര്‍ കടലില്‍ കുളിക്കാനെത്തിയതായിരുന്നു. കടലില്‍ കുളിക്കുന്നതിനിടെ റിജേഷും ഷിനിലും തിരമാലയില്‍ പെട്ട് മുങ്ങിപ്പോകുകയായിരുന്നു. റിജേഷിനെ കടലില്‍ കുളിച്ചിരുന്നവര്‍ രക്ഷിച്ച് കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിനിലിന്‍െറ മൃതദേഹം ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് കണ്ടെത്തിയത്.
അല്‍ റിയാമി ട്രേഡിങ് ആന്‍ഡ് എന്‍റര്‍പ്രൈസസിലെ ജീവനക്കാരും സുഹൃത്തുക്കളുമായ റിജേഷ്, ഷിനില്‍, വിജേഷ്, അജേഷ്, സിജില്‍ എന്നിവര്‍ വാരാന്ത്യ അവധി ദിനം ചെലവഴിക്കാനാണ് ബീച്ചിലെത്തിയത്. അഞ്ച് പേരും കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയില്‍പെടുകയായിരുന്നു. വിജേഷ്, അജേഷ്, സിജില്‍ എന്നിവര്‍ ഉടന്‍ നീന്തി കരക്കെത്തി. റിജേഷിനെയും ഷിനിലിനെയും തൊട്ടടുത്ത് കുളിച്ചുകൊണ്ടിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചു. റിജേഷിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും വെള്ളം കുടിച്ച് അവശനായിരുന്നു. പ്രാഥമിക ചികില്‍സ നല്‍കി ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 

ഷിനിലിനായി വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയും തുടര്‍ന്ന തെരച്ചിലിനൊടുവില്‍ ശനിയാഴ്ച വൈകുന്നേരം ആറരയോടെ മൃതദേഹം കണ്ടെത്തി. തിരമാലകള്‍ കാലിനടിയിലെ മണല്‍ വലിച്ചുകൊണ്ടുപോയതാണ് അപകടകാരണമെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു.
റിജേഷ് ആറ് വര്‍ഷമായി അല്‍ റയാമി ട്രേഡിങ് ആന്‍ഡ് എന്‍റര്‍പ്രൈസസില്‍ ജോലി ചെയ്യുന്നു. കറാമയിലെ പെയിന്‍റ് കടയിലായിരുന്നു ജോലി. ഉഷയാണ് മാതാവ്. ഭാര്യ: മിലി. അബൂദബിയില്‍ ജോലി ചെയ്യുന്ന റിഷേവാണ് സഹോദരന്‍. 

നാല് വര്‍ഷമായി അല്‍ റയാമി കെട്ടിട മെയിന്‍റനന്‍സ് കമ്പനില്‍ അക്കൗണ്ടന്‍റാണ് ഷിനില്‍. ഷൈലജയാണ് മാതാവ്. ഒരു സഹോദരിയുണ്ട്. മലയാളികള്‍ അപകടത്തില്‍പെടുന്നതിന് തൊട്ടുമുമ്പ് ഇതേ സ്ഥലത്ത് കുളിക്കുകയായിരുന്ന രണ്ട് സ്ത്രീകളും തിരമാലകളില്‍പെട്ടെങ്കിലും അവരെ രക്ഷപ്പെടുത്തി.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.