Latest News

മരുഭൂമിയിലെ മക്കളെ കാണാന്‍ 9 അമ്മമാര്‍ ദുബൈയില്‍


ദുബൈ: അവര്‍ ഒമ്പത് പേരില്‍ പലരും മക്കളെ കണ്ടിട്ട് വര്‍ഷങ്ങളായിരുന്നു. മക്കളെ കാണണമെന്ന് അതിയായ മോഹമുണ്ടെങ്കിലും സാധിച്ചിരുന്നില്ല. ജീവിത പ്രയാസങ്ങള്‍ തീര്‍ക്കുന്ന തിരക്കിനിടക്ക് മക്കള്‍ക്ക് നാട്ടില്‍ പോകാനും കഴിഞ്ഞില്ല. കുറഞ്ഞ ശമ്പളവും മറ്റ് പ്രശ്നങ്ങളും കാരണം മാതാപിതാക്കളെ ദുബൈയില്‍ എത്തിക്കാനും സാധിച്ചില്ല.

മാതാക്കളില്‍ പലരും ഒരിക്കലും ദുബൈ കാണാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നില്ല. എന്നാല്‍, തീര്‍ത്തും അവിചാരിതമായി ഇവര്‍ക്ക് ദുബൈയിലെത്താനും മക്കളെ കാണാനും സാധിച്ചു. യു.എ.ഇയിലെ പ്രമുഖ റേഡിയോ സ്റ്റേഷനായ ഹിറ്റ് 96.7 എഫ്.എം ആണ് ഇതിന് അവസരം ഒരുക്കിയത്. ‘ഫോര്‍ യു മം’ എന്ന പരിപാടിയിലൂടെയാണ് ഒമ്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഹിറ്റ് എഫ്.എം ഒമ്പത് മലയാളികളായ പ്രവാസികളുടെ അമ്മമാരെ ദുബൈയിലെത്തിച്ചത്. 

വിമാന ടിക്കറ്റും ഭക്ഷണവും ഹോട്ടല്‍ താമസവും തുടങ്ങി എല്ലാ ചെലവുകളും വഹിച്ചാണ് ഒമ്പത് അമ്മമാര്‍ക്ക് അടക്കം 18 പേര്‍ക്ക് ദുബൈയില്‍ ഒരാഴ്ച തങ്ങാനും മക്കളെ കാണാനും അവസരം ഒരുക്കിയത്. ദുബൈയുടെ വിസ്മയമായ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയും ആഡംബര ബോട്ട് യാത്രയും എല്ലാം ഇവര്‍ക്ക് ഒരുക്കിയിട്ടുണ്ട്. 

ശ്രോതാക്കള്‍ അയച്ച എസ്.എം.എസുകളും ഇ- മെയിലും പരിശോധിച്ചാണ് ഒമ്പത് പേരെ തെരഞ്ഞെടുത്തതെന്ന് റേഡിയോ സ്റ്റേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. അമ്മമാര്‍ക്കൊപ്പം അച്ഛന്‍മാരും സഹോദരിയും ഭാര്യയും അടക്കം 18 പേരെയാണ് ദുബൈയിലെത്തിച്ചത്. രമണി (തൃശൂര്‍), റംലത്ത് (പയ്യന്നൂര്‍), സുലേഖ (മതിലകം), നബീസ (ചങ്ങരംകുളം), സൈദ (നാദാപുരം), ഉമ്മാത്തു (പാലക്കാട് പടിഞ്ഞാറങ്ങാടി), ഫാത്തിമ (കാസര്‍കോട്) എന്നിവരാണിവര്‍. 

കൂടെ വന്ന ആസ്യ ഉമ്മ അസുഖമായി കിടക്കുന്ന മകന്‍ ഷാജഹാനൊപ്പം അബൂദബിയില്‍ ആശുപത്രിയില്‍ നില്‍ക്കുകയാണ്. അസ്ഥികള്‍ പൊടിയുന്ന രോഗം ബാധിച്ച് അബൂദബിയിലെ ആശുപത്രിയില്‍ കഴിയുന്ന മകന്‍ ഷാനവാസിനൊപ്പമാണ് ആസ്യ ഉമ്മയുള്ളത്. 

ഇവര്‍ക്കൊപ്പം ഷാനവാസിന്‍െറ സഹോദരിയും എത്തിയിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളാണിവര്‍. മകനൊപ്പം നില്‍ക്കാന്‍ ആസ്യ ഉമ്മക്ക് 10 ദിവസം കൂടി ടിക്കറ്റ് നീട്ടി നല്‍കിയതായി ഹിറ്റ് എഫ്.എമ്മിലെ മിഥുന്‍ പറഞ്ഞു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.