Latest News

മലപ്പുറത്തിന്റെ കുഞ്ഞു ബാദുഷ; പാട്ടിലെ 'സുല്‍ത്താന്‍'


ദോഹ: അമ്പതോളം കാസറ്റുകളും സീഡികളും പാടി നിറച്ചിട്ടും മാസ്റ്റര്‍ ബാദുഷ സംഗീതപ്രേമികളുടെ മനസ്സില്‍ നിറഞ്ഞത് മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം ചെയ്തുവരുന്ന 'പതിനാലാം രാവ്' എന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയില്‍ പാടിത്തുടങ്ങിയതോടെയാണ്.
ഇന്ന് ബാദുഷയുടെ പാട്ടുകേള്‍ക്കാനായി 'പതിനാലാം രാവ്' മുടങ്ങാതെ കാണുന്നവര്‍ നിരവധിയാണ്. ഗള്‍ഫിലും നാട്ടിലും ആരാധകര്‍ ഏറെ. ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ യൂ ട്യൂബിലും ഫെയ്‌സ്ബുക്കിലും ഈ കൊച്ചുഗായകന്റെ പാട്ടുകള്‍ക്ക് ചുവടെ പ്രശംസയും അനുഗ്രഹവും ചൊരിയുന്നു. മാക് ഖത്തര്‍ വെളളിയാഴ്ച സംഘടിപ്പിച്ച 'മൈലാഞ്ചി രാവ്' കലാനിശയിലൂടെ ഇതാദ്യമായി ഗള്‍ഫിലും ബാദുഷയുടെ സംഗീത പരിപാടിക്ക് വേദിയൊരുങ്ങി.
'പതിനാലാം രാവി'ലൂടെ വളരെ പെട്ടെന്നാണ് ബാദുഷ പ്രേക്ഷക മനസ്സുകളില്‍ ഇടംപിടിച്ചത്. പാടിയ പാട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. വിധികര്‍ത്താക്കള്‍ ഭാവിയുടെ വാഗ്ദാനം എന്ന് വിശേഷിപ്പിച്ചു. കഴിഞ്ഞ് മൂന്ന് റൗണ്ടുകളിലും ടോപ് സ്‌കോററാണ് ബാദുഷ. 'മസ്ജിദുല്‍ ഹറം കാണാന്‍', 'എഴുതിടാം ഞാന്‍ അസ്സലാമു അലൈക്കുമോതി', 'പുന്നാര മെഹമൂദിന്‍ പൂമണിമോളുടെ കാനോത്ത്', 'മസ്ജിദുല്‍ ഹറമിന്റെ പടിവാതിലില്‍ ഞാന്‍'...പാടിയ ഓരോ പാട്ടും ബാദുഷയെ പ്രേക്ഷകരുടെ ഇഷ്ട ഗായകനാക്കി.
മലപ്പുറം ജില്ലയില്‍ മഞ്ചേരി മുള്ളമ്പാറ സ്വദേശിയാണ് ബാദുഷ. മുള്ളമ്പാറ എ.എം.യു.പി സ്‌കൂളിലെ ഏഴാം ക്‌ളാസില്‍ നിന്ന് ഇനി മലപ്പുറം എം.എം.ഇ.ടി സ്‌കൂളിലെ എട്ടാം ക്‌ളാസിലേക്ക്. മുഹമ്മദ് മുസ്തഫനസീറ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമന്‍.
ഓട്ടോറിക്ഷ െ്രെഡവറാണ് പിതാവ്. മാതാവ് നസീറ അത്യാവശ്യം പാടുമെന്നതാണ് ബാദുഷയുടെ കുടുംബത്തിന് സംഗീതവുമായുള്ള ഏക ബന്ധം. കുഞ്ഞുനാളില്‍ തന്നെ ബാദുഷ സ്‌റ്റേജുകളില്‍ പാടിത്തുടങ്ങി. കൂടുതലും മാപ്പിളപ്പാട്ടുകളും അറബി ഗാനങ്ങളും. അഞ്ച് വര്‍ഷമായി സംഗീതം അഭ്യസിക്കുന്നു. ശാസ്ത്രീയ സംഗീതത്തില്‍ നിസാര്‍ തൊടുപുഴയും മാപ്പിളപ്പാട്ടില്‍ ഹനീഫ മുടിക്കോടുമാണ് ഗുരുക്കന്‍മാര്‍. അറിയപ്പെടുന്നൊരു പാട്ടുകാരനാകുക. അതാണ് ഈ കൊച്ചുകലാകാരന്റെ മോഹം. മാതാപിതാക്കളുടെ പ്രോല്‍സാഹനവും സ്‌കൂളില്‍ നിന്നും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന പിന്തുണയുമാണ് ബാദുഷയിലെ പാട്ടുകാരനെ വളര്‍ത്തിയത്.
'പതിനാലാം രാവി'ല്‍ തിളങ്ങാന്‍ അധ്യാപകര്‍ പുത്തനുടുപ്പുകള്‍ സമ്മാനിച്ചു. ഫ്‌ളെക്‌സ്‌ബോര്‍ഡുകളും സ്വീകരണവുമൊരുക്കി നാട്ടുകാര്‍ ബാദുഷയെ നെഞ്ചിലേറ്റി. പാടിയവയില്‍ ബാദുഷക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും വിധികര്‍ത്താക്കളുടെ പ്രശംസ ഏറെ ലഭിച്ചതും 'പുന്നാര മെഹമൂദിന്‍' എന്ന പാട്ടാണ്. ഇഷ്ടഗായകര്‍ കണ്ണൂര്‍ ഷെരീഫും ചിത്രയും. സിനിമാ സംഗീതത്തിലും ബാദുഷക്ക് താല്‍പര്യമുണ്ട്. ജില്ലാതല കലോല്‍സവങ്ങളില്‍ നിരവധി തവണ പുരസ്‌കാരങ്ങള്‍ നേടിയ ഈ ബാലനെ മാപ്പിളപ്പാട്ടു രംഗത്ത് നാളെയുടെ 'ബാദുഷ'യായി ഈ രംഗത്തെ പ്രമുഖര്‍ വിലയിരുത്തുന്നു.
ഗുരു ഹനീഫ മുടിക്കോടിനൊപ്പമാണ് ബാദുഷ ദോഹയിലെത്തിയത്.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram Ne

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.